യുകെ വിസ തട്ടിപ്പില്‍ സിബിഐ കേസില്‍ മൂന്നു പേര്‍ക്ക് കൊച്ചി കോടതി നല്‍കിയത് അഞ്ചു വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും; ചതിയന്മാരുടെ കെണിയില്‍ വീണ പതിനായിരങ്ങള്‍ ഇനിയെങ്കിലും കേസിന് ഇറങ്ങുമോ എന്ന ചോദ്യം ഉയരുമ്പോള്‍ യുകെയിലും വിസ ലോബിയുടെ നെഞ്ചിടിപ്പ് കൂടും; ജയിലില്‍ കേറുന്നത് വിസ കച്ചവടത്തിലെ പഴയ കൊമ്പന്‍ സ്രാവെന്നു സൂചന
യുകെ വിസ തട്ടിപ്പില്‍ അഞ്ചു വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും
കവന്‍ട്രി: ഓരോ വിസ തട്ടിപ്പ് കേസ് പുറത്തു വരുമ്പോഴും പരമാവധി രണ്ടാഴ്ച റിമാന്‍ഡില്‍ കഴിയുന്ന എന്ന വാര്‍ത്തകള്‍ക്ക് അന്ത്യമാകുന്നു. യുകെ അടക്കം വിവിധ രാജ്യങ്ങളിലേക്ക് വിസ തട്ടിപ്പ് നടത്തിയ തൊടുപുഴക്കാരന്‍ സെബാസ്റ്റ്യന്‍ ജോണ്‍ - 37, മുന്‍ ഭാര്യ സ്റ്റെഫി മേരി ജോര്‍ജ് - 23, ഭാര്യ മാതാവ് ജോണ്‍സി ജോസഫ് - 46 എന്നിവരടങ്ങിയ കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. വിസ കച്ചവടത്തില്‍ പരാതിയുമായി മുന്നോട്ടു വന്ന 28 പേരില്‍ നിന്നും 29 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ 30.60 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത് നിര്‍ണായകമാകുകയാണ്. ഇതോടെ കനത്ത ശിക്ഷയും ഒപ്പം പിഴയും നല്‍കാന്‍ കഴിയും വിധം വിസ തട്ടിപ്പു കേസുകള്‍ പരിണമിക്കും എന്ന സൂചനയും ശക്തമാകുകയാണ്.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കോടതി വിധി ഉണ്ടായതും എന്നതും നിര്‍ണായകമാണ്. ഇതോടെ കേരള പോലീസ് രെജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ കൂടി ചേര്‍ത്താണ് കേസ് കോടതികളില്‍ എത്തുന്നത് എന്ന സംശയം കൂടി ബലപ്പെടുകയാണ്. എങ്കിലും കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ വിധി ഇതിനകം വിദേശ വിസ തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ അനേകായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമാണ്. കേസില്‍ പണം നഷ്ടമായ 21 പേര്‍ക്കും 1.40 ലക്ഷം രൂപ വീതം നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാണ്. 2011 ആഗസ്റ്റ് ഒന്‍പതിന് സിബിഐ ഏറ്റെടുത്ത ഈ കേസ് നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണു വിധിയാകുന്നത്.
അതിനിടെ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന സെബാസ്റ്റ്യന്‍ ജോണ്‍ ഈ രംഗത്ത് അനേക വര്‍ഷമായി വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയ കൊലകൊമ്പന്‍ ആണെന്ന സൂചനയും ഉയരുന്നുണ്ട്. ഇയാള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരാതികള്‍ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. പൊതുവില്‍ കേരളത്തിലെ മുഖ്യ ധാര മാധ്യമങ്ങള്‍ ഒഴിവാക്കുന്ന ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി തേടി മറുനാടന്‍ മലയാളി വാര്‍ത്ത വിഭാഗം തൊടുപുഴയിലെ പ്രാദേശിക മാധ്യമങ്ങളെ സമീപിച്ചിട്ടുണ്ട്. സാധ്യമായാല്‍ ഇന്ന് തന്നെ സെബാസ്റ്റ്യന്‍ ഉള്‍പ്പെട്ട വിസ റാക്കറ്റിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കാം എന്നാണ് തൊടുപുഴയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇയാളുടെ പങ്കാളികള്‍ ആരൊക്കെ ആയിരുന്നു എന്ന സൂചനകള്‍ കൂടി പുറത്തു വന്നേക്കും.
