സൂത്രവാക്യം നിര്‍മ്മാതാവും സംവിധായകനും തിരിക്കഥാകൃത്തും വിന്‍സിയെ പിന്തുണയ്ക്കില്ലേ? എല്ലാം അറിഞ്ഞത് ഇപ്പോള്‍ മാത്രമെന്ന അണിയറക്കാരുടെ നിലപാട് നടിയുടെ വാദങ്ങളെ ദുര്‍ബ്ബലമാക്കാന്‍; ഷൈന്‍ ടോം ചാക്കോയെ വിലക്കില്‍ നിന്നും രക്ഷിക്കാന്‍ മട്ടാഞ്ചേരി മാഫിയയോ? എല്ലാ ശ്രദ്ധയും ഫിലിം ചേമ്പറിലേക്ക്
കൊച്ചി: സൂത്രവാക്യം സിനിമയുടെ സെറ്റില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടി വിന്‍സി അലോഷ്യസിനെ ആ സിനിമയുടെ തന്നെ അണിയറ പ്രവര്‍ത്തകര്‍ തള്ളി പറഞ്ഞത് ഞെട്ടലാകുന്നു. ഇതോടെ വിന്‍സി നിയമനടപടികള്‍ക്ക് മുതിരുമെന്നാണ് വിലയിരുത്തല്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിന്‍സിയുടെ വെളിപ്പെടുത്തലിന് എതിരാണ്. നാളെ ഫിലിം ചേമ്പറിനു മുന്നില്‍ ഇരു ഭാഗത്തിന്റെയും മൊഴികള്‍ നിര്‍ണായകമാകും. അഞ്ച് ദിവസം മുന്‍പ് വിന്‍സി അലോഷ്യസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു വിന്‍സിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ചേമ്പറിന് മുന്നില്‍ വിന്‍സി എത്തുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ താന്‍ നേരിട്ട ദുരനുഭവം സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു. കാരണക്കാരനായ നടനുമായി ഈ പ്രശ്‌നം സംവിധായകന്‍ സംസാരിക്കുകപോലും ചെയ്തു. ആ ഒരു നടനെ വച്ച് സിനിമ തീര്‍ക്കേണ്ട അവസ്ഥയും താന്‍ കണ്ടെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞിരുന്നു. അപമര്യാദയായി പെരുമാറിയ നടനെ ഇന്റേണല്‍ കമ്മറ്റി അംഗം താക്കീത് ചെയ്‌തെന്നും പറഞ്ഞിരുന്നു. സംവിധായകനും നിര്‍മാതാവും പറയുന്നതിലും വിന്‍സി പറയുന്നതും തമ്മില്‍ കാര്യമായി പൊരുത്തക്കേടുകകളുണ്ട്. ഇത് ഷൈന്‍ ടോം ചാക്കോയ്ക്ക് അനുകുലമായി മാറിയേക്കും. എന്നാല്‍ രാസലഹരി ഉപയോഗത്തില്‍ പോലീസ് കേസെടുത്തത് ഷൈനിന് വിനയാകും. ഇത് പരിഗണിച്ച് ഷൈനിനെ സിനിമയില്‍ നിന്നും വിലക്കാനാണ് സാധ്യത. പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴി മുഴുവന്‍ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്റെ മൊഴി. പരിശോധനകള്‍ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ഇതെല്ലാം ഫിലിം ചേമ്പറിന് മുന്നിലുണ്ട്. ഈ പരാതിയില്‍ താര സംഘടനയായ അമ്മ ഉടന്‍ തീരുമാനം എടുക്കില്ല. ചേമ്പര്‍ വിന്‍സിയുടെ പരാതിയില്‍ എടുക്കുന്ന നിലപാട് പോലീസും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.
