'പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനായിട്ട് മാറീലേ?; പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; അവാര്‍ഡ് കിട്ടാന്‍ താന്‍ ശ്രമം നടത്തിയിട്ടില്ല; മമ്മൂട്ടിക്കും എനിക്കും കിട്ടി; ഞങ്ങള്‍ ഒരേ മാസത്തില്‍ ജനിച്ചവരെന്നും വെള്ളാപ്പള്ളി
'പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനായിട്ട് മാറീലേ?
കോഴിക്കോട്: പത്മപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ കിട്ടിയത് കണ്ട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ നിറഞ്ഞിരുന്നു. അടുത്തകാലത്ത് വരെ വിവാദ പ്രസ്താവനകള്‍ കൊണ്ട് വിവാദത്തില്‍ നിറഞ്ഞ വെള്ളാപ്പള്ളിക്ക് പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ ട്രോളാന്‍ അദ്ദേഹത്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍.
ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മഭൂഷണ്‍ കാശ് കൊടുത്താല്‍ കിട്ടുന്നതാണെന്ന് വെള്ളാപ്പള്ളി പറയുന്നത്.''പത്ഭൂഷണൊക്കെ വല്യ വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനായിട്ട് മാറീലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാന്ന് പറഞ്ഞാലും ഞാന്‍ മേടിക്കില്ല''- എന്നാണ് വെള്ളാപ്പള്ളി അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി അഭിപ്രായം മാറ്റി. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട് എന്നായിരുന്നു ഇന്ന് വെള്ളാപ്പള്ളിയുടെ പ്രതികരണം. അവാര്‍ഡിന് ശ്രമം നടത്തിയിട്ടില്ല. ജനങ്ങള്‍ തന്നതാണ്, അവാര്‍ഡ് ഗുരുവിന് സമര്‍പ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും കിട്ടി. താനും മമ്മൂട്ടിയും ഒരേ മാസത്തില്‍ ജനിച്ചവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരാണ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അവാര്‍ഡില്‍ ഒരുപാട് പേര്‍ നല്ലത് പറയുന്നു. കുറേ പേര്‍ ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല. സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദ്ദേശിച്ചോ എന്നറിയില്ല.
അവാര്‍ഡ് നാരായണ ഗുരുവിന് സമര്‍പ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും അവാര്‍ഡുകള്‍ കിട്ടി. ഞങ്ങള്‍ രണ്ടുപേരും ഒരേ മാസത്തില്‍ ജനിച്ചവരാണ്. എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഞാന്‍ ഐക്യത്തിന് തകര്‍ച്ച ഉണ്ടാക്കില്ല. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വെളളാപ്പള്ളി നടേശനും മമ്മൂട്ടിയും ഉള്‍പ്പെടെ 8 മലയാളികള്‍ക്കാണ് പദ്മപുരസ്‌കാരങ്ങള്‍ ലഭിച്ചത്. അതേസമയം വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌ക്കാരം നല്‍കാന്‍ കേരളം ശുപാര്‍ശ ചെയ്തിരുന്നില്ല എന്നാണ് സൂചന. മമ്മൂട്ടിയെയാണ് ഈ പുരസ്‌ക്കാരത്തിന് സംസ്ഥാനം ശുപാര്‍ശ ചെയ്തത്.
