ആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച് അടുത്തു കൂടും; ഗള്‍ഫില്‍ പോലും ജോലി വാഗ്ദാനം ചെയ്യും: നയചാതുരിയോടെ സംസാരിച്ച് പത്തനംതിട്ട മുന്‍ ഡിസിസി അംഗം വിശാഖ് കുമാറും ഭാര്യയും നാട്ടുകാരില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; പണം പോയവര്‍ ഒരുമിച്ചിട്ടും തട്ടിപ്പുകാരന്‍ വിലസല്‍ തുടരുന്നു

Update: 2024-12-14 05:17 GMT

പത്തനംതിട്ട: നാട്ടുകാര്‍ക്കും ഇരയായവര്‍ക്കും അധികാരികള്‍ക്കും തടയിടാന്‍ കഴിയാതെ മുന്‍ ഡിസിസി അംഗത്തിന്റെ തട്ടിപ്പ് തുടരുന്നു. നയചാതുരിയോടെ സംസാരിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇയാളും ഭാര്യയും ചേര്‍ന്ന് നാട്ടുകാരില്‍ നിന്ന് തട്ടിയെടുത്തത് ഒരു കോടിയില്‍പ്പരം രൂപയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ തട്ടിപ്പ് തുടരുന്നുണ്ടെങ്കിലും ഒരു നടപടിയും എടുക്കാന്‍ കഴിയുന്നില്ലെന്നാണ് പണം പോയവരുടെ വിലാപം.

തട്ടയില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം എന്നൊരു സ്ഥാപനം തട്ടിക്കൂട്ടിയാണ് കോടികളുടെ തട്ടിപ്പ് നടത്തയിരിക്കുന്നത്. സംഘം പ്രസിഡന്റായിരുന്ന മുന്‍ പന്തളം തെക്കെക്കര പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന എം.എന്‍. വിശാഖ്കുമാര്‍, ഭാര്യ പി.ആര്‍. ശ്രീകല, ജീവനക്കാരിയായിരുന്ന ബീനാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ഇരയായവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലും ജില്ലാ ബാങ്കിലുംജോലി നല്‍കാമെന്ന് പറഞ്ഞാണ് വിവിധ കാലങ്ങളിലായി പണം വാങ്ങിയത്. പലരില്‍ നിന്നായി തട്ടിയെടുത്ത പണം ഒരു കോടിയിലധികം വരും. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുള്ള വീടുകള്‍ കണ്ടെത്തി വളരെ വിദഗ്ധമായി അവരുടെ രക്ഷകര്‍ത്താക്കളുമായി ചങ്ങാത്തം കൂടി ഓരോരുത്തര്‍ക്കും ജോലി നല്‍കാമെന്ന് പറഞ്ഞാണ് 2015 മുതല്‍ തട്ടിപ്പ് നടത്തിയത്. ചിലര്‍ക്ക് വാങ്ങിയ തുകയ്ക്ക് വിശാഖ് കുമാറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ നല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍ പണം ഇല്ലാത്തിനാല്‍ ചെക്കുകള്‍ മടങ്ങി. തുടര്‍ന്ന് പണം ഈടാക്കുന്നതിനുള്ള കേസുകള്‍ കോടതികളില്‍ ഫയല്‍ ചെയ്തു. തട്ടിപ്പ് നടക്കുമ്പോള്‍ വിശാഖ്കുമാര്‍ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് ജീവനക്കാരന്‍ കൂടിയായിരുന്നു.

നിലവില്‍ സഹകരണ സംഘം പ്രവര്‍ത്തനം ഇല്ല. പണാപഹരണം നടത്തുന്നതിനുള്ള ഒരു മറയായി ഉപയോഗിച്ച കടലാസ് സ്ഥാപനം മാത്രമായിരുന്നു ഇത്. പണം തിരികെ ചോദിച്ചാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തും. പിന്നാലെ വക്കീല്‍ നോട്ടീസ് അയച്ചും കളളക്കേസ് കൊടുത്തും ഭയപ്പെടുത്തുകയാണ്. പണം ആവശ്യപ്പെട്ട് സഹകരണ സംഘത്തിന്റെ മുന്‍പില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയതാണ്. കൊടുമണ്‍ പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതികള്‍ സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ല. പണം തിരികെ ലഭിക്കുന്നതിനും തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ ഓച്ചിറ മേമന സ്വദേശി രാജന്‍പിളള, ശ്രീനിലയം വിനോദ് തട്ടയില്‍, പന്മന ഇടപ്പളളിക്കോട്ട വെളിയത്ത് മുക്ക് സുമംഗലിയില്‍ ശശിധരന്‍ നായര്‍, ശ്രീലതാ ഹരികുമാര്‍ അമ്പാട്ട് വളളിക്കോട്, ഫിലിപ്പോസ് വര്‍ഗീസ് വാഴപിള്ളത്ത് പേഴുംപാറ എന്നിവര്‍ പങ്കെടുത്തു.


