ട്രംപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍; തിരിച്ചടി നേരിട്ട് യുവാനും ചൈനീസ് ഓഹരി വിപണിയും; ചൈനയെ കൈവിടുന്ന ആഗോള കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സാധ്യത
ട്രംപിന്റെ തേരോട്ടത്തിനൊപ്പം കുതിച്ച് ഓഹരി വിപണി
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെതിരെ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് ആധിപത്യം ഉറപ്പിച്ചതോടെ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. അമേരിക്കയുടെ സാരഥിയെ കണ്ടെത്താനുള്ള വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയതോടെയാണ് ഓഹരി വിപണി ഉണര്‍ന്നത്. 800 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. 50 പോയിന്റ് ഉയര്‍ന്ന് 24,450 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം പുരോഗമിക്കുന്നത്. ഐടി, ഓട്ടോ, ലോഹ വിപണികള്‍ പ്രതീക്ഷയിലാണ്.
ഇന്നലെ വരെ തകര്‍ച്ചയിലായിരുന്നു ഓഹരി വിപണി. ഒറ്റയടിക്ക് നിക്ഷേപകരുടെ സമ്പത്തില്‍ 7.37 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിരുന്നു. ട്രംപ് തന്നെ അമേരിക്കയെ നയിക്കുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണിയില്‍ കുതിപ്പുണ്ടായത്. അമേരിക്ക പ്രസിഡന്റിനെ തെരഞ്ഞെടുത്തതോടെ ഓഹരി വിപണിയിലെ അസ്ഥിരതയ്ക്ക് വിരാമമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടെടുത്ത ഉന്മേഷം കൈവിടാതെ സെന്‍സെക്‌സ് ഇന്ന് ഒരുവേള 640ഓളം പോയിന്റ് കുതിച്ച് 80,115 വരെയെത്തി. 24,308ല്‍ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയര്‍ന്നു. ഇന്നത്തെ വ്യാപാരം രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ സെന്‍സെക്‌സുള്ളത് 480 പോയിന്റ് (+0.60%) 79,984ലും നിഫ്റ്റി 147.50 പോയിന്റ് (+0.61%) ഉയര്‍ന്ന് 24,360ലും.
ട്രംപിന് സാധ്യത വര്‍ധിച്ചതോടെ, യുഎസ് ഓഹരി വിപണികളായ ഡൗ ഡോണ്‍സ്, നാസ്ഡാക്, എസ് ആന്‍ഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ്, ഓസ്‌ട്രേലിയന്‍, കൊറിയന്‍ സൂചികകളും ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണികളും ഉഷാറിലായി. ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ് ആയിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലെത്തി.
അതേ സമയം ട്രംപ് അധികാരമുറപ്പിച്ചതോടെ കനത്ത തിരിച്ചടി നേരിടുകയാണ് ചൈനീസ് ഓഹരി വിപണിയും ചൈനീസ് കറന്‍സിയായ യുവാനും. ബ്ലൂചിപ്പ് സൂചിക 0.27 ശതമാനവും ഹോങ്കോംഗ് വിപണികള്‍ 2.5 ശതമാനവും താഴ്ന്നു. ഹോങ്കോംഗില്‍ ലിസ്റ്റ് ചെയ്ത ചൈനയിലെ ടെക് കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. ഇ-കൊമേഴ്‌സ് ഭീമനായ ജെഡി ഡോട്ട് കോം 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ മെയ്തുവാനും അലിബാബയും യഥാക്രമം 4 ശതമാനത്തോളം ഇടിഞ്ഞു.
ഡോളറിനെതിരെ യുവാന്റെ മൂല്യം 0.8 ശതമാനം താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പ്രചാരണസമയത്ത് തന്നെ തന്റെ ചൈന വിരുദ്ധ നിലപാട് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ചൈനീസ് ഓഹരി വിപണികള്‍ക്കും യുവാനും തിരിച്ചടിയാകുന്നത്.
ഏതാനും വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുന്ന ചൈനീസ് ഓഹരി വിപണി വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപത്തിന്റെ പിന്‍ബലത്തില്‍ തിരിച്ചുവരുന്നതിനിടെയാണ് ട്രംപിന്റെ വിജയം ഭീഷണിയുയര്‍ത്തുന്നത്. ചൈനീസ് കറന്‍സിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ചൈനയുടെ കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി ഡോളര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഡോളറിന്റെ ലഭ്യത കൂട്ടി ഡിമാന്റ് കുറയ്ക്കുന്നതിലൂടെ യുവാന്റെ മൂല്യം പിടിച്ചുനിര്‍ത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
2018ല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താന്‍ അന്നത്തെ ട്രംപ് ഭരണകൂടം തീരുമാനിച്ചതിനെത്തുടര്‍ന്ന് 5 ശതമാനം ഇടിവാണ് ചൈനീസ് കറന്‍സിയിലുണ്ടായത്. കൂടാതെ ചില ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെ യുഎസില്‍ ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടം തടഞ്ഞിരുന്നു. ചൈന യുഎസിലേക്ക് പ്രതിവര്‍ഷം 400 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സാധനങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ട്രംപിന്റെ താരിഫ് നയങ്ങളും നികുതി നയങ്ങളും പണപ്പെരുപ്പത്തിന് കാരണമാകും. അതിനാല്‍ യുഎസ് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനും മറ്റ് കറന്‍സികളെ ദുര്‍ബലപ്പെടുത്താനും സാധ്യതയുണ്ട്.
