'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പോലീസ് സുരക്ഷയില്‍; സിപിഎമ്മിനെതിരായ ബോംബാകുമോ പുസ്തകം? കൂടുതല്‍ തുറന്നു പറച്ചിലിന് തയ്യാറായി കുഞ്ഞികൃഷ്ണന്‍
കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മിന് തലവേദനയായി പയ്യന്നൂരിലെ വിമതനീക്കം. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ആരോപിച്ചതിന് പിന്നാലെ സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ വിവാദ പുസ്തകം ഇന്ന് പുറത്തിറങ്ങും. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ച് ജോസഫ് സി. മാത്യുവാണ് പ്രകാശനം നിര്‍വഹിക്കുക. എം.എന്‍. വിജയന്റെ മകന്‍ ഡോ. വി.എസ്. അനില്‍കുമാറിന് കോപ്പി നല്‍കിയാണ് പ്രകാശനം.
കനത്ത പൊലീസ് സുരക്ഷയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നത്. വി.എസ്. അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. സിപിഎമ്മിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.
സിപിഐഎമ്മിനെ വെട്ടിലാക്കുന്നതായിരിക്കും വി. കുഞ്ഞികൃഷ്ണന്റെ തുറന്നെഴുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. 'നേതൃത്വത്തെ അണികള്‍ തിരുത്തണ'മെന്ന പേര് തന്നെ അതാണ് സൂചിപ്പിക്കുന്നു. പയ്യന്നൂരിലെ വിഭാഗീയതയുടെ കാരണങ്ങളും, ടി.ഐ. മധുസൂദനന്‍ എംഎല്‍എക്കെതിരായ തുറന്നെഴുത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറ് പേജുള്ള പുസ്തകം പാര്‍ട്ടി സഖാക്കളോട് പറയാനുള്ള കാര്യങ്ങളാണെന്നാണ് കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞത്.
ധനരാജ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങിയവയിലുണ്ടായ വെട്ടിപ്പും കണക്കും പുസ്തകത്തിലുണ്ട്. നേരത്തെ പുസ്തകത്തിന്റെ ഏതാനും പേജുകള്‍ പുറത്തുവന്നതില്‍ തന്നെ നേതൃത്വത്തിനും ടി.ഐ. മധുസൂദനനുമെതിരായ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിരുന്നു.
അതേസമയം, ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കണക്ക് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ പുസ്തകപ്രകാശനത്തിനുമുന്‍പ് അത് അവതരിപ്പിക്കണമെന്ന വി. കുഞ്ഞിക്കൃഷ്ണന്റെ ആവശ്യത്തില്‍ മുഖം തിരിക്കുകയാണ് സിപിഐഎം. പുസ്തകം ഇറങ്ങുംമുന്‍പ് കണക്ക് പുറത്തുവിടാന്‍ മനസില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്.
വി.കുഞ്ഞികൃഷ്ണന്‍ ഒറ്റുകാരനാണെന്നാണ് കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. പാര്‍ട്ടിക്ക് അകത്ത് പരിഹരിച്ച പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെ ഉപയോഗിച്ച് പുറത്ത് പറയുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും കോടലിക്കൈ ആയി മാറിയവര്‍ക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം. വി.കുഞ്ഞികൃഷ്ണനും ഇത് തന്നെയാണ് വിധി. ഇത് കുഞ്ഞികൃഷ്ണന്‍ മറക്കേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതിനിടെ, ഫണ്ട് വിവാദത്തിന് പിന്നാലെ വി.കുഞ്ഞികൃഷ്ണന്റെ നാട്ടില്‍ സന്ദര്‍ശനം നടത്തിയത് സിപിഎമ്മിന്റെ അനുനയ നീക്കമല്ലെന്ന് പി.ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടി നിലപാട് വിശദീകരിക്കാനാണ് പോയത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്ത് വന്നതിന് ശേഷം അതേക്കുറിച്ച് പറയാമെന്നും പി.ജയരാജന്‍ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ടി.ഐ മധുസൂദനന്‍ എംഎല്‍എക്കെതിരെ കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
