1985ലെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ശേഷം വേറിട്ട രീതി സ്വീകരിച്ച പ്രസിഡന്റ്; രണ്ട് ദശാബ്ദത്തിനിടെ ജനകീയ വിജയം നേടി പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ റിപ്പബ്ലിക്കന്‍; ഇരുപത് വര്‍ഷത്തെ ചരിത്രം തിരുത്തി ഡൊണാള്‍ഡ് ട്രംപ്; ട്രംപ് 2.0 തുടങ്ങുമ്പോള്‍
ട്രംപ് 2.0 തുടങ്ങുമ്പോള്‍
വാഷിങ്ടണ്‍: അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. ഒട്ടനവധി പ്രത്യേകതകളോടെയാണ് ട്രംപ് 2.0 ന് തുടക്കമാകുന്നത്. തെരെഞ്ഞെടുപ്പ് മുതല്‍ സ്ഥാനാരോഹണം വരെ നീളുന്ന പ്രക്രിയകളിലൊക്കെ ഈ വ്യത്യസ്തതകളും ചരിത്രത്തിന്റെ ആവര്‍ത്തനവും കാണാം.
വ്യത്യസ്തതകളും ചരിത്രത്തിന്റെ ആവര്‍ത്തനങ്ങളും
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്തുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്നത് 132 വര്‍ഷം മുന്‍പത്തെ ചരിത്രമാണ്. രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏറെയുണ്ടെങ്കിലും ഒരിക്കല്‍ പ്രസിഡന്റാകുകയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്ത് ഒരു ഇടവേളയ്ക്ക് ശേഷം പ്രസിഡന്റായവര്‍ അമേരിക്കന്‍ ചരിത്രത്തില്‍ അധികമില്ല. ട്രംപിന് മുന്‍പ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഒരാളേയുള്ളു. അതും 19-ാം നൂറ്റാണ്ടില്‍.അമേരിക്കയുടെ 22-ാമതും 24-ാമതും പ്രസിഡന്റായിരുന്ന ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ് ആണ് ആ വ്യക്തി. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയുമാണ് അദ്ദേഹം പ്രസിഡന്റായത്. ഇതു കൂടാതെ മറ്റ് ചില അപൂര്‍വ്വതകള്‍ക്ക് കൂടി ഉടമയാണ് ക്ലീവ്‌ലാന്‍ഡ്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് 2024ലെ തെരഞ്ഞെടുപ്പിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ട്രംപ്
ഇനി മറ്റൊന്ന് രണ്ട് ദശാബ്ദത്തിനിടെ തെരഞ്ഞടുപ്പില്‍ ജനകീയ വോട്ടുകള്‍ നേടി വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. 2004ല്‍ ജോര്‍ജ് ഡബ്ല്യു.ബുഷ് ആയിരുന്നു ഇതിനു മുന്‍പ് ജനകീയ വോട്ടുകള്‍ നേടിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 62,040,610 വോട്ടുകളും 286 ഇലക്ടറല്‍ വോട്ടുകളും സ്വന്തമാക്കിയാണ് ബുഷ് വൈറ്റ് ഹൗസിലെത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ കെറി അന്ന് നേടിയത് 59,028,444 ജനകീയ വോട്ടുകളും 251 ഇലക്ടറല്‍ വോട്ടുകളുമാണ്.കഴിഞ്ഞ 20 വര്‍ഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍, 69,498,516 (52.9%) ജനകീയ വോട്ടുകളുമായി 2008ല്‍ ബറാക് ഒബാമയാണ് അന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ നേടിയത്. 365 ഇലക്ടറല്‍ വോട്ടുകളും ഒബാമ നേടിയിരുന്നു. എന്നാല്‍ 2012ല്‍ നടന്ന തിരിഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു.തന്റെ ആദ്യ ടേമില്‍ ട്രംപിന് ജനകീയ വോട്ടുകളില്‍ കുറവ് നേരിട്ടിരുന്നു.ആ പോരായ്മ കൂടി പരിഹരിച്ചാണ് ട്രംപ് തന്റെ രണ്ടാമൂഴത്തിനെത്തിയത്.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്നാല്‍ അവിടെയും കാണാം ചരിത്രത്തിന്റെ അപൂര്‍വ്വ ആവര്‍ത്തനം. കാലാവസ്ഥ കണക്കിലെടുത്ത് ക്യാപിറ്റോള്‍ മന്ദിരത്തിനകത്തായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍.വാഷിംഗ്ടണില്‍ ആര്‍ക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു അസാധാരണ നടപടി. തിങ്കളാഴ്ച്ച വാഷിംഗ്ടണില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് പ്രവചിച്ചത്. ഈ സാഹചര്യത്തിലാണ് അസാധരണ നടപടിയെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.40 വര്‍ഷങ്ങള്‍ക്കുമുമ്പ് 1985ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അവസാനമായി അതിശൈത്യം കാരണം ഉദ്ഘാടനം കെട്ടിടത്തിനുള്ളില്‍ നടത്തിയത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു നടപടി അമേരിക്കയുടെ ചരിത്രത്തില്‍ ഉണ്ടാകുന്നത്.
