പത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടിയുലയുകയാണ് സാര്‍; മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള നീക്കം പാളുന്നു; എല്ലായിടത്തും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്
പത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടി ഉലയുന്നു
പത്തനംതിട്ട: ജില്ലയില്‍ സിപിഎം എന്ന കപ്പല്‍ ആടി ഉലയുന്നു. വീണ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണെന്നാണ് വിവിധ ഘടകങ്ങളിലെ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യക്തമാകുന്നത്. ഇലന്തൂരില്‍ ലോക്കല്‍ കമ്മറ്റി അംഗം പി.ജെ. ജോണ്‍സണ്‍, ഇരവിപേരൂരില്‍ ഏരിയ കമ്മറ്റി അംഗം എന്‍. രാജീവ്, ഓതറയില്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളായ രാഹുല്‍രാജ്, സുധീഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നത്. ഇതൂ കൂടാതെ പോസ്റ്റ് ലൈക്ക് ചെയ്തവരോട് വിശദീകരണം ചോദിക്കണം എന്നായിരുന്നു തീരുമാനം. ജൂലൈ 11 ന് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി കൂടിയെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. മുന്‍കാല സംഭവങ്ങളില്‍ ഏരിയ കമ്മിറ്റി എടുത്ത അച്ചടക്ക നടപടി എന്തായി എന്ന മറു ചോദ്യത്തിന് ഉത്തരം മുട്ടിയതോടെ വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു.
ഓതറ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുധീഷിനും രാഹുല്‍ രാജിനുമെതിരെ നടപടി എടുക്കാന്‍ ജില്ലാ കമ്മിറ്റി അംഗം പി സി സുരേഷിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു. സുരേഷും നിലവിലെ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള അനില്‍കുമാറും വീണ ജോര്‍ജിനെ പരസ്യമായി വിമര്‍ശിച്ച മുന്‍ സംഭവങ്ങളില്‍ നടപടി എടുത്തിട്ട് മതി ഇപ്പോഴത്തെ സംഭവത്തില്‍ നടപടി എന്നായിരുന്നു ഇവരുടെ വാദം. പാര്‍ട്ടി അംഗം അത്യാഹിതത്തില്‍ മരണപ്പെട്ടിട്ടും അവിടം സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്ന വീണ ജോര്‍ജ്ജിനെ കുമ്പിടേണ്ട കാര്യമില്ലെന്നായിരുന്നു ഇവരുടെ വാദം.
വിമര്‍ശനങ്ങള്‍ സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് ഉയര്‍ത്തുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. വിമര്‍ശനത്തെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാണണം എന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായമാണ് തങ്ങള്‍ക്കും ഉള്ളതെന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. അംഗങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതോടെ യോഗത്തില്‍ നിന്ന് പി.സി സുരേഷ് ഇറങ്ങിപ്പോയെങ്കിലും പിന്നീട് മടങ്ങിയെത്തി ഏരിയ കമ്മിറ്റിക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതത് പാര്‍ട്ടി ഘടകം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശത്തിന് വിരുദ്ധമാണിതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
പാര്‍ട്ടി ഏരിയ കമ്മറ്റി അംഗമായ സിഡബ്ല്യൂസി ചെയര്‍മാനെ സസ്പെന്‍ഡ് ചെയ്തതാണ് വീണ ജോര്‍ജിനെതിരെ ഇപ്പോഴുണ്ടായിരിക്കുന്ന എതിര്‍പ്പിന് ഒരു കാരണമായി പറയുന്നത്. പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് മറച്ച് വച്ചാണ് പരാതി ചൂണ്ടിക്കാട്ടിയ സിഡബ്ലുസി ചെയര്‍മാനെതിരെ നടപടി ഉണ്ടായത്. ഇക്കാര്യത്തില്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയതായി പാര്‍ട്ടി അംഗങ്ങള്‍ തന്നെ പാര്‍ട്ടി മേല്‍ഘടകത്തില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍. രാജീവ് മുഖ്യ മന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഡിഐജി അജിതാ ബീഗം നടത്തിയ അന്വേഷണത്തില്‍ ജില്ലാ പൊലീസ് മേധാവി സ്ഥാപിത താല്‍പ്പര്യത്തോടെ നടത്തിയ ഇടപെടലുകളാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സിഡബ്ല്യുസി ചെയര്‍മാനെയും സസ്പെന്‍ഡ് ചെയ്യുന്നതില്‍ കലാശിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാവാതിരുന്നതോടെയാണ് പരസ്യ വിമര്‍ശനവുമായി പാര്‍ട്ടി അംഗങ്ങള്‍ രംഗത്ത് വന്നത്.
പത്തനംതിട്ടയില്‍ നഗരസഭ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി. സക്കീര്‍ഹുസൈന്‍, നഗരസഭ കൗണ്‍സിലര്‍ ആര്‍. സാബു എന്നിവരെ അടക്കം വധശ്രമക്കേസില്‍ ജാമ്യമില്ലാ വകുപ്പിട്ട് പ്രതികളാക്കിയിരുന്നു. സാബുവിനെയും ലോക്കല്‍ കമ്മറ്റി അംഗം നവീനെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യാന്‍ ഡിവൈ.എസ്.പിയായിരുന്ന എസ്. അഷാദ് ശ്രമം നടത്തി. പാര്‍ട്ടി നീക്കം തടഞ്ഞതോടെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്ത് സാബുവിനെയും നവീനെയും വിട്ടയച്ചു. കോടതിയില്‍ നല്‍കിയ പ്രതിപ്പട്ടികയില്‍ നിന്ന് ചെയര്‍മാന്‍ അടക്കമുള്ളവരെ ഒഴിവാക്കുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച ഡിവൈ.എസ്.പിയെ മലപ്പുറത്തേക്ക് തെറിപ്പിച്ചു.