ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അകത്തായത് മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗം; അഴിമതി വിരുദ്ധ ജ്യുഡീഷ്യല്‍ ഓഫീസര്‍ക്ക് ജയിലിലെ ആദ്യ രാത്രി ഉറക്കമില്ലാത്തത്; കൊതുകു കടി കൊണ്ട് വാസു ജയിലില്‍ ഉറങ്ങുമ്പോള്‍ ശബരിമലയില്‍ കുടുങ്ങുന്ന വമ്പന്മാര്‍ ഭീതിയില്‍; വെട്ടിലാകുന്നത് സിപിഎം

Update: 2025-11-12 00:40 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു റിമാന്‍ഡിലാകുമ്പോള്‍ ഞെട്ടുന്നത് സിപിഎം. ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോര്‍ഡിന് നഷ്ടമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം നേതാവാണ് വാസു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ വിശ്വസ്തനും. ഹൈക്കോടതി ഇടപെടലാണ് വാസുവിന് വിനയായത്. പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കൃത്യമായ നിര്‍ദ്ദേശം നല്‍കി. ഇതോടെ ഉന്നതരുടെ അറസ്റ്റ് അനിവാര്യതയായി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അകത്തായതോടെ എല്ലാത്തിനും പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന വ്യാജ പ്രചരണം നടത്താന്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ക്ക് കഴിയാത്ത അവസ്ഥയും വന്നു.

സ്വര്‍ണക്കൊള്ളയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നത്. സ്വര്‍ണം പൂശാനായി കൊണ്ടുപോയതു തന്റെ അറിവോടെയായിരുന്നില്ലെന്നും സ്വര്‍ണപ്പാളി ചെമ്പുപാളിയാണെന്നു മാറ്റിയെഴുതിയതിനെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നുമായിരുന്നു വാസുവിന്റെ മൊഴി. സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവും റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് വാസുവിന്റെ നിര്‍ണായക അറസ്റ്റ്. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം. വാസുവിന് സിപിഎമ്മുമായി സുദീര്‍ഘ ബന്ധമാണുള്ളത്. കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എന്‍. വാസു മുന്‍മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണറായി രണ്ടു തവണ സേവനമനുഷ്ഠിച്ച വാസു പിന്നീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എന്‍. വാസുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയാണ് എന്‍. വാസുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. തീര്‍ത്തും നിരാശനാണ് വാസു. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറാണ്. ആരോടും മിണ്ടാതെയാണ് ജയില്‍ വാസം. കൊതുകു കടി കൊണ്ട് വാസു ഉറങ്ങുമ്പോള്‍ പല ഉന്നതരും നിരാശയിലാണ്. ഹൈക്കോടതി ഇടപെട്ട കേസായതുകൊണ്ട് ജില്ലാ കോടതികളില്‍ നിന്നും അനുകൂലമായൊന്നും ലഭിക്കില്ലെന്നതാണ് ഇതിന് കാരണം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഉന്നതനാണ് എന്‍. വാസു. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നത് രേഖയില്‍നിന്ന് ഒഴിവാക്കി ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാര്‍ശ നല്‍കിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ എന്‍. വാസു ഇടപെടല്‍ നടത്തിയെന്നും എസ്‌ഐടി കോടതിയില്‍ അറിയിച്ചു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗുഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്നും എസ്‌ഐടി പറയുന്നു.

വൈകുന്നേരം 7.10-ഓടെയാണ് എന്‍. വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. ചേംബറിലാണ് ജഡ്ജിക്കുമുന്നില്‍ എന്‍. വാസുവിനെ ഹാജരാക്കിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, സ്വര്‍ണ മോഷണം അടക്കമുള്ള കുറ്റങ്ങള്‍ എന്‍. വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. അധികംവന്ന സ്വര്‍ണം സ്പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.

സിപിഎം നേതാവായിരുന്ന വാസു കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ പി.കെ. ഗുരുദാസന്‍ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായും വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായി തിരുവിതാം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019-ല്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തി. ദേവസ്വം കമ്മിഷണറായിരുന്ന ഒരാള്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് തന്നെ ആദ്യമായിട്ടാണ്. സ്വര്‍ണക്കൊള്ളക്കേസില്‍ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. ഇവരുടെ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ എന്‍. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്‌ഐടി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

Tags:    

Similar News