വന്ദേഭാരത് ടിക്കറ്റുകള്‍ക്ക് കേരളത്തില്‍ വന്‍ ഡിമാന്‍ഡ്; എട്ടു കോച്ചുള്ള വന്ദേഭാരതിന് പകരം 20 കോച്ചുള്ള പുതിയ തീവണ്ടി എത്തുന്നു; വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി; ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തില്‍ പുതിയവണ്ടികള്‍
എട്ടു കോച്ചുള്ള വന്ദേഭാരതിന് പകരം 20 കോച്ചുള്ള പുതിയ തീവണ്ടി എത്തുന്നു
കണ്ണൂര്‍: രാജ്യത്ത് ഇറക്കിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളില്‍ ഏറ്റവും ജനപ്രിയമായത് കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിനാണ്. റെയില്‍വേയുടെ കേരളത്തിലെ വന്ദേഭാരത് സര്‍വീസ് ഏറ്റവും ലാഭവകരമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇതോടെ റെയില്‍വേ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരികയാണ്.
നിലവില്‍ ആലപ്പുഴവഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക. നിലവില്‍ റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പന്‍സി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാര്‍ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കായാല്‍ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി.
നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. റെയില്‍വേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പന്‍സിയുള്ള 17 വണ്ടികളില്‍ ഏറ്റവും മുന്നിലാണ് ഈ വണ്ടി.
അതേസമയം വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച്, ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തിലാണ് ഇറക്കുന്നത്. വെള്ളനിറത്തിലുള്ള പല വണ്ടികളിലും മഞ്ഞനിറം പടര്‍ന്നിരുന്നു. വിവിധ സോണലുകള്‍ അത് പരാതിയായി അറിയിച്ചതിനെത്തുടര്‍ന്നാണ് ഐ.സി.എഫ്. റെയില്‍വേ അനുമതിയോടെ നിറംമാറ്റിയത്.
ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് കാലമായി ഉയരുന്നുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതിലൂടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയും യാത്രക്കാരും. അതേസമയം, കൊച്ചി - ബംഗളൂരു റൂട്ടിലെ സ്പെഷ്യല്‍ സര്‍വീസായി ഓടിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇപ്പോഴും അധികൃതര്‍ക്ക് മുന്നിലുണ്ട്.
യാത്രക്കാര്‍ കയറാത്തതോ ദക്ഷിണ റെയില്‍വേ സമ്മര്‍ദ്ദം ചെലുത്താത്തതോ അല്ല സര്‍വീസ് നിന്ന് പോകാന്‍ കാരണം. ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ അസൗകര്യം അറിയിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിന് കൊച്ചി - ബംഗളൂരു സര്‍വീസ് നിന്ന് പോകാന്‍ കാരണമായത്.