ഓണ്‍ലൈന്‍ ട്രേഡിങിനുള്ള പണത്തിനായി മോഷണവും കൊലപാതകവും; വിനീതയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നാലരപ്പവന്റെ മാലയ്ക്കായി; തമിഴ്‌നാട് സ്വദേശിയായ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് തേടി

വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

Update: 2025-04-10 06:19 GMT

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത കൊല്ലപ്പെട്ട കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കി അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീത കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനായിരുന്നു പ്രതി. ഏപ്രില്‍ രണ്ടിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. കേസില്‍ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കമാണ് തേടിയത്.

കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്റെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രന്‍ കൊലനടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങിനുള്ള പണം കയ്യില്‍ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. വിനിതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ സ്വര്‍ണമാലയുമായി രക്ഷപ്പെട്ട പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്നുമാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

അമ്പലമുക്ക് ജംക്ഷനില്‍ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്നായിരുന്നു രാജേന്ദ്രന്‍ പൊലീസിനു നല്‍കിയ മൊഴി. സാമാന്യം വലിയ സ്വര്‍ണമാലയിട്ട അവരുടെ പിന്നാലെ നടന്നു. അനിയന്‍ ലെയ്‌നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയില്‍ നിന്ന് ഇവര്‍ മറഞ്ഞു. ഇവരെ തിരഞ്ഞ് മുന്നോട്ട് നടന്നതോടെയാണ് ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ രാജേന്ദ്രന്‍ കണ്ടത്. ചെടി വാങ്ങാനെന്ന വ്യാജേനെ പ്രതി വിനീതയ്ക്ക് മുന്നിലെത്തുകയായിരുന്നു. ചെടി വാങ്ങാനല്ല, മാലയിലാണ് കണ്ണെന്ന് കണ്ടതോടെ വിനീത ബഹളം വച്ചു. തുടര്‍ന്ന് പിടിവലിയായി. ഇതോടെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു.

മുട്ടടയിലെ കുളത്തില്‍ കത്തി ഉപേക്ഷിച്ച ശേഷം ഇവിടെ നിന്ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പേരൂര്‍ക്കടയില്‍ എത്തുകയായിരുന്നു. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിലെ ജീവനക്കാരനായിരുന്നു രാജേന്ദ്രന്‍. തമിഴ്‌നാട്ടിലും അരുംകൊലകള്‍ നടത്തിയ ശേഷമാണ് രാജേന്ദ്രന്‍ കേരളത്തിലേക്ക് എത്തിയത്.

വിനീതയുടെ കഴുത്തില്‍ക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്.

തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Tags:    

Similar News