'മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാര്‍'; ഡോ. ബഹാവുദ്ദീന്‍ നദ്വിയുടെ വിവാദ പ്രസ്താവനയെ തള്ളി ഉമര്‍ ഫൈസി മുക്കം; ആ അഭിപ്രായം തനിക്കോ, സമസ്തയ്ക്കോ ഇല്ല; മറ്റുള്ളവരെ കുറിച്ചുള്ള ആരോപണം വസ്തുതാപരമായിരിക്കണമെന്ന് സമസ്ത നേതാവ്
'മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാര്‍
കോഴിക്കോട്: ബഹാവുദ്ദീന്‍ നദ്വിയുടെ പരാമര്‍ശത്തെ തള്ളി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. ജനപ്രതിനിധികള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഉണ്ട് എന്ന അഭിപ്രായം തനിക്കോ, സമസ്തയ്‌ക്കോ ഇല്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മറ്റുള്ളവരെ കുറിച്ചുള്ള ആരോപണം വസ്തുതാപരമായിരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാരുണ്ട് എന്നായിരുന്നു ഡോ. ബഹാവുദ്ദീന്‍ നദ്വിയുടെ പരാമര്‍ശം. സമസ്ത മുശാവറ അംഗം എന്നത് ഉത്തരവാദിത്തപ്പെട്ട പദവിയാണ്. അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. മുസ്ലിംലീഗിന്റയും കമ്മ്യൂണിസ്റ്റിന്റെയും കോണ്‍ഗ്രസിന്റെയും ആളുകളെ വരെ ഈ പരാമര്‍ശം കൊണ്ട് സംശയത്തിലാക്കുകയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ഇഎംഎസിന്റെ അമ്മയെ കുറിച്ച് പറഞ്ഞ സംഭവത്തിന്റെ ചരിത്രം തനിക്കറിയില്ല. ബഹുഭാര്യത്വം അനിവാര്യ ഘട്ടങ്ങളില്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. പക്ഷേ അതിന് തന്നെ കര്‍ശന നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ഇസ്ലാമിനെ ആക്ഷേപിക്കാന്‍ പലരും ഉപയോഗിക്കുന്ന സംഗതിയാണ് ബഹുഭാര്യത്വം. ശൈശവ വിവാഹവും അങ്ങനെ തന്നെയാണ്. എന്നാല്‍ പഠിപ്പ് കൂടിയതോടെ വിവാഹപ്രായവും കൂടിയെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.
സമസ്തയിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ മുശാവറ തീരുമാനിച്ചിട്ടുണ്ട്. അത് എവിടെ വരെ എത്തി എന്ന് ഈ മുശാവറ ചര്‍ച്ച ചെയ്യും. 9 കാര്യങ്ങള്‍ നടപ്പാക്കിയാല്‍ വിഷയം തീരും, എന്നാല്‍ അത് നടപ്പായിട്ട് കാണുന്നില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. വൈകിപ്പോകുന്നതിനെ കുറിച്ച് അതാത് നേതാക്കള്‍ മറുപടി പറയണം.
തന്നെ സഖാവ് ഉമര്‍ ഫൈസി എന്നാണ് ചിലരൊക്കെ പറയാറുള്ളത്. എന്നാല്‍ താന്‍ മന്ത്രിമാര്‍ക്ക് അനുകൂലമായി നില്‍ക്കാറില്ല. സമസ്തയുടെ കാര്യങ്ങള്‍ പറയുന്നതല്ലാതെ മറ്റൊന്നും പറയാറില്ല. എല്ലാ രാഷ്ട്രീയക്കാരും തനിക്ക് ഒരുപോലെയാണ്. സമസ്തയോട് സഹകരിക്കുന്നവരുമായി സഹകരിക്കും. എതിര്‍ക്കുന്നവരെ എതിര്‍ക്കും. നദ്വിയെ പുറത്താക്കണമെന്ന് അഭിപ്രായമില്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകള്‍ ആ രൂപത്തിലായത് ശരിയല്ലെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.
നേരത്തെ ബഹാഉദ്ദീന്‍ നദ്വിയുടെ വിവാദപ്രസ്താവനയില്‍ പ്രതിഷേധവുമായി സിപിഎം രംഗത്തുവന്നിരുന്നു. പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് പറഞ്ഞു. നദ്വിയുടെ വിവാദ പ്രസ്താവനയില്‍ മടവൂരില്‍ സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സമസ്തയില്‍ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്. അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വ്യക്തിയാണ് നദ്വിയെന്നും അഡ്വ. അഖില്‍ അഹമ്മദ് പറഞ്ഞു. മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാരുണ്ട് എന്ന വിവാദ പരാര്‍ശമാണ് ഡോ. ബഹാവുദ്ദീന്‍ നദ്വി നടത്തിയത്. പലര്‍ക്കും വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നത് എന്നുമായിരുന്നു നദ്വി പറഞ്ഞിരുന്നു.
'കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. ഇഎംഎസിന്റെ അമ്മയുടെ വിവാഹം അവര്‍ക്ക് പതിനൊന്ന് വയസുള്ളപ്പോഴാണ്. ഇത് 21ാം നൂറ്റാണ്ടാണ്, 20ാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണിത്. 11ാം വയസില്‍ വിവാഹിത ആയതിന്റെ പേരില്‍ ഇഎംഎസിന്റെ മാതാവിനെ ആരെങ്കിലും ഇകഴ്ത്തുകയോ പരിഹസിക്കുകയോ ചെയ്യാറുണ്ടോ?
ഇത് ഇഎംഎസിന്റെ മാതാവിന്റെ മാത്രം കാര്യമല്ല. പലരുടെയും കാര്യം ഇതാണ്. പിന്നെ ബഹുഭാര്യത്വത്തിന്റെ കാര്യത്തില്‍, നമ്മുടെ നാട്ടില്‍ മാന്യരായി നടക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒക്കെ ഒരു ഭാര്യയും വേറെ ഇന്‍ ചാര്‍ജ് ഭാര്യയും ഉണ്ടാകും. അതില്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണ്. ഇവരാണ് ബഹുഭാര്യത്വം എതിര്‍ക്കുന്നത്,' ഇങ്ങനെയായിരുന്നു ഡോ. ബഹാവുദ്ദീന്‍ നദ്വിയുടെ പ്രസ്താവന.