ട്രംപ് വരുന്നത് അമേരിക്കയും ചൈനയുമായുള്ള വ്യാപാരപ്പോര് കൂടുതല്‍ കടുക്കാനിടയാക്കിയേക്കും. ഇത് യുഎസില്‍ നിന്നടക്കമുള്ള ആഗോള കമ്പനികളെ ''ചൈന+1'' എന്ന നയത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചേക്കുമെന്നതാണ് ഇന്ത്യയ്ക്കു നേട്ടമാകുക. ചൈനയില്‍നിന്ന് സാന്നിധ്യം സമീപത്തെ മറ്റ് അനുകൂലരാജ്യങ്ങളിലേക്ക് മാറ്റുന്ന നയമാണിത്. ചൈനയെ കൈവിടുന്ന കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപവും സാന്നിധ്യവും കൂട്ടാന്‍ ഇത് സഹായിച്ചേക്കും.
ഇന്ത്യന്‍ ഓഹരി വിപണികളുടെ ഇന്നത്തെ നേട്ടത്തെ നയിക്കുന്നത് ഐടി കമ്പനികളാണ്. ഇന്ത്യന്‍ ഐടി കമ്പനികളുടെ മുഖ്യവിപണിയാണ് യുഎസ്. മാത്രമല്ല, ട്രംപ് അധികാരത്തില്‍ വന്നാല്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്. വിശാല വിപണിയില്‍ നിഫ്റ്റി ഐടി സൂചിക ഇന്ന് 3.30 ശതമാനം ഉയര്‍ന്നു. നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1.6% വരെ ഉയര്‍ന്ന് പിന്തുണ നല്‍കുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന് തല്‍ക്കാലം സാധ്യതകളില്ലെന്ന് വ്യക്തമാക്കി, ഇന്ത്യ വിക്‌സ് സൂചിക 6.24% ഇടിഞ്ഞതും ശുഭസൂചനയാണ്. നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയൊഴിയുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
ഡോ.റെഡ്ഡീസ് ലാബ് ആണ് നിഫ്റ്റി 50ല്‍ 3.67% ഉയര്‍ന്ന് നേട്ടത്തില്‍ മുന്നില്‍. സെപ്റ്റംബര്‍പാദ ലാഭം 9.5%, വരുമാനം 16.5% എന്നിങ്ങനെ ഉയര്‍ന്നത് കമ്പനിക്ക് കരുത്താണ്. ടിസിഎസ്., വിപ്രോ, എച്ച്‌സിഎല്‍ടെക്, ഇന്‍ഫോസിസ് എന്നിവയാണ് 3.25-3.57% കുതിച്ച് നേട്ടത്തില്‍ തൊട്ടുപിന്നിലുള്ളവ. ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് 1.20-2.86% താഴ്ന്ന് നിഫ്റ്റി50ല്‍ നഷ്ടത്തില്‍ മുന്നിലുള്ളത്.
എച്ച്‌സിഎല്‍ ടെക് ആണ് സെന്‍സെക്‌സില്‍ 3.52% ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലുള്ളത്. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, മാരുതി സുസുക്കി, എസ്ബിഐ എന്നിവ 1.3 മുതല്‍ 3.46% വരെ ഉയര്‍ന്ന് തൊട്ടുപിന്നാലെയുണ്ട്. ടൈറ്റന്‍ ആണ് 2.89% താഴ്ന്ന് നഷ്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും നഷ്ടത്തിലാണുള്ളത്.
ഓഹരികളുടെ ഇന്നത്തെ നേട്ടം നിക്ഷേപക സമ്പത്തില്‍ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) 4 ലക്ഷം കോടി രൂപയുടെ വര്‍ധനയ്ക്ക് സഹായിച്ചിട്ടുണ്ട്. 444.88 ലക്ഷം കോടി രൂപയില്‍നിന്ന് 448.95 ലക്ഷം കോടി രൂപയായാണ് വളര്‍ച്ച.