വിദേശ കുടിയേറ്റം മുതല്‍ കായിക താരങ്ങളുടെ വിലക്ക് വരെ! ട്രംപ് 2.0 തുടങ്ങുമ്പോള്‍..
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോല്‍വി സമ്മതിക്കാതെ ഇറങ്ങിപ്പോയ ക്യാപിറ്റളിന്റെ പടികളില്‍ ട്രംപിന്റെ രണ്ടാം ഇന്നിങ്സിന് തുടക്കമാകുമ്പോള്‍ ചര്‍ച്ചയില്‍ നിറയുന്നത് നിരവധി വിഷയങ്ങളാണ്. പ്രചാരണ പരിപാടികള്‍ തൊട്ട് ഇങ്ങോട്ട് ഒരോ തവണ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും അദ്ദേഹം ആവര്‍ത്തിച്ചത് വിദേശ കുടിയേറ്റം മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങള്‍ക്കുള്ള നിയന്ത്രണം വരെയാണ്. ട്രംപിന്റെ രണ്ടാം അധ്യായത്തിന് തുടക്കമാകുമ്പോള്‍ ആദ്യം ചര്‍ച്ചയില്‍ നിറയുന്നത് വിദേശ കുടിയേറ്റം തന്നെ.
ഇമിഗ്രേഷന്‍ നയങ്ങളിലെ പ്രഖ്യാപനം
കുടിയേറ്റത്തെ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്നത് തന്നെയാണ് സൂചന. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ആദ്യ ദിവസം തന്നെ വിദേശികളുടെ മേല്‍ കടിഞ്ഞാണിടുമെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് കൂട്ട നാടുകടത്തല്‍ പരിപാടി ആരംഭിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയത്. കുറ്റവാളികളെ കണ്ടെത്തുകയാണ് പിന്നിലെ ലക്ഷ്യമെന്നാണ് വിശദീകരണം.അമേരിക്കന്‍ സ്ഥാനോഹരണത്തിന് മുന്നേയുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ ഇക്കാര്യം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
നാളെ സൂര്യന്‍ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാന്‍ പോകുന്നു. യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ആളുകളെ കുടിയൊഴിപ്പിക്കാന്‍ പോവുകയാണ്.ഇതിന് കുറച്ചധികം സമയമെടുക്കുകയും വലിയ ചിലവുകള്‍ ഉണ്ടാവുകയും ചെയ്യും.നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഓരോ പ്രതിസന്ധികളെയും ചരിത്ര വേഗത്തില്‍ ഞാന്‍ പരിഹരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ഈ വാഗ്ദാനം വലിയ വെല്ലുവിളി നിറഞ്ഞതാണെന്നും രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നുമാണ് ഇമിഗ്രേഷന്‍ വക്താക്കള്‍ വാദിക്കുന്നത്.
