രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം; 2004-ലെ മണ്ഡലകാലംമുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത്; പൂജാസഹായിയായി മാറുന്നത് 2007 മാര്‍ച്ചിലെ ഉത്സവകാലത്ത്; ശബരിമലയില്‍ പിടിമുറുക്കിയതോടെ പൂജകളില്‍ നിന്ന് പോറ്റി പിന്‍വാങ്ങി, സ്പോണ്‍സര്‍ റോളില്‍; ആത്മബന്ധത്തിന് തെളിവുകള്‍ അനേകമുണ്ടായിട്ടും കണ്ടുപരിചയം മാത്രമെന്ന രാജീവരുടെ മൊഴി ദുരൂഹത കൂട്ടി

രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം

Update: 2026-01-10 00:56 GMT

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഉള്ളത് എത്ര തള്ളിപ്പറഞ്ഞാലും മായാത്ത ആത്മബന്ധം. ഈ ബന്ധം കൂടുതല്‍ ദൃഢമായതോടയാണ് പോറ്റിക്ക് വേണ്ടി പലതും വഴിവിട്ട് ചെയ്യാന്‍ തന്ത്രിയും തയ്യാറായത് എന്നാണ് പുറത്തുവരുന്ന വിവരം. തന്ത്രി കണ്ഠര് രാജീവരും തമ്മിലുള്ള ബന്ധത്തിന് 20 കൊല്ലത്തിലേറെ പഴക്കമുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

2004-ലെ മണ്ഡലകാലംമുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്തുണ്ടെങ്കിലും പൂജാസഹായിയായി മാറുന്നത് 2007 മാര്‍ച്ചിലെ ഉത്സവകാലത്താണ്. ചടങ്ങുകളില്‍ രാജീവരുടെ തൊട്ടുപിന്നില്‍ പ്രധാനസഹായിയായി പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പോറ്റിയെ തന്ത്രിയുമായി ബന്ധിപ്പിക്കുന്ന ഈ തെളിവുകള്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ണായകമായതായാണ് വിവരം. കേസിന്റെ തുടക്കത്തില്‍ തന്നെ രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം എസ്‌ഐടി അന്വേഷിച്ചിരുന്നു. പോറ്റി സന്നിധാനത്ത് എത്തിയത് രാജീവരുമായുള്ള ബന്ധത്തിന് പുറത്താണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായ കാര്യം. എന്നാല്‍, കൃത്യമായ തെളിവു ശേഖരണത്തിന് ശേഷം മാത്രമാണ് അറസ്റ്റിലേക്ക് കടക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

പോറ്റി വിവാദ നായകനായതോടെ രാജീവര് അപകടം മണത്തിരുന്നു. തുടര്‍ന്ന് പോറ്റിയുമായി ശബരിമലയില്‍ കണ്ടുള്ള പരിചയം മാത്രമാണെന്നാണ് രാജീവര് മുന്‍പ് പറഞ്ഞിരുന്നത്. നേരത്തേ നല്‍കിയ മൊഴികളിലും തന്ത്രി ഈ നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍, സന്നിധാനത്തെ പ്രധാനചടങ്ങുകളില്‍ മുഖ്യസ്ഥാനത്ത് പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിസന്ധിയിലായി. ഇത് അന്വേഷണസംഘത്തിന് വലിയ പിടിവള്ളിയായി.

ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ പൂജാരിസ്ഥാനത്തുനിന്നാണ് പോറ്റി 2007-ല്‍ ശബരിമല ഉത്സവച്ചടങ്ങുകളിലേക്കെത്തിയത്. താന്‍ സന്നിധാനത്തെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, തന്ത്രി രാജീവരുടെ മുറിയില്‍നിന്നിറങ്ങിവന്നാണ് സഹായിച്ചതെന്ന് സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ബെല്ലാരി സ്വദേശി ഗോവര്‍ധന്‍ മൊഴിനല്‍കിയിരുന്നു.