 



വിശാഖ് കുമാറിന്റെ തട്ടിപ്പ് ആദ്യം പുറത്തു വിട്ടത് മറുനാടന്‍: കഴിഞ്ഞ വര്‍ഷം നല്‍കിയ വാര്‍ത്ത ഇങ്ങനെ

വിദേശത്തും ഇന്ത്യയിലും ജോലി വാഗ്ദാനം. 50 ലക്ഷം കൊടുത്താല്‍ 75 ലക്ഷം തിരികെ നല്‍കാമെന്ന ബിഗ് ഓഫര്‍. ഇതൊക്കെ വിശ്വസിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാര്യയുടെയും കെണിയില്‍പ്പെട്ടവര്‍ നിരവധി. പൊലീസ് കേസെടുത്താലും ഇവര്‍ക്ക് പ്രശ്നമില്ല. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി ഇവര്‍ പുറത്ത് തട്ടിപ്പ് തുടരും. ഇവരുടെ തട്ടിപ്പിന് ഇരയായ രണ്ടു പേര്‍ തങ്ങളുടെ അവസ്ഥ പറഞ്ഞ് മറുനാടനെ സമീപിച്ചു. ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. മുന്‍കൂര്‍ ജാമ്യം നേടിയവരെ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. ഇവരുടെ തട്ടിപ്പിന്റെ ആഴം മനസിലാക്കി നടപടി എടുക്കാന്‍ ധൈര്യപ്പെട്ട ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കിയ കഥയും പുറത്തു വരുന്നു.

പന്തളം തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി അംഗവുമായ എം.എന്‍. വിശാഖ് കുമാര്‍, ഭാര്യ ശ്രീകല എന്നിവരാണ് പല രീതിയില്‍ തട്ടിപ്പ് നടത്തി സമൂഹമധ്യത്തില്‍ വിലസുന്നത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ കൂടിയാണ് വിശാഖ് കുമാര്‍. ജൂവലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി പണം നല്‍കാതെ മുങ്ങിയ കേസില്‍ റിമാന്‍ഡിലായിട്ടുള്ള ഇയാള്‍ നിരവധി പേരില്‍ നിന്ന് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണവും പണവും കൈക്കലാക്കിയിട്ടുണ്ട്. ഇങ്ങനെ പണവും സ്വര്‍ണവും കിടപ്പാടവും നഷ്ടമായ തട്ടയില്‍ പൊങ്ങലടി ശ്രീനിലയം വീട്ടില്‍ വി. വിനോദ്, വള്ളിക്കോട് അമ്പാട്ട് വീട്ടില്‍ ശ്രീലത ഹരികുമാര്‍ എന്നിവര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം മറുനാടനോട് വിവരിച്ചു.

വലയില്‍ വീഴ്ത്തിയത് ശ്രീകലയെന്ന് ശ്രീലത ഹരികുമാര്‍

തന്റെ കൈയില്‍ നിന്നും അഞ്ചു ലക്ഷം രൂപയും 42 പവന്‍ സ്വര്‍ണവുമായി വിശാഖ് കുമാറും ശ്രീലതയും ചേര്‍ന്ന് തട്ടിയെടുത്തതെന്ന് ശ്രീലത ഹരികുമാര്‍ പറയുന്നു. മൂത്തമകള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ശ്രീലതയുടെ ഭര്‍ത്താവ് ഹരികുമാര്‍ 2018 ലെ മഹാപ്രളയകാലത്ത് സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരണപ്പെട്ടതാണ്. ഒരു ക്ഷേത്രത്തില്‍ വച്ചാണ് ശ്രീകലയെ ശ്രീലത പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ സഹതാപം നടിച്ച് അടുത്തു കൂടി. പിന്നീട് സൗഹദൃം ഭാവിച്ച് വീട്ടില്‍ സന്ദര്‍ശകയായി.

