ആ വില്ലൻ ഥാറുമായി വിഷ്ണു കുതിച്ചത് ടോളുകൾ മറി കടക്കാൻ; അന്നേരം പോക്കറ്റിൽ ഉണ്ടായിരുന്നത് ഫയർസ്ഫോഴ്സിന്റെയും പോലീസിന്റെയും 'ഐഡി' കാർഡുകൾ; ഇത് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; പറഞ്ഞ മൊഴികൾ നേരെ വിശ്വസിക്കാതെ പോലീസും; കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത അപകടം അപൂർവങ്ങളിൽ അപൂർവം
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി. പാറശ്ശാലയിൽ നിന്നാണ് വള്ളക്കടവ് സ്വദേശിയായ വിഷ്ണുവിനെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തത്.
അപകടശേഷം കേരളം വിട്ട വിഷ്ണു തമിഴ്നാട്ടിലെ ഡിണ്ടിഗൽ, തേനി എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. കയ്യിലെ പണം തീർന്നതോടെയാണ് വിഷ്ണു കേരളത്തിലേക്ക് മടങ്ങിയത്.
കഴിഞ്ഞ മാസം മൂന്നാം തീയതി വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിൽ വെച്ചായിരുന്നു അപകടം. കിളിമാനൂർ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, തുടർന്ന് ചൊവ്വാഴ്ച കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരണപ്പെട്ടു.
അപകടം നടന്ന സമയത്ത് താൻ ഒറ്റയ്ക്കായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് എന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. മദ്യപിച്ചിരുന്നതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കയ്യിലുണ്ടായിരുന്ന ഫയർഫോഴ്സ്, പൊലീസ് ഐഡി കാർഡുകൾ സുഹൃത്തുക്കളുടേതാണെന്നും ടോളുകൾ മറികടക്കാൻ വേണ്ടിയാണ് അവ കൈവശം വെച്ചതെന്നുമാണ് വിഷ്ണുവിന്റെ വാദം. എന്നാൽ വിഷ്ണുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഐഡികളിൽ ഉണ്ടായിരുന്ന പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ അപകടസമയത്ത് ഇവർ കിളിമാനൂരിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടം നടന്നയുടൻ നാട്ടുകാർ പിടികൂടി വിഷ്ണുവിനെ പൊലീസിൽ ഏൽപ്പിച്ചിരുന്നെങ്കിലും, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ദമ്പതികളുടെ മരണത്തിനിടയാക്കിയ കേസിൽ മുഖ്യപ്രതിയെ വിട്ടയച്ച പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വാഹനത്തിൽ കൂടുതൽ പേരുണ്ടായിരുന്നെന്നും അവരെയും പിടികൂടണമെന്നുമാണ് രജിത്തിന്റെയും അംബികയുടെയും കുടുംബം ആവശ്യപ്പെടുന്നത്. ഗുരുതര കൃത്യവിലോപം സംഭവിച്ചെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുൺ, ഷജീം എന്നിവർക്കെതിരെ നടപടിയെടുത്തിരുന്നു. മുഖ്യപ്രതിയുടെ അറസ്റ്റോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, പ്രതി അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കം പോലീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമായിരുന്നു. അപകടത്തിന് പിന്നാലെ പ്രതിയെ വിട്ടയച്ച ഉദ്യോഗസ്ഥരുടെ നടപടിയില്‍ സേനയ്‌ക്കെതിരെ ഉയര്‍ന്ന കടുത്ത ജനരോഷത്തിനുള്ള മറുപടി കൂടിയായി ഈ അറസ്റ്റ്. അപകടം നടന്ന ഉടന്‍ ബൈക്ക് യാത്രക്കാര്‍ വീണുവെന്നറിഞ്ഞിട്ടും പ്രതി വാഹനം പിന്നോട്ടെടുത്ത് ദമ്പതികളെ അപായപ്പെടുത്തിയെന്ന ദൃക്സാക്ഷികളുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതും പോലീസിന് തുണയായി. മദ്യപിച്ചെത്തിയ സംഘം കാട്ടിയ ക്രൂരത ദമ്പതികളുടെ ജീവനെടുത്തത് കിളിമാനൂര്‍ പാപ്പാല ജംഗ്ഷനിലാണ്.
അപകടസമയത്ത് ജീപ്പിനുള്ളില്‍ ഡ്രൈവര്‍ക്കൊപ്പം രണ്ട് യാത്രികര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരുടെയും മൊഴി. ഇതില്‍ ഒരാള്‍ പൊലീസുകാരനും മറ്റൊരാള്‍ അഗ്‌നിശമനസേന ഉദ്യോഗസ്ഥനുമെന്നാണ് ആക്ഷേപം. ഇവരെ സംരക്ഷിക്കാന്‍ ബോധപൂര്‍വം കിളിമാനൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കിളിമാനൂര്‍ ഇന്‍സ്‌പെക്ടറെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പറക്കമുറ്റാത്ത രണ്ട് കുരുന്നുകളെ അനാഥത്വത്തിലേക്ക് തള്ളിവിട്ട കിളിമാനൂര്‍ അപകടത്തില്‍ പൊലീസിന്റെ തെളിവ് നശിപ്പിക്കല്‍ തിരക്കഥയ്ക്ക് കൂടുതല്‍ തെളിവുകള്‍ വരുന്നു. അപകടത്തില്‍ മരിച്ച അംബികയുടേയും ഭര്‍ത്താവ് രജിത്തിന്റേയും ബന്ധുക്കളും ജനപ്രതിനിധികളും കൂടുതല്‍ തെളിവ് നിരത്തുമ്പോഴും ഞങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പൊലീസിനെന്നാണ് ആക്ഷേപം.