വിവാദമാകുന്ന എല്‍ജിബിടിക്യു സമീപനം
മറ്റൊരു പ്രധാന വാഗ്ദാനമായിരുന്നു ഇക്കഴിഞ്ഞ ഒളിമ്പിക്സില്‍ വരെ ചര്‍ച്ചയായ ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങളെ വനിത കായിക ഇനത്തില്‍ നിന്നും വിലക്കുന്ന നടപടി.ഈ നിലപാടും ഇതിനോടകം വിവാദമായിക്കഴിഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ പുരുഷന്‍മാരായി പരാമര്‍ശിക്കുകയും സ്ത്രീകളുടെ കായികരംഗത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് വിലക്കുമെന്നുമാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്‍ജിബിടിക്യു സമൂഹത്തോട് ഒരിക്കലും അനുകൂല സമീപനം സ്വീകരിച്ചയാളായിരുന്നില്ല ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് എല്‍ജിബിടിക്യു വ്യക്തികളെ നിരോധിക്കാന്‍ ആദ്യ ടേമില്‍ ട്രംപ് ഉത്തരവിട്ടു. പിന്നീട് നിലവില്‍ സേവനത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികര്‍ക്ക് തുടരാന്‍ അനുവാദം നല്‍കിയെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ റിക്രൂട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും വിലക്കി. ലിംഗമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ചികിത്സാ സഹായത്തിന് നിയന്ത്രണവും കൊണ്ടുവന്നേക്കും.
അബോര്‍ഷന്‍ അവകാശങ്ങള്‍
ഭരണഘടനാ അവകാശമായിരുന്ന അബോര്‍ഷനില്‍ റോ വേഴ്‌സസ് വെയ്ഡ് കേസിലെ സുപ്രീം കോടതി വിധിയോടെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന സ്ഥിതി വന്നു. ഇതോടെ റിപ്പബ്ലിക്കന്‍ ഭരണത്തിലുണ്ടായിരുന്ന സ്റ്റേറ്റുകള്‍ പലതും അബോര്‍ഷന്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. വിധിയെ ട്രംപ് സ്വാഗതം ചെയ്യുകയായിരുന്നു. പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും അബോര്‍ഷന്‍ നിരോധനത്തിനോട് അനുകൂല നിലപാടുള്ള നേതാവാണ് ട്രംപ്
ഇറക്കുമതിയിലെ പ്രഖ്യാപനം
ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്‌സികോ, കാനഡ എന്നിവര്‍ക്കുപോലും ഇളവുകള്‍ ഉണ്ടാകില്ലെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ നീക്കം സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ഇതിനോടകം തന്നെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.ഇത്തരം താരിഫുകള്‍ യുഎസ് സമ്പദ്വ്യവസ്ഥയില്‍ കടുത്തതും ദോഷകരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കന്‍ വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കല്‍,രാജ്യത്ത് എണ്ണഖനനം പ്രോത്സാഹിപ്പിച്ച് എണ്ണ ഉത്പാദനം വര്‍ധിപ്പിക്കല്‍, റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടല്‍,ക്യാപിറ്റല്‍ ഹില്‍ കലാപാകാരികളോടുള്ള ക്ഷമിക്കല്‍,ടിക് ടോകിനെ മുന്‍നിര്‍ത്തി തദ്ദേശിയ വ്യവസായത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ ലോകം തന്നെ ഉറ്റുനോക്കുന്ന നിരവധി വാഗ്ദാനങ്ങള്‍ ട്രംപ് മുന്നോട്ട വച്ചിട്ടുണ്ട്. ഈ വാഗ്ദാനങ്ങളില്‍ ഏതാണ് അദ്ദേഹം മുന്‍ഗണന നല്‍കുകയെന്നും അവ എങ്ങനെ നടപ്പാക്കുമെന്നും ഇതുവരെ ഉറപ്പായിട്ടില്ല. അതേസമയം ട്രംപ് എടുക്കുന്ന തീരുമാനങ്ങള്‍ അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.