വിജിഎഫിലെ വിചിത്രമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിക്കില്ല; ഗ്രാന്റിലെ തിരിച്ചടവില്‍ കടുത്ത നിലപാടിലേക്ക് കേരളം; ഔദ്യോഗികമായി ക്ഷണിക്കാത്തത് കേന്ദ്ര നിലപാടുകള്‍ എതിരായതിനാല്‍; വിസില്‍ ഭരണ സമിതി യോഗം ചേരാത്തത് മോദിയോടുള്ള അതൃപ്തിയില്‍; വിഴിഞ്ഞത്ത് അടിമൂക്കുമ്പോള്‍

Update: 2024-12-14 08:26 GMT

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തി വന്ന പൊതുനയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി 10 ദിവസം പിന്നിട്ടിട്ടും കമ്മിഷനിങ് തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി കമ്മിഷനിങ് ചടങ്ങ് നിശ്ചയിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. ഇതിന് കാരണം വിജിഎഫ് തര്‍ക്കമാണെന്നാണ് സൂചന.

വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്. വിജിഎഫ് ആയി കേന്ദ്രം നല്‍കുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിന്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 മുതല്‍ 12000 കോടി രൂപയായി തിരിച്ചടക്കേണ്ടിവരും. തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാഫ് ഫണ്ടി(വിജിഎഫ്)ന്റെ പേരിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനത്തില്‍ തീരുമാനം എടുക്കാത്തത്.

കമ്മിഷനിങ്ങിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ കമ്പനി(വിസില്‍)യുടെ ഭരണസമിതി യോഗമാണ്. ഈ യോഗവും ചേര്‍ന്നിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് 817 കോടി രൂപ ഗ്രാന്റായി നല്‍കില്ലെന്നും വരുമാനവിഹിതം വേണമെന്നുമാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേരളത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്രം വിജിഎഫ് നയം മാറ്റുന്നുവെന്നു സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള രണ്ടാംഘട്ടം കൂടി 2028ന് അകം പൂര്‍ത്തിയാകുമ്പോള്‍ വലിയ വരുമാനം ലഭിക്കുമെന്ന തിരിച്ചറിവിലാണു കേന്ദ്രവും സംസ്ഥാനവുമായുള്ള തര്‍ക്കം. 2034 മുതലാണു സംസ്ഥാനത്തിന് അദാനി കമ്പനി വരുമാനവിഹിതം പങ്കുവയ്ക്കുക. വിജിഎഫിനു പകരമായി നെറ്റ് പ്രസന്റ് മൂല്യം കണക്കാക്കി വരുമാനവിഹിതം വേണമെന്നതാണു കേന്ദ്രത്തിന്റെ നിബന്ധന. തിരിച്ചടവ് കാലത്തെ രൂപയുടെ മൂല്യം, പദ്ധതി വഴിയുള്ള വരുമാനം എന്നിവയെല്ലാം കണക്കിലെടുത്തുള്ള മൂല്യനിര്‍ണയരീതിയാണ് എന്‍പിവി. 817 കോടിക്കു പകരം കേന്ദ്രം 10,000 കോടിയില്‍ കണ്ണുവയ്ക്കുന്നുവെന്നാണു കേരളത്തിന്റെ വാദം. ഇതാണ് മുഖ്യമന്ത്രിയുടെ കത്തിലുമുള്ളത്.

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നതാണ്. അത് വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും പ്രധാനമന്ത്രിക്കുള്ള മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിനു നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ വിജിഎഫ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ എവിടെയും concessioneerനെ സഹായിക്കുന്ന ഗ്രാന്റ് തിരിച്ചടക്കണമെന്ന് നിബന്ധന വച്ചിട്ടില്ല.

2005ല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളില്‍ (പിപിപി) വിജിഎഫ് നടപ്പിലാക്കി തുടങ്ങിയതുമുതല്‍ ഇതുവരെ 238 പദ്ധതികള്‍ക്കായി 23,665 കോടിയോളം തുക വിജിഎഫായി കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും ഇതുവരെ ഇത്തരം ലോണ്‍ ആയി കണ്ടുള്ള തിരിച്ചടവുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വിജിഎഫ് സ്‌കീം പ്രാവര്‍ത്തികമാക്കിയത് തന്നെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുതല്‍മുടക്കിലുള്ള സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാന്‍ ഉദ്ദേശിച്ചാണ്. ഗ്രാന്റായി അനുവദിച്ച തുക വായ്പയാണെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാനുദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പല മടങ്ങായി തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ്. വി.ജി.എഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് നല്‍കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അയച്ച കത്തിലാണ് ഇതുള്ളത്. നാളിതുവരെ വി.ജി.എഫ്. ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവന്ന നയമുണ്ട്. ആ നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് ഈ തീരുമാനം. വി.ജി.എഫ്. വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായാണ് നല്‍കുന്നത്. വായ്പയായി പരിഗണിക്കേണ്ടതല്ല. വി.ജി.എഫ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി നല്‍കാന്‍ തീരുമാനിച്ചതാണ്. കേന്ദ്രവിഹിതം 817 കോടി 80 ലക്ഷം രൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 817 കോടി 20 ലക്ഷം രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ട് കമ്പനിയ്ക്ക് നല്‍കും.

കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയ്ക്ക് ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്റെ 20 ശതമാനം വെച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നതാണ് വ്യവസ്ഥ. ഇക്കണക്കനുസരിച്ച് പതിനായിരം-പന്ത്രണ്ടായിരം കോടി രൂപയായി കേന്ദ്രത്തിന് തിരിച്ചടയ്ക്കണം. തങ്ങള്‍ നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്. വി.ജി.എഫ്. ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍, തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വേണമെന്നാണ് വിചിത്രമായ നിബന്ധന.

Tags:    

Similar News