വിവാഹം കഴിച്ച് അയച്ച മൂത്തമകള്‍ക്ക് ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് അഞ്ചു ലക്ഷം രൂപ പലപ്പോഴായി കൈപ്പറ്റിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ പലപ്പോഴായി 42 പവന്‍ സ്വര്‍ണാഭരണങ്ങളും കൈപ്പറ്റി. ഈടിനായി ഒരു ചെക്ക് തന്നിരുന്നു. വെട്ടിത്തിരുത്തിയ ചെക്കാണ് തന്നത്. പിന്നീട് ഇത് ചതിയാണെന്ന് തിരിച്ചറിപ്പോള്‍ പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ടു. എന്നാല്‍, നല്‍കാന്‍ തയാറായില്ല. ചെക്ക് ബാങ്കില്‍ കൊടുത്തെങ്കിലും മടങ്ങി. പണം ചോദിച്ച് ചെന്ന തനിക്കെതിരേ വീട്ടില്‍ കയറരുതെന്ന് കാട്ടി ഇവര്‍ കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചുവെന്ന് ശ്രീകല പറയുന്നു. ഒടുവില്‍ ശ്രീകല കൊടുത്ത പരാതിയില്‍ പത്തനംതിട്ട പോലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ നിന്ന് കൈപ്പറ്റിയ സ്വര്‍ണാഭരണങ്ങള്‍ രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതായി പോലീസ് കണ്ടെത്തി. ഒരിടത്ത് വച്ചിരുന്നത് പൊലീസ് നോട്ടീസ് കൊടുത്ത് മരവിപ്പിച്ചു. രണ്ടാമത്തെ സ്ഥലത്ത് നിന്ന് പൊലീസ് എത്തുന്നതിന് മുന്‍പ് ഇവര്‍ ആഭരണങ്ങള്‍ മാറ്റി. നിലവില്‍ കേസ് അന്വേഷണം മരവിച്ച മട്ടാണെന്ന് ശ്രീകല പറയുന്നു.

അതേ സമയം, അന്വേഷണം തുടരുകയാണെന്ന് പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ പറഞ്ഞു. നിരവധി തട്ടിപ്പുകള്‍ കേസുകള്‍ പ്രതികള്‍ക്കെതിരേയുണ്ട്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയുടെ വീടിന് മുന്നില്‍ ഇരകള്‍ പന്തല്‍ കെട്ടി സമരം നടത്തിയിരുന്നു. പ്രതികള്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് നില്‍ക്കുകയാണ്. ഇവര്‍ പണയം വച്ച ആഭരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. ഒരിടത്ത് നോട്ടീസ് കൊടുത്ത് ആഭരണങ്ങള്‍ തിരികെ കൊടുക്കുന്നത് ഫ്രീസ് ചെയ്തിട്ടുണ്ടെന്നും ഡിവൈ.എസ്.പി അറിയിച്ചു.

ശ്രീലതയുടെ പരാതിയില്‍ അന്വേഷണം സങ്കീര്‍ണമെന്ന് എസ്.ഐ

ശ്രീലതയുടെ പരാതിയില്‍ അന്വേഷണം സങ്കീര്‍ണമാണെന്ന് കേസ് അന്വേഷിക്കുന്ന പത്തനംതിട്ട എസ്ഐ അനൂപ് ചന്ദ്രന്‍ പറഞ്ഞു. പണമോ സ്വര്‍ണമോ കൊടുത്തതിന് കാര്യമായ തെളിവുകള്‍ ഇല്ല. സാക്ഷികളായുള്ളത് ശ്രീലതയുടെ ബന്ധുക്കളാണ്. ആകെയുള്ളത് ആഭരണം വാങ്ങിയ ബില്ലുകളാണ്. ഇത് ഉപയോഗിച്ച് പണം വച്ചിരിക്കുന്ന ആഭരണങ്ങള്‍ ശ്രീലതയുടേതാണെന്ന് തെളിയിക്കണം. അതിന് ഏറെ കടമ്പകള്‍ ഉണ്ട്. പിന്നെയുള്ളത് പണം വാങ്ങിയത് സംബന്ധിച്ച് വിശാഖിന്റേതെന്ന് പറയുന്ന ഫോണ്‍ സംഭാഷണമാണ്. എന്തായാലും അന്വേഷണം നടന്നു വരികയാണെന്നും കോടതിയില്‍ ഹാജരാക്കാനുള്ള ശക്തമായ തെളിവുകള്‍ക്കായി തെരച്ചില്‍ നടക്കുന്നുവെന്നും അനൂപ് അറിയിച്ചു.