വിന്‍ സി അലോഷ്യസിന്റെ പരാതി വ്യാജമെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിന് മൊഴി നല്‍കിയിരുന്നു. ആരോപണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ പോലീസിന് മൊഴി നല്‍കി. വിന്‍ സി ആരോപിച്ചതുപോലെ ഒന്നും സംഭവച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍ സിയുടെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു നടന്‍ മൊഴി നല്‍കിയത്. 'എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക്, അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്.' ഇതായിരുന്നു വിന്‍ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് അടക്കം പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍സി പരാതി നല്‍കി. ഇതിലാണ് ഫിലിം ചേമ്പര്‍ നടപടികളിലേക്ക് പോകുന്നത്. ഇതിനിടെയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അടക്കം വിന്‍സിയുടെ വെളിപ്പെടുത്തലുകളെ തള്ളി പറയുന്നത്.
നടി വിന്‍സിയുടെ വെളിപ്പെടുത്തലിന് അടിസ്ഥാനമായ സംഭവംനടന്ന 'സൂത്രവാക്യം' എന്ന സിനിമയുടെ അണിയറക്കാര്‍ നടിയുടെ വാദങ്ങളെ തള്ളുകയാണ്. തങ്ങള്‍ക്ക് ഒരുപരാതിയും ലഭിച്ചിരുന്നില്ലെന്നും സെറ്റ് ലഹരിമുക്തമായിരുന്നെന്നും 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും പറഞ്ഞു. വിന്‍സിയുടെ വെളിപ്പെടുത്തല്‍ ഈ സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രമായി വ്യാഖ്യാനിക്കരുത്. ലഹരിയുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാടുപേര്‍ ഈ സിനിമയുടെയും ഭാഗമാണെന്ന് ഓര്‍ക്കണം-അവര്‍ പറഞ്ഞു. ഈ നിലപാട് ഇവര്‍ ഫിലിം ചേമ്പറിന് മുന്നില്‍ എടുത്താല്‍ നടി തീര്‍ത്തും ഒറ്റപ്പെടും. സിനിമാ സെറ്റില്‍ സഹതാരമായ ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് മോശം അനുഭവം നേരിട്ട വിവരം വിന്‍ സി വീഡിയോ ഇട്ടതിനു ശേഷമാണ് അറിഞ്ഞതെന്ന് ചിത്രത്തിന്റെ കഥാകൃത്ത് റെജിന്‍ എസ് ബാബു പ്രതികരിച്ചു. ഇതുവരെ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും മികച്ച ക്രിയേറ്റീവ് ടീം ആയിരുന്നു ചിത്രത്തിന്റേത് എന്നായിരുന്നു വിന്‍ സി പറഞ്ഞിരുന്നതെന്നും റെജിന്‍ പ്രതികരിച്ചു. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് സ്ത്രീകളായ സഹപ്രവര്‍ത്തകരോട് ചിലപ്പോള്‍ വിന്‍ സി പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ചീഫ് ടെക്നീഷ്യന്‍മാരോട് അവര്‍ ഇത്തരത്തിലൊരു കാര്യം പങ്കുവെച്ചിട്ടില്ല. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. ഇതറിഞ്ഞയുടന്‍ വിന്‍ സിയെ വിളിച്ചിരുന്നു. ചിത്രത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ല എന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും വിന്‍ സി അറിയിച്ചു- റിജിന്‍ പറഞ്ഞു. ഡിജിറ്റല്‍ റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സും പോകാന്‍ വളരെ ബുദ്ധിമുട്ടുള്ള ഈ കാലത്ത് ഇത്തരത്തിലൊരു ആരോപണം സിനിമയെ ബാധിക്കുമെന്നും റിജിന്‍ പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയില്‍ പരാതി നല്‍കുമ്പോള്‍ പോലും