പശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നു
യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നു
വാഷിങ്ടണ്‍: മൂന്നാഴ്ചയോളമായി ഭരണവിരുദ്ധപ്രക്ഷോഭം നടക്കുന്ന ഇറാനില്‍ യുഎസിന്റെ സൈനികനടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയെന്ന് തനിക്കു വിവരം കിട്ടിയതായി അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഇറാനില്‍ സൈനികനടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഖത്തറിലെ യുഎസിന്റെ വ്യോമതാവളമായ അല്‍ ഉദൈദിനു നല്‍കിയ സുരക്ഷാമുന്നറിയിപ്പും ഇളവുചെയ്തു. വ്യാഴാഴ്ച നാലുമണിക്കൂറോളം അടച്ചിട്ടശേഷം ഇറാന്‍ വ്യോമപാത തുറന്നു.
നെതന്യാഹുവിന്റെ ഫോണ്‍കോള്‍
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇപ്പോള്‍ സൈനിക നീക്കം നടത്തരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ ആക്രമിച്ചാല്‍ അത് ഇസ്രായേലിനെതിരായ വലിയ തിരിച്ചടികള്‍ക്ക് കാരണമാകുമെന്ന ഭയമാണ് നെതന്യാഹു പങ്കുവെച്ചത്. പ്രതിഷേധക്കാരെ കൊല്ലുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയതായി തനിക്ക് 'മറുഭാഗത്തുള്ള പ്രധാനപ്പെട്ട ഉറവിടങ്ങളില്‍' നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറയുന്നതിന് തൊട്ടുമുമ്പ് ബുധനാഴ്ചയായിരുന്നു നെതന്യാഹുവുമായുള്ള ഈ സംഭാഷണം.
ഇറാനെതിരായ സൈനിക നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന അതേ ചൊവ്വാഴ്ച തന്നെ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായും സംസാരിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയും ഖത്തറും ഒമാനും ഇടപെട്ടു
സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ട്രംപ് അയയാന്‍ കാരണമെന്ന് സൗദി ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനെ ആക്രമിച്ചാല്‍ അത് പശ്ചിമേഷ്യയില്‍ ഗുരുതര ആഘാതമുണ്ടാക്കുമെന്ന ഭയം ട്രംപുമായി പങ്കുവെച്ചെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 28-നാരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 2615 പേര്‍ മരിച്ചു.
പ്രക്ഷോഭം തണുക്കുന്നു
മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച സംഘര്‍ഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പ്രക്ഷോഭകരെ ഭീകരരായി മുദ്രകുത്തിയുള്ള അറസ്റ്റുതുടരുമെന്ന് ഇറാന്റെ ദേശീയമാധ്യമം റിപ്പോര്‍ട്ടുചെയ്തു. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റിലൂടെ വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിക്കുന്നവരെ ലക്ഷ്യമിടുമെന്നും അറിയിച്ചു. പ്രക്ഷോഭം അമര്‍ച്ചചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കയാണ്. അതിനിടെ, ജനങ്ങളെ തൂക്കിലേറ്റാന്‍ ഇറാനു പദ്ധതിയില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കരുക്കള്‍നീക്കിയവരെന്നു പറഞ്ഞ് ഇറാനിലെ 12-ഓളം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇറാന്‍ ഭരണകൂടത്തിന്റെ നടപടികള്‍ നിരീക്ഷിക്കും
അതേ സമയം ഇറാനെ ആക്രമിക്കുന്നതിനുള്ള സൈനിക നടപടികള്‍ ട്രംപ് മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനം ഇപ്പോഴും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ശേഷിക്കുന്ന പ്രതിഷേധങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ താവളമായ അല്‍ ഉദൈദില്‍ 10,000 സൈനികരാണ് ഉള്ളത്. ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ അവരെ ലക്ഷ്യം വച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചുകൊണ്ട് പ്രകടനക്കാരെ അടിച്ചമര്‍ത്താന്‍ ഞായറാഴ്ച മുതല്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ പ്രതിഷേധങ്ങള്‍ കുറച്ചിട്ടുണ്ട്. ഡിസംബര്‍ അവസാനം മുതല്‍ ഖമേനിക്കെതിരെ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിവരികയാണ്. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളില്‍ ഒന്നാണിത്.