വിനോദിനെ പറ്റിച്ചത് 50 ലക്ഷം കൊടുത്താല്‍ 75 ലക്ഷം മടക്കി കൊടുക്കാമെന്ന് പറഞ്ഞ്

പ്രതികളുടെ വീടിന് അടുത്തുള്ളയാളാണ് തട്ടിപ്പിന് ഇരയായ വിനോദ്. റിയല്‍ എസ്റ്റേറ്റ്, ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞ് വിനോദില്‍ നിന്നും 50 ലക്ഷം രൂപ കൈപ്പറ്റുന്നതിന് എഗ്രിമെന്റ് തയാറാക്കിയിരുന്നു. വിശാഖ് കുമാര്‍, ശ്രീകല, മുംബൈയില്‍ സ്ഥിരതാമസമുള്ള അവരുടെ സഹോദരി എന്നിവര്‍ ചേര്‍ന്നാണ് തന്നോട് പണം ചോദിച്ചത് എന്ന് വിനോദ് പറയുന്നു. അരക്കോടി രൂപ തന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് മുക്കാല്‍ കോടി മടക്കി നല്‍കാമെന്നായിരുന്നു കരാര്‍. ഇതിനായി അടൂര്‍ യൂണിയന്‍ ബാങ്കില്‍ വിനോദിനെ കൊണ്ട് അക്കൗണ്ട് തുറന്നു. അഞ്ചു ചെ് ലീഫും സമ്മതപത്രവും ഇവര്‍ക്ക് കൊടുത്തു. പിന്നെ 50 ലക്ഷം ഒപ്പിക്കാനുള്ള പാടായി. ഭാര്യയുടെ പേരിലുള്ള വസ്തു വിറ്റും സ്വര്‍ണ കടകളില്‍ നിന്നും വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് സ്വര്‍ണാഭരണം വായ്പ വാങ്ങിയും ലോണെടുത്തും കൈയിലുള്ള സ്വര്‍ണം പണയപ്പെടുത്തിയും മറ്റുമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കൊടുത്തു.

2015 ഏപ്രിലിലാണ് തട്ടിപ്പ് തുടങ്ങിയത്. ഈ സമയം വിശാഖ്കുമാര്‍ ജില്ലാ സഹകരണ ബാങ്കിലെ കോണ്‍ഗ്രസ് അനുകൂല അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും പന്തളം തെക്കേക്കരയിലുള്ള തട്ടയില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. അയല്‍വാസിയായ ഒരു സ്ത്രീക്ക് ജില്ലാ സഹകരണ ബാങ്കില്‍ താല്‍ക്കാലിക ജോലി നല്‍കി അവരെയും തന്നെയും ഇടനില നിര്‍ത്തി പലരില്‍ നിന്നായി ലക്ഷങ്ങള്‍ കൈപ്പറ്റി. തട്ടിപ്പ് മനസിലായി തിരിച്ചു ചോദിച്ചപ്പോള്‍ കിട്ടുമ്പോള്‍ തരുമെന്നായിരുന്നു മറുപടി. ഇയാളുടെ തട്ടിപ്പിന് ഇരയായ അയല്‍വാസിയായ യുവതി അവര്‍ പണം വാങ്ങി നല്‍കിയവരെയും കൂട്ടി 25 ദിവസം വിശാഖിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹം കിടന്നു. കൊടുമണ്‍ എസ്.ഐ ആയിരുന്ന എ.ആര്‍. രാജീവ് ഇയാളുടെ വീട്ടില്‍ കയറി പരിശോധനയ്ക്കും അന്വേഷണത്തിനും തുനിഞ്ഞു. എസ്.ഐ രാജീവിനെതിരേ ഇവര്‍ പരാതി നല്‍കിയിരുന്നു. രാജീവ് സര്‍വീസില്‍ നിന്ന് വിരമിച്ചു. പരാതി കള്ളമാണെന്ന് കണ്ട് തള്ളുകയും ചെയ്തു.