തന്ത്രിയുടെ തൊട്ടുപിന്നില്‍ നില്‍ക്കുകയും അടുപ്പം ഉണ്ടാവുകയും ചെയ്തതോടെ പോറ്റി തട്ടിപ്പുലോകത്ത് വളരുകയായിരുന്നുവെന്നാണ് നിഗമനം. 2018 ആയപ്പോഴേക്കും പൂജകളില്‍നിന്ന് പോറ്റി പിന്‍വാങ്ങി, സ്പോണ്‍സര്‍ എന്ന റോളിലേക്കുമാറി. താന്‍ പറഞ്ഞാല്‍ തന്ത്രി കേള്‍ക്കും എന്ന നിലയിലേക്ക് പോറ്റി അപ്പോഴേക്കും മാറിയിരുന്നു. കഴിഞ്ഞവര്‍ഷം രാജീവരുടെ മകന്റെ വിവാഹം തിരുവല്ലയില്‍ നടന്നപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിമാരെയും രാഷ്ട്രീയനേതാക്കളെയും സ്വീകരിക്കാനും മറ്റും മുന്‍നിരയിലുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവുകളായിരുന്നു ഇത്.

കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. തന്ത്രിയെ സ്പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ആവശ്യമെങ്കില്‍ ജയിലില്‍ വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ. സി.എസ്. മോഹിത് ആണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കൊല്ലത്തേക്ക് കൊണ്ടുവന്ന് ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം, കേസില്‍ തന്ത്രി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഈ മാസം 13-ന് പരിഗണിക്കും.

കേസില്‍ മറ്റ് പ്രതികള്‍ക്കൊപ്പം തന്ത്രി ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണം പതിച്ച കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നത് തടയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എസ്.ഐ.ടി. അറസ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും സ്വര്‍ണപ്പാളികള്‍ കൈമാറുന്നത് തടയാതെ കുറ്റകരമായ മൗനാനുവാദം നല്‍കി വീഴ്ച വരുത്തിയെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പതിമൂന്നാം പ്രതിയായാണ് കണ്ഠര് രാജീവറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യപുരോഹിതനായ തന്ത്രി എന്ന നിലയില്‍ ശബരിമല ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയമൂല്യവും കാത്തുസൂക്ഷിക്കാന്‍ കണ്ഠര് രാജീവറിന് ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. ശ്രീകോവിലിന്റെ വാതില്‍ക്കട്ടിളയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണം പതിച്ച രണ്ട് ചെമ്പ് പാളികളും, കട്ടിളയുടെ മുകള്‍പ്പടിയിലുള്ള സ്വര്‍ണം പതിച്ച ചെമ്പ് പാളിയും, കട്ടിളയ്ക്ക് മുകളില്‍ പതിച്ചിരുന്ന സ്വര്‍ണം പതിച്ച ശിവ, വ്യാളീരൂപങ്ങളടങ്ങിയ രണ്ട് പ്രഭാമണ്ഡല പാളികളും അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശുന്നതിനായി ഇളക്കിയെടുത്ത് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് തന്ത്രി ദേവന്റെ അനുജ്ഞ വാങ്ങിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്ത്രിക നടപടികള്‍ പാലിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പതിമൂന്നാം പ്രതിയായ തന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. എന്നിട്ടും ഇത് തടയാന്‍ തന്ത്രി തയ്യാറായില്ലെന്നും കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 മേയ് 18-ന് ശ്രീകോവില്‍ വാതില്‍ കട്ടിള പാളികളും പ്രഭാമണ്ഡല പാളികളും അഴിച്ചെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ഉഷാ പൂജയ്ക്കും ഉച്ചാ പൂജയ്ക്കും അത്താഴ പൂജയ്ക്കും തന്ത്രി കണ്ഠര് രാജീവര് സന്നിധാനത്ത് ഉണ്ടായിരുന്നു. ഈ പാളികള്‍ മാറ്റി സ്ഥാപിച്ചിരുന്ന സ്ഥലത്ത് കല്‍ത്തൂണുകള്‍ മാത്രം കാണുന്ന സാഹചര്യത്തിലും, മേയ് 19-ന് ശ്രീകോവിലില്‍ പ്രവേശിച്ച് പതിവ് പൂജകള്‍ നടത്തിയ തന്ത്രിക്ക് ഇവ ഇളക്കിയെടുത്ത വിവരം നിശ്ചയമായും അറിയാമായിരുന്നെന്നും എസ്‌ഐടി റിപ്പോര്‍ട്ട് പറയുന്നു.

മറ്റു പ്രതികളോടൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെങ്കില്‍ പോലും അദ്ദേഹം അധികൃതരെ വിവരമറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കൂടിയായ തന്ത്രി ഈ വിഷയത്തില്‍ മൗനാനുവാദം നല്‍കുകയായിരുന്നുവെന്നും എസ്.ഐ.ടി. അറസ്റ്റ് നോട്ടീസില്‍ പറഞ്ഞു.

Tags:    

Similar News