സിനിമയ്ക്ക് പോയ് വരാം എന്ന് സന്തോഷത്തോടെ രാത്രിയിലെ കോള്‍; ഇനി ആ ശബ്ദം കേള്‍ക്കാനാവില്ല; പഠിപ്പില്‍ മാത്രമല്ല സ്‌പോര്‍ട്‌സിലും മിടുമിടുക്കനായ ഏകമകന്‍ ശ്രീദീപിന്റെ വിയോഗം താങ്ങാനാവാതെ ശേഖരീപുരത്ത മാതാപിതാക്കള്‍; വിങ്ങലോടെ ഓര്‍ത്ത് നാട്ടുകാരും
ശ്രീദീപിന്റെ വിയോഗം താങ്ങാനാവാതെ ശേഖരീപുരത്ത മാതാപിതാക്കള്‍
പാലക്കാട്: രാത്രി സിനിമയ്ക്ക് പോകുന്നതിന് മുമ്പായിരുന്നു ശ്രീദീപിന്റെ അവസാന കോള്‍. സിനിമയ്ക്ക് പോയ് വരാം എന്ന് സന്തോഷത്തോടെ പറഞ്ഞപ്പോള്‍, ഏകമകന്റെ ശബ്ദം ഇനി കേള്‍ക്കാനാകില്ലെന്ന് മാതാപിതാക്കള്‍ കരുതിയതേയില്ല. പഠിപ്പില്‍ മാത്രമല്ല, സ്‌പോര്‍ട്‌സിലും മിടുക്കനായിരുന്നു ശ്രീദീപ്. സംസ്ഥാന ഹര്‍ഡില്‍സ് താരം കൂടിയായ ശ്രീദീപ് രണ്ടാമത്തെ ശ്രമത്തിലാണ് എന്‍ട്രന്‍സിലൂടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം നേടിയത്.
പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അദ്ധ്യാപകനായ ശേഖരിപുരം സ്വദേശി വത്സനും അഭിഭാഷകയായ ബിന്ദുവിനും ഏകമകന്റെ വിയോഗം എങ്ങനെ സഹിക്കാനാകും. ശ്രീദീപ് ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മകന്‍ ഡോക്ടര്‍ കുപ്പായം അണിഞ്ഞ് വീട്ടിലേക്ക് വരുമെന്ന് സ്വപ്നം കണ്ട കുടുംബം ഇനി കാത്തിരിക്കുന്നത് മകന്റെ ചേതനയറ്റ ശരീരത്തെയാണ്.
പഠിക്കാന്‍ മിടുമിടുക്കനായിരുന്നു ശ്രീദീപ്. നാടിന്റെ അഭിമാനമായ കായികതാരം കൂടിയായിരുന്നു. മൃതദേഹം ശേഖരീപുരത്തെ 'ശ്രീവിഹാര്‍' എന്ന വീട്ടിലേക്ക് എത്തിക്കും. വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയി 55 ദിവസം പിന്നിട്ടപ്പോഴാണ് അപകട വാര്‍ത്ത ഉറ്റവരെ തേടിയെത്തിയത്. രാത്രി തന്നെ അപകട വിവരം നാട്ടിലുള്ളവര്‍ അറിഞ്ഞിരുന്നു. അച്ഛനുമായി വലിയ ആത്മബന്ധമാണ് ശ്രീദീപിനുണ്ടായിരുന്നതെന്ന് അപകട വിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തിയവര്‍ പറയുന്നു. ശ്രീദീപിന്റെ മരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ആളുകളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ശ്രീദീപിനെ വിങ്ങലോടെയാണ് നാട്ടുകാര്‍ ഓര്‍ക്കുന്നത്.
സിനിമ കാണാന്‍ കൂട്ടുകാരുമായുള്ള കാര്‍ യാത്ര അവസാന യാത്രയായി. ഇക്കാര്യം പറഞ്ഞ് കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു. 12 മണിക്ക് പൊതുദര്‍ശനം ആരംഭിച്ചു. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ 5 ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. പൊതു ദര്‍ശനത്തിനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സുഹൃത്തുക്കള്‍ അന്ത്യയാത്ര ആരംഭിച്ചു
ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു.