വിപഞ്ചികയുടെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയ നിലയില്‍; മൃതദേഹം ആദ്യം കണ്ടത് നിതീഷും വീട്ടുജോലിക്കാരിയും; ദുരൂഹതകള്‍ക്കിടെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അതിവേഗ നീക്കവുമായി നിധീഷ്; എന്റെ മക്കളെ നാട്ടില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞപേക്ഷിച്ച് വിപഞ്ചികയുടെ അമ്മ; അവസാന നിമിഷത്തില്‍ സംസ്‌കാരം മാറ്റിവപ്പിച്ച് കോണ്‍സുലേറ്റിന്റെ നിര്‍ണായക ഇടപെടല്‍; മകള്‍ക്കും കുഞ്ഞിനും നീതി ലഭിക്കാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ കുടുംബം

മകള്‍ക്കും കുഞ്ഞിനും നീതി ലഭിക്കാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ കുടുംബം

Update: 2025-07-15 13:34 GMT

ഷാര്‍ജ: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവയ്പ്പിച്ച് കോണ്‍സുലേറ്റിന്റെ അടിയന്തിര ഇടപെടല്‍. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും എന്നായിരുന്നു വിപഞ്ചികയുടെ അമ്മയ്ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍, മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതോടെ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം തിരികെ കൊണ്ടുപോയി. കോണ്‍സുലേറ്റ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടുണ്ട്. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടലിന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടില്‍ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിരുന്നു.

ഷാര്‍ജ അല്‍ നഹ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയുടെ മൃതദേഹം വിട്ടുക്കിട്ടിയെന്ന് പിതാവ് നിതീഷ് അറിയിച്ചതായും ഇന്ന് (15) വൈകിട്ട് യുഎഇ സമയം 4ന് ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തുമെന്നാണ് വിവരമെന്നും വിപഞ്ചികയുടെ അമ്മ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ഷൈലജ പറഞ്ഞു.

മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടില്‍ സംസ്‌കരിക്കണം. ഒന്നുകില്‍ നിധീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടില്‍ നിധീഷിന്റെ വീട്ടില്‍ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടില്‍ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ഷൈലജ പറഞ്ഞു.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ നിതീഷിന് കൈമാറാന്‍ കോടതി ഉത്തരവിട്ടത്. ഇയാളുടെ പേരില്‍ എന്തെങ്കിലുമൊരു കേസ് നേരത്തെ വിപഞ്ചിക നല്‍കിയിരുന്നെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ എത്ര പീഡനം സഹിച്ചിട്ടും നിതീഷിനോടുള്ള സ്‌നേഹം കാരണം മകള്‍ അത് ചെയ്തില്ലെന്നും ഷൈലജ പറഞ്ഞു. വൈകാതെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സഹായത്തോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നേരിട്ട് പരാതി നല്‍കും.

വിപഞ്ചികയുടെയും ഒന്നര വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഇന്ന് പുലര്‍ച്ചെ യുഎഇയിലെത്തിയത്. ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നിയമപോരാട്ടം തുടരുകയാണ്. ഷാര്‍ജ പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. ഭര്‍ത്താവിനും വിട്ടുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ, മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കിയാണ് കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തത്. ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകള്‍ വൈഭവിയെടുയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ജൂലൈ 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെ(33)യും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈഭവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടിട്ടില്ല.


മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഭര്‍ത്താവ് നിതീഷ് മോഹനുമായി അകല്‍ച്ചയിലായിരുന്ന വിപഞ്ചിക മകള്‍ക്കൊപ്പം മറ്റൊരു ഫ്‌ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. വിപഞ്ചികയുടെ കൂടെ രാത്രി താമസിക്കാറുള്ള വീട്ടുജോലിക്കാരി വന്ന് ഏറെ നേരം വിളിച്ചിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അവര്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ ഫോണ്‍ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിപഞ്ചികയുടെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ്, അയാളുടെ പിതാവ് മോഹനന്‍, സഹോദരി നീതു എന്നിവര്‍ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും വിശദമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പിറ്റേന്ന് വിപഞ്ചികയുടെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് വിപഞ്ചിക അനുഭവിച്ച കൊടിയ യാതനകള്‍ പുറംലോകം അറിഞ്ഞത്.

വിപഞ്ചികയുടെയും മകളുടെയും മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് വിപഞ്ചികയുടെ അമ്മ ഷൈലജ യുഎഇയിലെത്തിയത്. വിപഞ്ചികയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ എത്തിയത്. വിപഞ്ചികയുടെ സഹോദരന്‍ വിനോദ് ഇന്ന് രാത്രി പതിനൊന്നോടെ മാത്രമേ എത്തൂവെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്

പുലര്‍ച്ചെ ബന്ധുവിനൊപ്പമാണ് ഷാര്‍ജ വിമാനത്താവളത്തിലെത്തിയത്. വിമാനയാത്രയില്‍ മുഴുവന്‍ കരഞ്ഞുകൊണ്ടിരുന്ന ഷൈലജ ഇവിടെയുള്ള ബന്ധുക്കളെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. മകളുടെയും കുഞ്ഞിന്റെയും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ അധികൃതരുടെ സഹായം തേടുമെന്ന് ഷൈലജ പിന്നീട് പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ഫേസ്ബുക്ക് പോസ്റ്റ് നിര്‍ണായകം

ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. നിധീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷില്‍നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ്, അയാളുടെ പിതാവ് മോഹനന്‍, സഹോദരി നീതു എന്നിവര്‍ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും വിശദമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പിറ്റേന്ന് വിപഞ്ചികയുടെ ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. യുവതി മരിക്കുന്നതിന് മുന്‍പ് സമയം ക്രമീകരിച്ച് പോസ്റ്റ് ചെയ്തതാണെന്നാണ് കരുതുന്നത്. കൂടാതെ, തന്റെ സ്വര്‍ണാഭരണങ്ങളും ബാങ്ക് രേഖകളുമെല്ലാം വിപഞ്ചിക ഗുരുവായൂര്‍ സ്വദേശിയായ ബന്ധു സ്ത്രീയെ സുഹൃത്ത് വഴി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. താനനുഭവിക്കുന്ന പീഡനങ്ങളെല്ലാം യുവതി അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറയാറുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ ഷൈലജ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണം തുടരുന്നു. വിപഞ്ചികയുടെ പിതാവ് മണിയന്‍ പിള്ള കുവൈത്തില്‍ പ്രവാസിയാണ്. ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് താമസ കുടിയേറ്റ രേഖകളിലെ പ്രശ്‌നം കാരണം ദുബായിലേക്കോ നാട്ടിലേക്കോ പോകാന്‍ സാധിക്കുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News