കടം കയറി മുടിഞ്ഞ തനിക്ക് വീടും കുടുംബവും നഷ്ടമായെന്ന് വിനോദ് പറഞ്ഞു. ഇപ്പോള്‍ ഒരു ലോട്ടറി കടയില്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. പഴുതടച്ച രീതിയില്‍ ആണ് ഇയാളുടെ തട്ടിപ്പെന്ന് പറയുന്നു. അതു കൊണ്ടു തന്നെ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഈ പഴുതിലൂടെ മുന്‍കൂര്‍ ജാമ്യം നേടി വീണ്ടും തട്ടിപ്പ് നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് വിനോദ് പറഞ്ഞു.

അടൂരിലെ സ്വര്‍ണക്കടയില്‍ നടത്തിയ തട്ടിപ്പില്‍ അറസ്റ്റിലായി: തട്ടിപ്പിന് ജാമ്യം വെട്ടിത്തിരുത്തല്‍ നടത്തിയ ചെക്ക്

നാട്ടുകാരെ പറ്റിച്ച് കോടികള്‍ തട്ടുന്നുവെന്ന് ആരോപണമുള്ള വിശാഖ്കുമാറ പക്ഷേ, അടൂരിലെ ജൂവലറിക്കാര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി. അടൂരിലെ സണ്‍ഷൈന്‍ ജുവലറിയില്‍ നിന്നും 198 ഗ്രാം സ്വര്‍ണം വാങ്ങിയതുമായി ബന്ധപ്പെട്ട് ആറു ലക്ഷം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്നായിരുന്നു കേസ്. 2017 ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 40 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വിശാഖ് ജുവലറിയില്‍ നിന്നും വാങ്ങിയത്. ഇതില്‍ 40,000 രൂപയും ബാക്കി ആറു ലക്ഷം രൂപയുടെ വെട്ടിത്തിരുത്തല്‍ നടത്തിയ ചെക്കും അന്ന് നല്‍കിയിരുന്നു. എന്നാല്‍, വെട്ടിത്തിരുത്തല്‍ ഉള്ളതിനാല്‍ ചെക്ക് ജൂവലറി ഉടമയ്ക്ക് ബാങ്കില്‍ നിന്ന് മാറാന്‍ കഴിഞ്ഞില്ല. ഇക്കാര്യം വിശാഖിനെ അറിയിച്ചെങ്കിലും പണം നല്‍കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ അടൂര്‍ പോലീസില്‍ എടുത്ത കേസിലാണ് അറസ്റ്റുണ്ടായത്. പിന്നീട് പണം തിരികെ നല്‍കി കേസ് ഒത്തു തീര്‍പ്പാക്കി.

വെട്ടിത്തിരുത്തല്‍ നടത്തിയ ചെക്കാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. പണം വാങ്ങുന്നവര്‍ക്കെല്ലാം വെട്ടിത്തിരുത്തിയ ചെക്ക് നല്‍കും. ബാങ്കില്‍ കൊടുത്താല്‍ ഇത് മാറാന്‍ സാധിക്കില്ല. പണം കൊടുത്തവര്‍ ആകെ കുടുങ്ങിക്കിടക്കുന്നതും ഈ തട്ടിപ്പിലാണ്. വിശാഖ് കുമാറിന്റെ വീടും പറമ്പും പത്തനംതിട്ടയിലുള്ള ഒരാള്‍ അറ്റാച്ച് ചെയ്തിട്ടിരിക്കുകയാണ്. അയാളില്‍ നിന്ന് എട്ടു ലക്ഷം രൂപ വാങ്ങിയ ശേഷം ഇതേ പോലെ പറ്റിക്കാന്‍ ശ്രമിച്ചു. അദ്ദേഹം കോടതിയെ സമീപിക്കുകയും വീടും പറമ്പും അറ്റാച്ച് ചെയ്തിരിക്കുകയുമാണ്. നൂറു കണക്കിന് ആള്‍ക്കാരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് പലതിലും രക്ഷപ്പെട്ട് നില്‍ക്കുന്നത്.

Tags:    

Similar News