ചിത്രത്തിന്റെ പേരും കുറ്റാരോപിതനായ വ്യക്തിയുടെ പേരും പുറത്തുപോകരുതെന്ന് പറഞ്ഞാണ് വിന്‍ സി പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കസ്റ്റോഡിയന്‍ പോലെ നില്‍ക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നാണ് വിവരം പുറത്ത് വന്നതെന്നാണ് ചില മാധ്യമ വൃത്തങ്ങളില്‍ നിന്നു ലഭിച്ച വിവരമെന്നും റിജിന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രീകരണം പൂര്‍ത്തിയായ സൂത്രവാക്യം എന്ന സിനിമ ഇനി എന്താവുമെന്ന് അറിയില്ലെന്നും സിനിമയെ വെറുതെ വിടണമെന്നും
നിര്‍മ്മാതാവും ആവശ്യപ്പെട്ടു. ചിത്രീകരണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ നടി വിന്‍ സി അലോഷ്യസിനെ അഭിനന്ദിക്കുന്നതായും ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള എഴുതി തയ്യാറാക്കിയ പ്രതികരണത്തിലൂടെ പറഞ്ഞു. വിന്‍ സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് നടി നേരിട്ട ദുരനുഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും നിര്‍മാതാവ് വ്യക്തമാക്കി. 'സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഞങ്ങള്‍ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. നിര്‍മാതാവ് എന്ന നിലയില്‍ ഈ ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ കാര്യങ്ങളും സുതാര്യതയോടെയാണ് കാണുന്നത്. ഐസിസി, ഫിലിം ചേംബര്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഒരു മീറ്റിങ് ഏപ്രില്‍ 21-ന് ഈ വിഷയം അന്വേഷിക്കുന്നതുമായി സംബന്ധിച്ച് ചേരുന്നതാണ്. ഇത് ഒന്നോ രണ്ടോ ആളുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. സെറ്റില്‍ ഇതുപോലെ ഗുരുതരമായ സംഭവങ്ങള്‍ നേരിടേണ്ടി വന്ന മറ്റുവ്യക്തികള്‍ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.- ശ്രീകാന്ത് പറഞ്ഞു.
ഒരു നിര്‍മാതാവ് എന്ന നിലയില്‍ മാത്രമല്ല ഇവിടെ നിന്ന് സംസാരിക്കുന്നതെന്നും മലയാളസിനിമയെ അഗാധമായി സ്നേഹിക്കുന്ന ഒരാള്‍ കൂടിയാണ് താനെന്നും ശ്രീകാന്ത് പറഞ്ഞു. സൂത്രവാക്യം എന്ന സിനിമ നിര്‍മിക്കുന്നത് വെറും വ്യക്തിപരമായ താല്‍പര്യത്തിനുവേണ്ടി മാത്രമല്ല, തൊഴിലിനോടുള്ള സ്നേഹം കൊണ്ടുകൂടിയാണ്. സംവിധായകന്‍ മുതല്‍ 300-ലധികം സര്‍ഗാത്മകരായ ആളുകള്‍ ഒത്തുചേര്‍ന്ന് പൂര്‍ത്തീകരിച്ച ചിത്രമാണ് സൂത്രവാക്യം. ചിത്രത്തെച്ചൊല്ലി ഇത്തരത്തില്‍ അപവാദങ്ങള്‍ ഉയര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരുപാട് മാസക്കാലം ഇത്രയധികം ആര്‍ട്ടിസ്റ്റുകള്‍ ചെയ്ത കഠിനാധ്വാനമാണ് കാണാതെ പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമായി പ്രചരിപ്പിക്കുന്നുണ്ട്. ശരിയായ ബുദ്ധിയുള്ളവര്‍ ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമായി കാണില്ലെന്ന് പറയാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സാമ്പത്തികമായി മാത്രമല്ല, വൈകാരികമായും ഈ സംഭവം അണിയറപ്രവര്‍ത്തകരായ ഞങ്ങളെ ഒരുപാട് ബാധിച്ചിരിക്കുകയാണ്. സിനിമ ഇനി എന്തായിത്തീരുമെന്ന് അറിയില്ലെന്നും സിനിമയെ കൊല്ലരുതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.