എന്‍. വാസുവിനെ അറസ്റ്റ് ചെയ്യണം; വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങും; സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ല; ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ വാദം ശരിയായെന്ന് വി ഡി സതീശന്‍
എന്‍. വാസുവിനെ അറസ്റ്റ് ചെയ്യണം; വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങും
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് കൊണ്ടു പോകുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുതന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്. ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.
2018 മുതല്‍ 2025 വരെ ശബരിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. കൊള്ളസംഘത്തെ ചവിട്ടി പുറത്താക്കുന്നതിനു പകരം അവരുടെ കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. സ്വര്‍ണക്കൊള്ളയിലെ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് മറച്ചുവയ്ക്കാനാണിത്. ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ ശ്രമിച്ചാല്‍ അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ രേഖകളില്‍ ചെമ്പാക്കിയത് എന്‍. വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവിനെ അറസ്റ്റു ചെയ്യണം. സ്വര്‍ണം ബാക്കിയുണ്ടെന്നും വിവാഹാവശ്യത്തിന് ഉപയോഗിക്കാമെന്നും അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി 2019 ഡിസംബര്‍ 9-ന് എന്‍. വാസുവിന് ഇ-മെയില്‍ അയച്ചിരുന്നു. ഇക്കാര്യം വാസുവും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ വ്യക്തിയാണ് എന്‍.വാസു.
വാസു കമ്മിഷണറായിരുന്ന കാലത്താണ് യുവതിപ്രവേശനം ഉള്‍പ്പെടെ നടന്നത്. കമ്മിഷണര്‍ സ്ഥാനത്തു നിന്നിറങ്ങി ഏതാനും മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തയത് അദ്ദേഹത്തിന് സി.പി.എമ്മിലും സര്‍ക്കാരിലുമുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് സാമാന്യ ബോധമുളളവര്‍ക്ക് മനസിലാകും.- സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന്റെ പങ്കുണ്ടോ എന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ പിശകുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. 2025ല്‍ സ്വര്‍ണപാളി കൈമാറിയത് മിനുട്‌സില്‍ രേഖപെടുത്തിയിട്ടില്ല. അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്‌സ് ബുക്കിന്റെ പകര്‍പ്പ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
പല കാര്യങ്ങളും മിനുട്‌സില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വന്നു. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ അഴിമതി നിരോധന നിയമം ബാധകുമോയെന്ന് എസ്‌ഐടി പരിശോധിക്കണം. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനും പങ്കെന്ന് സംശയമുണ്ട്. ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പ്രധാന വാതില്‍ പോറ്റിക്ക് നല്‍കിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
