കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്; കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു; തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും; ബിജെപിയിലും അവഗണന; തമ്മില്‍ ഭേദം സിപിഎം; 'ഈഴവര്‍ കറിവേപ്പിലയോ' എന്നു ചോദിച്ചു വെള്ളാപ്പള്ളി നടേശന്‍
കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്;
ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടികളിലെ ഈഴവ പ്രാധിനിത്യവാദം ഉയര്‍ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയല്‍ വലിയ അവഗണനയാണെന്ന് കുറ്റപ്പെടുത്തിയാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്. കോണ്‍ഗ്രസിലും ബിജെപിയിലും ഈഴവവര്‍ അവഗണിക്കപ്പെടുകയാണ്. തമ്മില്‍ ഭേദം സിപിഎം ആണ്. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ അവഗണിക്കുന്നുവെന്നും അദ്ദേഹ കുറ്റപ്പെടുത്തി. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
സ്വന്തം സമുദായത്തിനു വേണ്ടി സ്വന്തം സംഘടനകളില്‍ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കളാണ് ഈഴവര്‍ക്കുള്ളത്. കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രമാണ് അവര്‍ക്ക് സമുദായചിന്ത ഉണരുക. മറ്റ് സമുദായങ്ങളുടെ അവസ്ഥ ഇതല്ല. സ്വന്തക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെയിടാനും അവര്‍ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കസേരകളില്‍ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എം.എല്‍.എ. മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും.- വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
ബി.ജെ.പിയുടെ കാര്യം ഇതിലും കഷ്ടമാണ്. സി.പി.എം തമ്മില്‍ ഭേദമെന്നു മാത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. ജില്ലാ സെക്രട്ടറി തുടങ്ങിയ സംഘടനാതലങ്ങളില്‍ പിന്നാക്കപ്രാതിധിദ്ധ്യം അവര്‍ ഉറപ്പാക്കുന്നുണ്ടെങ്കിലും വൈസ് ചാന്‍സലര്‍, പി.എസ്.സി അംഗത്വം, എം.പിമാരുടെ നോമിനേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാരഥ്യപദവികള്‍ തുടങ്ങിയ കാര്യങ്ങള്‍ വരുമ്പോള്‍ അവരും പിന്നാക്ക അണികളെ മറക്കും. ഇടതുപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്കവിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടെ വലിയ നിരാശ സൃഷ്ടിച്ചു. - വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ഫലം.സംഘടിത മതങ്ങളും അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പാര്‍ട്ടികളുമാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. ജനസംഖ്യയുടെ 29 ശതമാനത്തോളം വരുന്ന ഈഴവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോളുമില്ല. ഇടതു, വലതു മുന്നണികളുടെ രണ്ടാംനിര നേതാക്കളില്‍ നല്ലൊരു പങ്കും സംഘടിത മതങ്ങളില്‍ നിന്നുള്ളവരാണ്. വോട്ടുബാങ്കുകളുടെ ബലവും വിലപേശല്‍ തന്ത്രങ്ങളുമാണ് ഇവരുടെ ആധിപത്യത്തിനു കാരണം. സമുദായം വോട്ടുബാങ്കായി മാറി അവകാശങ്ങള്‍ പിടിച്ചുവാങ്ങാനുള്ള കഴിവു നേടുക മാത്രമാണ് നിലനില്‍പ്പിനുള്ള പ്രായോഗികമാര്‍ഗം.രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ഭരണരംഗങ്ങളില്‍ സമുദായം പിന്നാക്കം പോകുന്നതിനെക്കുറിച്ച് എസ്.എന്‍.ഡി.പി യോഗം പതിവായി ആശങ്ക പ്രകടിപ്പിക്കാറുള്ളതാണ്. അതൊന്നും ആരും ഗൗനിച്ചിരുന്നില്ല.
പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വരെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ അംഗബലം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഈഴവരെ പാര്‍ട്ടികള്‍ കാണില്ല. ദാനം ചോദിച്ചാണ് മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതെങ്കില്‍ ഈഴവരെ പച്ചയ്ക്ക് വഞ്ചിച്ചും അപമാനിച്ചുമാണ് രാഷ്ട്രീയക്കാര്‍ പാതാളത്തിലേക്കു വിടുന്നത്. സീറ്റ് കൊടുത്തില്ലെങ്കിലും പദവികള്‍ നല്‍കിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. എത്ര ചവിട്ടുകൊണ്ടാലും ഈഴവര്‍ തൊഴുതുതന്നെ നില്‍ക്കുമെന്ന അവരുടെ ചിന്താഗതിക്ക് മറുപടി കൊടുക്കേണ്ട കാലം എന്നേ കഴിഞ്ഞു.മുഖ്യമന്ത്രി ആര്‍.ശങ്കറിനു ശേഷം വിദ്യാഭ്യാസമേഖലയില്‍ ഈഴവര്‍ തഴയപ്പെട്ടു. മലബാറില്‍ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല.
ഇടതുസര്‍ക്കാര്‍ അധികാരമേറിയപ്പോള്‍, പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഈ അവഗണന അവസാനിക്കുമെന്ന പ്രതീക്ഷകള്‍ ഉണ്ടായെങ്കിലും നിരാശയായിരുന്നു ഫലം. എന്‍.ഡി.എയുടെ വളര്‍ച്ചയും യു.ഡി.എഫിന്റെ തളര്‍ച്ചയും കാണുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ തന്നെ അധികാരത്തിലെത്താനാണ് സാദ്ധ്യത.- യോഗദാനം ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നു.