'ഇവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനാണ്'; വധുവിനെ ഇറക്കി വിടാൻ നേരത്ത് ട്രാൻസ്‌ജെൻഡറുകളുടെ വെളിപ്പെടുത്തൽ; വായടപ്പിക്കാൻ വരന്റെ വീട്ടുകാർ കൊടുത്തത് 23,000 രൂപ; കള്ളക്കളി പൊളിഞ്ഞപ്പോൾ വൈദ്യപരിശോധനയിൽ നിന്ന് മുങ്ങി വരൻ; ആ വിവാഹം മുടങ്ങിയത് ഇങ്ങനെ
ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ, വിവാഹച്ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ വരൻ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് വധുവിന്റെ വീട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് വിവാഹം നിർത്തിവെച്ചു. പുലർച്ചെയുണ്ടായ നാടകീയ സംഭവങ്ങൾക്കൊടുവിൽ, വിവാഹം വേണ്ടെന്ന് വെച്ച് വരനും സംഘവും വധുവില്ലാതെ ഗ്രാമത്തിലേക്ക് മടങ്ങി. കാദിപൂർ സ്വദേശിയായ യുവതിയും പുർ ഗനായി ഗ്രാമത്തിലെ 22 വയസ്സുകാരനായ റിഷുവും തമ്മിലുള്ള വിവാഹം ആറ് മാസം മുമ്പാണ് നിശ്ചയിച്ചത്.
ഫെബ്രുവരി 13-ന് സംഗീതവും നൃത്തവുമെല്ലാമായി പരമ്പരാഗത ചടങ്ങുകളോടെ വരന്റെ ഘോഷയാത്ര വധുവിന്റെ വീട്ടിലെത്തി. വിവാഹച്ചടങ്ങുകളും ഭക്ഷണവും കഴിഞ്ഞ് അതിഥികൾ പിരിഞ്ഞുപോയതിന് ശേഷം പുലർച്ചെ നാല് മണിയോടെ വധുവിനെ വരന്റെ വീട്ടിലേക്ക് യാത്രയയക്കുന്ന 'വിദായ്' ചടങ്ങിനിടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഈ സമയം സമ്മാനങ്ങൾ ശേഖരിക്കാനായി വധുവിന്റെ വീട്ടിലെത്തിയ കാദിപൂരിൽ നിന്നുള്ള ഒരു സംഘം ട്രാൻസ്‌ജെൻഡർ വ്യക്തികൾ വരനെ തിരിച്ചറിയുകയായിരുന്നു.
തങ്ങളുടെ പഴയ സംഘാംഗമായിരുന്നു വരൻ എന്നും, വരന്റെ സ്വത്വം വെളിപ്പെടുത്താതിരിക്കാൻ കുടുംബം തങ്ങൾക്ക് 23,000 രൂപ നൽകിയിരുന്നതായും അവർ ആരോപിച്ചു. ഈ വെളിപ്പെടുത്തലോടെ വധുവിന്റെ വീട്ടുകാർ അസ്വസ്ഥരാവുകയും വിവാഹം തുടരുന്നതിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയും ചെയ്തു. വരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും വരൻ ഇതിന് തയ്യാറായില്ല.
ഇത് രോഷം വർദ്ധിപ്പിക്കുകയും പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ, വിവാഹത്തിനായി ചെലവഴിച്ച തുക തിരികെ നൽകാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു. തുടർന്ന്, വരനും കുടുംബവും വധുവില്ലാതെ വീട്ടിലേക്ക് മടങ്ങി. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.