പ്രമാദമായ പറവൂര്‍ പീഡനക്കേസ് പണം കൊടുത്ത് അട്ടിമറിച്ചുവെന്ന് പരാതി നല്‍കി; എതിര്‍കക്ഷികളായ റിസോര്‍ട്ട് ഉടമകള്‍ക്ക് വേണ്ടി വര്‍ക്കല ഡിവൈ.എസ്.പി വഴി വിട്ടു പ്രവര്‍ത്തിച്ചുവെന്ന്; ലഹരിമരുന്ന് കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിയും; വര്‍ക്കലയിലെ റിസോര്‍ട്ടുടമ ബാബുരാജിന് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി

റിസോര്‍ട്ടുടമ ബാബുരാജിന് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി

Update: 2025-05-16 09:29 GMT

തിരുവനന്തപുരം: വര്‍ക്കല ഡിവൈ.എസ്.പി കളളക്കേസില്‍ കുടുക്കുമെന്നും പീഡനക്കേസ് പ്രതിയായ റിസോര്‍ട്ടുടമ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ വര്‍ക്കലയിലെ ഡോള്‍ഫിന്‍ ബേ റിസോര്‍ട്ടുടമ ബാബുരാജിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി, റൂറല്‍ പോലീസ് സൂപ്രണ്ട്, വര്‍ക്കല എസ്.എച്ച്.ഓ എന്നിവര്‍ക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി, റൂറല്‍ പോലീസ് സൂപ്രണ്ട്, വര്‍ക്കല ഡിവൈ.എസ്.പി, എസ്.എച്ച്.ഓ, പറവൂര്‍ പെണ്‍വാണിഭ കേസില്‍ 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് അപ്പീല്‍ ജാമ്യത്തില്‍ നില്‍ക്കുന്ന വര്‍ക്കല കുരക്കന്നി ഉമാ വിഹാറില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ഹര്‍ജി. ഉണ്ണികൃഷ്ണന് വേണ്ടി വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

പ്രമാദമായ പരവൂര്‍ പീഡനക്കേസില്‍ അതിജീവിതയ്ക്ക് മൊഴിമാറ്റുന്നതിന് വേണ്ടി പ്രതികളായ ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും വലിയ തുക നല്‍കിയെന്നും അതു തനിക്ക് നേരിട്ട് അറിയാമെന്നുമാണ് ബാബുരാജിന്റെ പരാതിയില്‍ പറയുന്നത്. പറവൂര്‍ പീഡനത്തിലെ ഒരു കേസിലാണ് ഉണ്ണികൃഷ്ണനെയും കൃഷ്ണകുമാറിനെയും ശിക്ഷിച്ചത്. രണ്ടാമത്തെ കേസാണ് ഇപ്പോള്‍ നടക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ നടക്കുന്ന വിചാരണ വേളയില്‍ അതീജീവിത മൂന്നും നാലും പ്രതികളെ തനിക്ക് അറിയില്ലെന്ന് പറഞ്ഞിരുന്നു. ഇങ്ങനെ മൊഴിമാറ്റുന്നതിന് വേണ്ടി അതിജീവിതയ്ക്ക് വലിയ തുക ഉണ്ണികൃഷ്ണനും സുഹൃത്തായ വര്‍ക്കലയിലെ റിസോര്‍ട്ടുടമ ബോബിയും ചേര്‍ന്ന് നല്‍കിയെന്നാണ് ബാബുരാജ് പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നിന് നടന്ന വിചാരണയില്‍ അതീജീവിത മൊഴിമാറ്റിയെന്നും ഈ മൊഴിപ്പകര്‍പ്പ് കാട്ടി കൂട്ടു പ്രതികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട് വാക്കു തര്‍ക്കവും വഴക്കുമുണ്ടായി. കൂട്ടുപ്രതികള്‍ തന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് വീണ്ടും അപമാനം ഉണ്ടാകുമെന്ന് ഭയന്ന് പരാതിപ്പെടാന്‍ മടിച്ചു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 19 ന് ഡിവൈ.എസ്.പി ഗോപകുമാറിന് ബാബുരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ വിശദമായ പരാതി നല്‍കി. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നീക്കു പോക്കുണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും സംസ്ഥാന വുമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് സെല്‍ എ.ഐ.ജിക്കും ഏപ്രില്‍ 24 ന് പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ ഉണ്ണികൃഷ്ണനും മറ്റൊരാളും വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

വര്‍ക്കലയില്‍ ഡിവൈ.എസ്.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുടമ ബോബി, പറവൂര്‍ പീഡനക്കേസ് പ്രതികളായ ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍ എന്നിവരുമായി ഡിവൈ.എസ്.പി ഗോപകുമാര്‍ നിരന്തരം ബന്ധപ്പെട്ടുവെന്നത് സിസിടിവി ദൃശ്യങ്ങളും സിഡിആറും പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുമെന്നും ബാബുരാജ് പരാതിയില്‍ ആരോപിച്ചു. താന്‍ പരാതി നല്‍കിയ വിവരം ഡിവൈ.എസ്.പിയാണ് എതിര്‍കക്ഷികളെ അറിയിച്ചത്. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ജെ.സി.ബി കടത്തിക്കൊണ്ടു പോയതുമായ കേസിലും ഗോപകുമാര്‍ ഇടപെട്ടുവെന്ന് ബാബുരാജ് ആരോപിക്കുന്നു.

ഉണ്ണികൃഷ്ണന്റെ സുഹൃത്തായ റിസോര്‍ട്ടുടമ ബോബി ഡിവൈ.എസ്.പിക്ക് വേണ്ടപ്പെട്ടയാളാണ് എന്ന് ബാബുരാജിന്റെ പരാതികളില്‍ പറയുന്നു. ഇതു കാരണം ഡിവൈ.എസ്.പി പ്രതികള്‍ക്കൊപ്പം ചേര്‍ന്നത് തന്നെ ഭീഷണിപ്പെടുത്തി. മേയ് അഞ്ച്, ആറ് തീയതികളില്‍ ഓഫീസില്‍ വിളിച്ചു വരുത്തി ഡ്രഗ് കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി, പോലീസ് കംപ്ലെയ്ന്റ് അതോറിട്ടി, മനുഷ്യവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഒരു മറുപടിയും ഉണ്ടായില്ല. പാറശാല സ്റ്റേഷനില്‍ വച്ച് ശ്രീജീവ് എന്ന പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഗോപകുമാറിനെതിരേ അച്ചടക്ക നടപടിക്കും നഷ്ടപരിഹാരം നലകുന്നതിനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു.

ഇത്രയും പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥനും റിസോര്‍ട്ട് ഉടമകളായ കൂട്ടാളികളും ഗുണ്ടകളും ചേര്‍ന്ന് തന്നെ വകവരുത്തുമെന്നും തന്റെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നുമായിരുന്നു ബാബുരാജിന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി വര്‍ക്കല എസ്.എച്ച്.ഓ ഹര്‍ജിക്കാരന്റെ ജീവന് സംരക്ഷണം കൊടുക്കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒന്നു മുതല്‍ നാലു വരെ എതിര്‍ കക്ഷികള്‍ക്ക് ഗവ. പ്ലീഡര്‍ മുഖേനെ നോട്ടീസ് നല്‍കണം. അഞ്ചാം എതിര്‍ കക്ഷിയായ ഉണ്ണികൃഷ്ണന് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയ്ക്കണം. കേസ് വീണ്ടും ജൂണ്‍ ആറിന് പരിഗണിക്കും.

Similar News