'രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു; വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും മരുന്ന് നല്‍കിയില്ല; കിടക്കയില്ല, തുണി വിരിച്ചാണ് കിടന്നത്; പലതവണ ആവശ്യപ്പെട്ട ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്; മരിച്ച ശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചത്'; തുറന്നുപറച്ചിലുമായി വേണുവിന്റെ ഭാര്യ

'രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു

Update: 2025-11-07 05:54 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ വീഴ്ച്ച ആവര്‍ത്തിച്ച് കുടുംബം രംഗത്ത്. വേണുവിന് മെഡിക്കല്‍ കോളേജില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് വ്യക്തമാകുന്നതാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലും. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്റെ ഭാര്യ സിന്ധു വെളിപ്പെടുത്തി.

വേദന സഹിക്കാന്‍ കഴിയാതെ വന്നിട്ടും മരുന്ന് പോലും നല്‍കിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയില്‍ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാന്‍ പോലും സമ്മതിച്ചില്ലെന്നും സിന്ധു വെളിപ്പെടുത്തി.

വെന്റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയില്‍ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നല്‍കാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു കണ്ണീരോടെ പറഞ്ഞു.ഐസിയുവില്‍ കയറി കാണാന്‍ അനുവദിച്ചില്ല. വെന്റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു പറഞ്ഞു.

വേണുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുറ്റക്കാരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. വേണുവിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും അനാഥരായയെന്നും അവര്‍ക്ക് നീതി കിട്ടണമെന്നും സഹോദരന്‍ ബേബി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്.

'ശാസ്ത്രീയമായി സാധ്യമായ എല്ലാവിധ ആധുനിക ചികിത്സയും പ്രോട്ടോകോള്‍ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ രോഗിക്ക് നല്‍കിയിട്ടുണ്ട്. ഏത് വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയിലൂടെയും ഇത് തെളിയിക്കാവുന്നതാണ്. മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയെ ഇകഴ്ത്തി കാണിക്കാനേ സഹായിക്കൂ. തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണം ഒഴിവാക്കണം' സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു. ഈ പ്രോട്ടോകോള്‍ ഒന്നും പാലിക്കാത്ത ഒരു സംഭവം മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നു. ഇതു കാരണം പല രോഗികള്‍ക്കും ചികില്‍സ വൈകിയെന്ന പരാതിയുണ്ട്. ആ സംഭവം മെഡിക്കല്‍ കോളേജില്‍ പാട്ടാണ്. ഒരു ഉന്നതന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നു. ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നെ മെഡിക്കല്‍ കോളേജിലെ സംവിധാനമെല്ലാം അദ്ദേഹത്തിന് വേണ്ടി മാറി. ഇതിന്റെ ഇരയാണ് വേണുവെന്ന വാദവും സജീവമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നു. ഇതിനിടെയാണ് ഒരു പ്രധാനിയ്ക്ക് നെഞ്ചു വേദന അടക്കമുണ്ടാകുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു പ്രോട്ടോകോളും നോക്കിയില്ല. അവിടെയുള്ള എല്ലാ പരിശോധനയും അതിവേഗം ഇദ്ദേഹത്തിന് നടത്തി. അതു വേണ്ടതുമാണ്. അങ്ങനെ ആ വ്യക്തിയ്ക്ക് ജീവന്‍ പോയില്ല. ആശുപത്രിയില്‍ രണ്ടു ദിവസം ചികില്‍സയില്‍ കിടക്കുകയും ചെയ്തു. ഈ സമയം പ്രത്യേകിച്ച് കാര്‍ഡിയോളജി വകുപ്പ് മുഴുവന്‍ ഈ വിഐപി രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഈ സമയം വേണുവിനെ പോലുള്ളവരെ ആരും നോക്കിയില്ലെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഈ വിവാദത്തില്‍ കൂടി സൂപ്രണ്ട് മറുപടി പറയണം. ഈ രോഗിയുടെ ചികില്‍സയ്ക്ക് എന്തെങ്കിലും പ്രോട്ടോകോള്‍ നോക്കിയോ എന്നത് അടക്കം.

ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു.

Tags:    

Similar News