ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്; വല്ലാത്ത വേദനയായിരുന്നു; പിന്നീട് നിരാശയും: ഈ സമയത്താണ് സച്ചിന്‍ സഹായിച്ചില്ലെന്ന് പരസ്യ പ്രചരണം നടത്തിയത്; എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്: മനസ്സ് തുറന്ന് വിനോദ് കാംബ്ലി

Update: 2024-12-13 15:55 GMT

കടുത്ത മദ്യപാനത്തെത്തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ കരിയറിനോട് വിടപറയേണ്ടി വന്ന താരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. കാംബ്ലിക്കൊപ്പം കരിയര്‍ ആരംഭിച്ച ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്ററായി മാറി. എന്നാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോയ കാംബ്ലിക്ക് ഒരിക്കല്‍പോലും മികച്ചൊരു തിരിച്ചുവരവ് നടത്താനായില്ല.

അടുത്തിടെ ഇരുവരും മുന്‍ പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ അനുസ്മരണ ചടങ്ങില്‍ കണ്ടുമുട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് കാംബ്ലിയുടെ ആരോഗ്യത്തെപ്പറ്റി വലിയതോതില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാംബ്ലി കടന്നുവന്ന അവസ്ഥകളെപ്പറ്റിയും അടുത്ത സുഹൃത്തായ സച്ചിനെക്കുറിച്ചും മനസുതുറന്നിരുന്നു.

2009 ല്‍ സച്ചിനെതിരെ താരം പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. തന്റെ അവസ്ഥ കണ്ടിട്ടും സച്ചിന്‍ തന്നെ അവഗണിച്ചിരുന്നുവെന്ന് ആ സമയത്ത് കാംബ്ലി ആരോപിച്ചിരുന്നു. എന്നാല്‍ 2009 ല്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സച്ചിന്‍ പിന്നീട് നല്‍കിയ സഹായങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാംബ്ലി. 2013ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍ തന്റെ പല മെഡിക്കല്‍ ബില്ലുകളും സച്ചിന്‍ ഏറ്റെടുത്തിരുന്നുവെന്ന് മുന്‍ ബാറ്റര്‍ വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാംബ്‌ളി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ വളരെയധികം ഭേധമായിട്ടുണ്ട്. ഭാര്യയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്നെ പഴയതുപോലെ ആക്കുന്നതിനായി മൂന്ന് ആശുപത്രികളാണ് ഭാര്യ എന്നെ കൊണ്ടുപോയത്. മൂത്രാശയ സംബന്ധമായ പ്രശ്‌നം കുറച്ചുനാളായി അലട്ടിയിരുന്നു. ഭാര്യയും മകന്‍ ജീസസ് ക്രിസ്റ്റ്യാനോയും 10 വയസുകാരിയായ മകളുമാണ് ഈ ഘട്ടത്തില്‍ എന്നെ സഹായിച്ചത്. ഒരു മാസം മുന്‍പായിരുന്നു ഇത്. നിന്ന നില്‍പ്പില്‍ തലകറങ്ങി വീണു. ആശുപത്രിയില്‍ അഡ്മിറ്റാകണമെന്ന് നിര്‍ദ്ദേശിച്ചത് ഡോക്ടറാണ്. ഇടയ്ക്ക് അജയ് ജഡേജ കാണാന്‍ വന്നിരുന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കറുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തില്‍ കാംബ്ലി തുറന്നു പറഞ്ഞു. ബാല്യകാല സുഹൃത്തായ സച്ചിനുമായി ഇടക്കാലത്ത് കാംബ്ലി അകന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ തന്നെ സഹായിക്കുന്നില്ലെന്നു പോലും ഇടയ്ക്ക് ആരോപണമുയര്‍ത്തി. 2009ലാണ് പിന്നീട് ഇരുവരും ഒരുമിക്കുന്നത്. 2013ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ സമയത്ത് കാംബ്ലിക്ക് സഹായവുമായി സച്ചിന്‍ രംഗത്തെത്തിയിരുന്നു. നിരാശ മൂലമാണ് ഇടക്കാലത്ത് സച്ചിനെതിരെ തിരിഞ്ഞതെന്ന് കാംബ്ലി വെളിപ്പെടുത്തി.

''അന്ന് എനിക്ക് വല്ലാത്ത വേനയായിരുന്നു. കടുത്ത നിരാശയിലേക്ക് വരെ പോയി. ഇതോടെയാണ് സച്ചിന്‍ സഹായിച്ചില്ലെന്ന് പരസ്യമായി പ്രതികരിച്ചത്. 2009ല്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ച് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നു. അന്ന് ഞാനാണ് ആദ്യം സച്ചിന് മെസേജ് അയച്ചത്. അങ്ങനെ വീണ്ടും ഒന്നിച്ചു' കാംബ്ലി പറഞ്ഞു.

''രണ്ട് തവണ ഹൃദയാഘാതത്തെ അതിജീവിച്ചവര്‍ എത്ര പേരുണ്ടാകും? പറയൂ. എന്തായാലും ഞാനുണ്ട്. ഒരിക്കല്‍ ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഞാന്‍ തളര്‍ന്നുവീണു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ എന്റെ ഭാര്യ വല്ലാതെ ഭയന്നിരുന്നു. കണ്ണീരോടെയാണെങ്കിലും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ആ സന്ദര്‍ഭം അവള്‍ നന്നായിത്തന്നെ കൈകാര്യം ചെയ്തു. സര്‍ജറികളുടെ സമയത്ത് സച്ചിനും സാമ്പത്തികമായി സഹായിച്ചു.' കാംബ്ലി വിശദീകരിച്ചു.

Tags:    

Similar News