എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ; 'ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്, ദൈവമുണ്ട്'; 'ആള്‍ ദി ബെസ്റ്റ്' നേര്‍ന്ന് സ്ഥാനാര്‍ഥി; വോട്ടര്‍പട്ടികയിലെ വിവാദങ്ങള്‍ തുണയായി; ഇപ്പോള്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാതായെന്ന് വൈഷ്ണ
എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയത് വിവാദമാകുകയും ഹൈകോടതി ഇടപെടലുണ്ടാകുകയും ചെയ്ത തിരുവനന്തപുരം കോര്‍പറേഷന്‍ 27ാം വാര്‍ഡ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.എല്‍. വൈഷ്ണ പ്രചരണം ഊര്‍ജ്ജിതമാക്കി. വിവാദങ്ങള്‍ വൈഷ്ണക്ക് തന്നെ തുണയായി മാറിയ അവസ്ഥയാണ്. ഇതിനിടെ വൈഷ്ണക്ക് 'ബെസ്റ്റ് ഓഫ് ലക്ക്' പറഞ്ഞ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടുകയായിരുന്നു.
'ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്, ദൈവമുണ്ട്' എന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി അജയകുമാര്‍ പറഞ്ഞു. ഉടന്‍ അജയകുമാറിന്റെ കാലില്‍ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങി. 'ആള്‍ ദി ബെസ്റ്റ്' അജയകുമാര്‍ ആശംസിച്ചു. വൈഷ്ണയും തിരികെ 'ആള്‍ ദി ബെസ്റ്റ്' പറഞ്ഞു. ഇന്നലെ മറ്റൊരു സ്ഥാനാര്‍ഥിക്ക് താന്‍ 'ആള്‍ ദി ബെസ്റ്റ്' പറഞ്ഞപ്പോള്‍ തിരിച്ചുപറഞ്ഞില്ലെന്നും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അജയകുമാര്‍ പറഞ്ഞു.
അതേസമയം വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വാര്‍ത്തകളായത് തുണയായെന്നാണ് ഇപ്പോള്‍ വൈഷ്ണയുടെ ക്യാമ്പ് കരുതുന്നത്. ഇപ്പോള്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാതായെന്ന് വൈഷ്ണയും പ്രതികരിച്ചു. അതേസമയം വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് ഇന്ന് നടക്കും. ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഹാജരാകാന്‍ വൈഷ്ണയ്ക്കും പരാതിക്കാരന്‍ ധനേഷ് കുമാറിനും നോട്ടീസ് ലഭിച്ചു.
ഇരുവരോടും നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. വൈഷ്ണയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. ഹരജിക്കാരിയുടെയും പരാതിക്കാരന്റെയും ഹിയറിങ് വിളിച്ചുചേര്‍ക്കാനായിരുന്നു കോടതി നിര്‍ദേശം. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വം ഒഴിവാകുക.
അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രചരണം തുടരുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമായുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു. കോടതിയിലും നിയമ സംവിധാനങ്ങളിലും വിശ്വാസമുണ്ടെന്നും വൈഷ്ണ പറഞ്ഞു.
ആദ്യ റൗണ്ട് പ്രചാരണം കഴിഞ്ഞപ്പോള്‍ ആണ് വോട്ടര്‍ പട്ടിക പ്രശ്‌നം വരുന്നത്. മാനസിക സംഘര്‍ഷം മൂലം മാറി നിന്നു. പിന്നീടാണ് ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി വിധിയില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും വൈഷ്ണ പറഞ്ഞു. അതേസമയം, വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇതിന് പിന്നാലെ നേരിട്ടതെന്നും വൈഷ്ണ വെളിപ്പെടുത്തി.
പ്രചരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇടയ്ക്ക് പ്രചാരണം നിര്‍ത്തി വെക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്ന് പറയേണ്ടത് പാര്‍ട്ടിയാണ്.പാര്‍ട്ടിയുടെ വീഴ്ചയായി കാണുന്നില്ല.സ്ഥാനാര്‍ഥി പട്ടിക വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതി വന്നത്. സെപ്റ്റംബറില്‍ പരാതി കൊടുത്തതായി നോട്ടീസിലും പറഞ്ഞിട്ടില്ല. അതിനു മുമ്പ് പട്ടികയില്‍ പേരുണ്ടായിരുന്നു. അതാണ് വെട്ടി മാറ്റിയത്. ഒരു വോട്ടറുടെ അവകാശമാണ് നിഷേധിച്ചതെന്നും ആ നടപടിയില്‍ ബുദ്ധിമുട്ടുണ്ടെന്നും വൈഷ്ണ ആരോപിച്ചു.
വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി നിശ്ചയിച്ചത്. പ്രചാരണത്തില്‍ അതിന്റെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വൈഷ്ണ വ്യക്തമാക്കി.