ദേശീയ അന്വേഷണ ഏജന്‍സികള്‍ അടക്കം വിസ തട്ടിപ് കേസുകളില്‍ സജീവം ആകുന്നത് യുകെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ തട്ടിപ്പുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകമാണ്. എന്നാല്‍ ഈ കേസില്‍ സിബിഐ എത്തിയത് പരാതിക്കാരില്‍ ഒരാള്‍ ധൈര്യസമേതം ഹൈക്കോടതിയില്‍ എത്തിയതോടെയാണ് എന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തില്‍ പഴുതുകള്‍ തിരിച്ചറിഞ്ഞ ഹൈക്കോടതിയാണ് കേസ് സിബിഐയോട് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചത്.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട സെബാസ്റ്റിയന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം ഇയാളെ കേസില്‍ നിന്നും രക്ഷിക്കാന്‍ കേരള പോലീസ് ശ്രമിച്ചെന്ന പരാതിക്കാരുടെ ആക്ഷേപവുമായി ചേര്‍ന്ന് പോകുകയാണ്. ഇത്തരത്തില്‍ നഷ്ടമായ പണം തിരികെ പിടിക്കാന്‍ ആര്‍ജ്ജവത്തോടെ കോടതിയെ സമീപിക്കാന്‍ തയ്യാറായാല്‍ യുകെ വിസ മോഹത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായ ഓരോ അപേക്ഷകര്‍ക്കും പണം തിരികെ കിട്ടാനും പ്രതികളെ നീണ്ട കാലം ജയിലില്‍ എത്തിക്കാനും സാധിച്ചേക്കും.
കോട്ടയം കേന്ദ്രമാക്കി അമര്‍സ്പീക് അമേരിക്കന്‍ ആക്‌സന്റ് അക്കാദമി എന്ന സ്ഥാപനം നടത്തിയാണ് സെബാസ്റ്റിയനും കൂട്ട് പ്രതികളും വിസ കച്ചവടം കൊഴുപ്പിച്ചത്. കേസില്‍ രണ്ടാം പ്രതിയായ ഇയാളുടെ മുന്‍ ഭാര്യയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്തിനാല്‍ ഇവര്‍ക്കെതിരെയുള്ള ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. ഇവരെ എത്രയും വേഗത്തില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ സെബാസ്റ്റ്യന്‍ ജോണ്‍, ഭാര്യ മാതാവും മുന്‍ തഹസില്‍ദാരായ മൂന്നാം പ്രതി ജോണ്‍സി ജോസഫ് (59), കൂട്ടുപ്രതി കോട്ടയം സ്വദേശി ബിജു ഏലിയാസ് മാത്യു (52) - എന്നിവര്‍ക്കെതിരെയുള്ള ശിക്ഷയാണ് ഇപ്പോള്‍ കോടതി വിധിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി ആയതിനാല്‍ പ്രതികള്‍ തീര്‍ച്ചയായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകും എന്നിരിക്കെ ഇവരുടെ ജയില്‍ വാസവും നീളും എന്നുറപ്പാണ്.
തട്ടിപ്പില്‍ സംഘടിതമായ ആസൂത്രണം ഉണ്ടെന്നു സിബിഐക്ക് തെളിയിക്കാനായതാണ് മൂവര്‍ക്കും ശിക്ഷ ലഭിക്കാന്‍ കാരണം. 2008- 09 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പിലാണ് ഇപ്പോള്‍ വിധി എത്തിയത് എന്നതും ശ്രദ്ധേയമാണ്. വെറും 33 വയസുള്ളപ്പോഴാണ് ഇയാള്‍ വ്യാപകമായ നിലയില്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തത് എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. സ്‌പെയിനിലും ഇറ്റലിയിലും യുകെയിലും കേന്ദ്രീകരിച്ച തട്ടിപ്പാണ് സെബാസ്റ്റ്യന്‍ നടത്തിയിരുന്നത്. അക്കാലത്തെ രാഷ്ട്രീയ സ്വാധീനവും കോടികള്‍ സമ്പാദിച്ചത് വഴി ഉണ്ടാക്കിയ മറ്റു ബന്ധങ്ങളും സെബാസ്റ്റിയന്റെ തട്ടിപ്പുകള്‍ക്ക് കുട പിടിക്കുക ആയിരുന്നു. സെബാസ്റ്റ്യന്‍ മാനേജിങ് ഡയറക്ടര്‍, ബിജു മാത്യു മാനേജര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അമര്‍ അമേരിക്കന്‍ ആക്‌സന്റ് എന്ന സ്ഥാപനം കോട്ടയം കളത്തിപ്പടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.