'കണ്ടാല്‍ പെണ്ണിനെപ്പോലെ തോന്നില്ലെന്ന് പോലും പ്രഭിന്‍ വിഷ്ണുജയോട് പറഞ്ഞു; വോയ്സ് മെസേജുകള്‍ കേട്ടപ്പോഴാണ് അവള്‍ അനുഭവിച്ചത് മനസിലായത്'; വിഷ്ണുജ നേരിട്ട മാനസിക പീഡനം വിവരിച്ച് സഹോദരിമാര്‍; പ്രബിന്‍ 14 ദിവസം റിമാന്‍ഡില്‍
'കണ്ടാല്‍ പെണ്ണിനെപ്പോലെ തോന്നില്ലെന്ന് പോലും പ്രഭിന്‍ വിഷ്ണുജയോട് പറഞ്ഞു'
മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് വിഷ്ണുജ ജീവനൊടുക്കിയതില്‍ കുറ്റാരോപിതനായ ഭര്‍ത്താവ് പ്രബിന്‍ 14 ദിവസം റിമാന്‍ഡില്‍. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രബിനെ റിമാന്‍ഡ് ചെയ്തത്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് വിഷ്ണുജയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
2023 മെയ് മാസത്തിലാണ് വിഷ്ണുജയുടേയും എളങ്കൂര്‍ സ്വദേശി പ്രഭിന്റേയും വിവാഹം കഴിഞ്ഞത്. സൗന്ദര്യം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രഭിന്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിഷ്ണുജയുടെ കുടുംബം പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നു. പ്രഭിന്റെ ബന്ധുക്കള്‍ ഇതിനെല്ലാം കൂട്ടുനിന്നിരുന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പ്രഭിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത പീഡനമാണ് വിഷ്ണുജ നേരിട്ടതെന്നും യുവതി ഭര്‍ത്താവിനെ ഭയന്നാണ് ജീവിച്ചിരുന്നതെന്നും നിരന്തരം ശാരീരിക മര്‍ദനം ഉണ്ടായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും ഭര്‍ത്താവിന് വിഷ്ണുജയെ സംശയം ആയിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
അതേ സമയം കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും പ്രതികരിച്ചു. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളുവെന്നും വിഷ്ണുജയുടെ കൂടെകൊണ്ടു പോകാന്‍ അടക്കം അവന് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ദിവ്യയും ദൃശ്യയും വ്യക്തമാക്കി.
ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നിനക്ക് അവിടെ പറ്റുന്നില്ലെങ്കില്‍ ഇങ്ങോട്ട് പോരെന്ന് തങ്ങള്‍ പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. അതൊക്കെ താന്‍ തന്നെ പറഞ്ഞ് ശരിയാക്കിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജയുടെ മറുപടി. മരണശേഷം കൂട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോഴാണ് പ്രഭിന്റെ കുടുംബത്തിനും ഇതൊക്കെ അറിയാമെന്നാണ് മനസിലാകുന്നതെന്നും സഹോദരിമാര്‍ വ്യക്തിമാക്കി.
താന്‍ തന്നെ എല്ലാം പറഞ്ഞ് റെഡിയാക്കിക്കൊള്ളാം നിങ്ങള്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ പറയാമെന്നായിരുന്നു വിഷ്ണുജ പറഞ്ഞത്. മൂന്നാമതൊരാള്‍ ഇടപെട്ട് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകേണ്ട എന്നായിരുന്നു അവള്‍ എപ്പോഴും പറയാറുള്ളത്. അത്രയും ബോള്‍ഡ് ആയിട്ടുള്ള കുട്ടിയാണ്. ഞങ്ങള്‍ മൂന്ന് പേരില്‍ ഏറ്റവും സ്ട്രോങ് ആയിട്ടുള്ളതും അവളാണ്. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛനടക്കം തിരിച്ചു പോരാന്‍ പറഞ്ഞിരുന്നതാണ്.
എന്റെ ഏട്ടനെ ഞാന്‍ നന്നാക്കിയെടുക്കും എന്നായിരുന്നു മറുപടി. ആ കാര്യത്തില്‍ ഇടപെടാന്‍ സമ്മതിച്ചേ ഇല്ല. ഫ്രണ്ട്സിനൊക്കെ അയച്ചു കൊടുത്ത വോയ്സ് മെസേജുകള്‍ കേട്ടപ്പോഴാണ് ഇത്രത്തോളം മാരകമായാണ് അവള്‍ അനുഭവിച്ചിരുന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഞങ്ങളെ വിഷമിപ്പിക്കരുതെന്ന് കരുതിയാവും അത്രയും കൂളായി സംസാരിച്ചിരുന്നത് -സഹോദരങ്ങള്‍ വ്യക്തമാക്കി.