വേടന്റെ പാട്ടുകള്‍ കേട്ട് വിളിച്ചു, പരിചയം മുതലെടുത്ത് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ഒരു പെണ്‍കുട്ടി; രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാള്‍; വേടന്റെ കുരുക്കില്‍ യുവതികള്‍ വീണത് ഇങ്ങനെ; വേടന്‍ സ്ഥിരം കുറ്റവാളിയെന്ന ആദ്യ പീഡന കേസിലെ പരാതിക്കാരിയും; വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

Update: 2025-08-18 10:34 GMT

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായി ഒളിവിലാണ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വന്നാല്‍ മാത്രമേ വേടനെ അറസ്റ്റു ചെയ്യുന്ന നടപടികളിലേക്ക് കേരളാ പോലീസ് കടക്കുകയുള്ളൂ. അതേസമയം വേടന് മുന്നില്‍ കാര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വേടനെ കുരുക്കി കൂടുതല്‍ പരാതികള്‍ എത്തുകയാണ്.

ഇത്തവണ പരാതിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഇതിലും അന്വേഷണം നടത്തേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. രണ്ട് പെണ്‍കുട്ടികളാണ് വേടനെതിരെ പരാതിയുമായി രംഗത്തു വന്നത് എന്നതാണ് ശ്രദ്ധേയം. പരാതി നല്‍കിയവരില്‍ ഒരാള്‍ ദളിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ അത്തരം പാട്ടുകള്‍ കേട്ടാണ് വേടനെ വിളിച്ചതും പരിചയപ്പെട്ടതും. ആ പരിചയം സൗഹൃദമായി. അതിന് ശേഷം പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2021ലാണ് പീഡനം നടന്നതെന്നും പറയുന്നു.

രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. 2020ലാണ് ഇക്കാര്യമെന്നും പറയുന്നു. ഇമെയിലായി നല്‍കിയ പരാതിയില്‍ കുറച്ച് വിവരങ്ങളേ ഉള്‍പ്പെടുത്തിയിട്ടുള്ളു. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറാനുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം പരാതിക്കാരികളെ മുഖ്യമന്ത്രി നേരില്‍ കാണാന്‍ സാധ്യതയില്ല. പരാതി നിലവില്‍ കേസ് അന്വേഷിക്കുന്ന പൊലീസിന് കൈമാറിയേക്കും. അങ്ങിനെയെങ്കില്‍ വേടന് കൂടുതല്‍ കുരുക്കാകും. ഈ രണ്ട് പേരും നേരത്തെ വേടനെതിരെ മീടു ആരോപണവും ഉന്നയിച്ചിരുന്നു. നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയില്‍ പൊലീസ് വേടനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തേക്ക്‌പോകാനുള്ള സാധ്യത മുന്നില്‍കണ്ടായിരുന്നു നടപടി.

ഈ കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റിയിട്ടുണ്ട്. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അനുവദിച്ചു.

പൊലീസിന്റെ വിശദീകരണം കേട്ടതിന് ശേഷം വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ മാറ്റിവെച്ചതായിരുന്നു കോടതി. എന്നാല്‍ ഇന്ന് വാദം കേട്ട കോടതിക്ക് മുമ്പാകെ പരാതിയെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചന ഉണ്ടെന്നുമാണ് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

Tags:    

Similar News