ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയെ; പാതിരാത്രി ഒറ്റയ്ക്ക് കുട്ടി നില്‍ക്കുന്നതില്‍ അസാധാരണത തോന്നിയത് നിര്‍ണ്ണായകം; കായലിലേക്ക് പെണ്‍കുട്ടി ചാടിയതും കൂടെ ചാടിയത് നിര്‍ണ്ണായകമായി; ആക്കുളത്തെ ഹീറോ വെള്ളായണിയിലെ വിനോദ്; ജീവന്റെ വില അറിഞ്ഞ പ്രവര്‍ത്തനം
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ പതിനഞ്ച് വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയത് സാധാരണക്കാരന്റെ അസാധാരണ ധീരത. പെണ്‍കുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവറാണ് രക്ഷകനായത്.
വെള്ളായണി സ്വദേശിയായ വിനോദാണ് പെണ്‍കുട്ടി ചാടുന്നത് കണ്ട് പിന്നാലെ കായലിലേക്ക് ചാടിയത്. വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ അദ്ദേഹം പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി. പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ഇരുവരെയും കായലില്‍ നിന്ന് കരക്കെത്തിച്ചു. പത്താം ക്ലാസുകാരി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്നാണ് വിവരം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസില്‍ കുടുംബം പരാതി നല്‍കാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളില്ല.
ഇന്നലെ രാത്രി 10.56നായിരുന്നു സംഭവം. കഴക്കൂട്ടം സ്വദേശിയായ പെണ്‍കുട്ടിയാണ് ആക്കുളം പാലത്തില്‍ നിന്ന് ചാടിയത്. കഴക്കൂട്ടത്ത് നിന്നും ഓട്ടം കഴിഞ്ഞ് അതുവഴി വന്ന വിനോദ് കുമാറാണ് പെണ്‍കുട്ടി പാലത്തിലെ കൈവരിക്ക് മുകളില്‍ കയറുന്നത് കണ്ടുന്നത്. ഇയാള്‍ ഉറക്കെ വിളിച്ചുകൊണ്ട് ഓട്ടോ നിറുത്തി ഓടിയെത്തുമ്പോഴേക്കും പെണ്‍കുട്ടി ചാടി. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ കായലിലേയ്ക്ക് ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തന്റെ മൊബൈല്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നല്‍കിയാണ് ചാടിയത്.
കുട്ടിയെ രക്ഷിച്ചു. എന്നാല്‍ തന്നെ മരണത്തിന് വിടണമെന്നതായിരുന്നു ആ കുട്ടിയുടെ അഭ്യര്‍ത്ഥന. ഇതിനിടെ വിവരമറിഞ്ഞ് തുമ്പ പൊലീസും ചാക്ക ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ആദ്യം എത്തിയ പോലീസ് ഇട്ടു നല്‍കിയ വടത്തില്‍ പിടിച്ച് വിനോദ് കുമാര്‍ കുറേ നേരം നിന്നു. എന്നാല്‍ കുതറി രക്ഷപ്പെടാനായിരുന്നു കുട്ടിയുടെ ശ്രമം. ഇതിനിടെ ബോട്ടിലൂടെ എത്തിയ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. പിന്നീട് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ പട്ടത്താണ് താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയത് ആരോഗ്യ വകുപ്പിലെ താല്‍കാലിക ജീവനക്കാരനാണ്. ഒഴിവ് സമയം കിട്ടുമ്പോള്‍ ഓട്ടോയും ഓടിക്കും. അങ്ങനെ യാത്രയുമായി തിരിച്ചു പോയി വരുമ്പോഴാണ് വിനോദ് പെണ്‍കുട്ടിയെ കാണുന്നത്. എന്തോ പന്തികേട് ഉണ്ടെന്ന് കണ്ടാണ് വാഹനത്തിന്റെ വേഗത കുറച്ചത്. ഇതിനിടെ എടുത്തു ചാടിയും ചെയ്തു. അതിസാഹസികമായിട്ടായിരുന്നു പിന്നെയുള്ള രക്ഷാപ്രവര്‍ത്തനം.
ആക്കുളം കായലില്‍ നിറയെ ചെളിയാണ്. ഈ ചെളികാരണം കുട്ടി താഴ്ന്നു പോകാതിരിക്കാന്‍ വലിയ കരുതലാണ് വിനോദ് എടുത്തത്. കുട്ടിയുടെ എതിര്‍പ്പ് പോലും അവഗണിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. സ്‌കൂളില്‍ നിന്നിറങ്ങിയാണ് കുട്ടിയാണ് ചാടാനെത്തിയത്. പെണ്‍കുട്ടി സൈഡില്‍ നിന്ന് കായലില്‍ എത്തി നോക്കുന്നതാണ് വിനോദ് ആദ്യം കണ്ടത്. വാഹനം സ്ലോ ചെയ്തപ്പോള്‍ തന്നെ കുട്ടി എടുത്തു ചാടി. കൈയ്യിലെ പണവും ഫോണും അവിടെ ഉണ്ടായിരുന്നവരെ ഏല്‍പ്പിച്ചാണ് ചാടിയത്.
അരമണിക്കൂറോളം കായലില്‍ കുട്ടിയേയും പിടിച്ച് വിനോദ് നിന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പും മറ്റും അവഗണിച്ചാണ് കുട്ടിയെ താഴ്ന്നു പോകാതെ നോക്കിയതെന്ന് വിനോദ് പറഞ്ഞു.