ആവശ്യക്കാരുടെ എണ്ണം കുറയുന്നു; ഇലക്ട്രിക് കാര്‍ മേഖല പ്രതിസന്ധിയിലേക്ക്; ജര്‍മനിയിലെ ഫോക്സ് വാഗന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ദുരന്ത സൂചന; പത്തുശതമാനം ശമ്പളം കുറക്കാന്‍ കാര്‍ നിര്‍മാതാക്കള്‍

ഇലക്ട്രിക് കാര്‍ മേഖല പ്രതിസന്ധിയിലേക്ക്

Update: 2024-12-03 04:53 GMT

ബെര്‍ലിന്‍: പ്രകൃതി സൗഹാര്‍ദ്ദമെന്ന് ആഘോഷിച്ച വിപണിയിലെത്തിച്ച ഇലക്ട്രിക് കാറുകളുടെ വില്പന ഇടിയുന്നു എന്ന സൂചനയാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും ലഭ്യമാകുന്നത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍ അവരുടെ ജര്‍മ്മനിയിലെ ചില നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചു പൂട്ടാനൊരുങ്ങുകയാണ്. തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളില്‍ വന്‍ തോതില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, കമ്പനിയില്‍ തുടരുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്യും. ഈ തീരുമാനം പുറത്തു വന്നതോടെ ജര്‍മ്മനിയിലെ ഫോക്സ് വാഗന്‍ ഫാക്ടറികളിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

പകല്‍ ഷിഫ്റ്റിലെത്തിയ തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ നേരമാണ് സമരം ചെയ്തത്. അതേസമയം വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ നേരത്തേ ജോലി നിര്‍ത്തി സ്ഥലംവിടും. പത്ത് ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 70,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന വോള്‍ഫ്‌സ്ബര്‍ഗിലെ പ്രധാന പ്ലാന്റില്‍ രണ്ട് മണിക്കൂര്‍ സമരം എന്നാല്‍, നൂറു കണക്കിന് കാറുകളുടെ നിര്‍മ്മാണം വൈകുമെന്നാണര്‍ത്ഥം.

വോള്‍ഫ്‌സ്ബര്‍ഗിനു പുറമെ, 14,000 പേര്‍ ജോലി ചെയ്യുന്ന സ്വിക്കാവ്, പ്ലാന്റിലും, ജീവനക്കാര്‍ പണിമുടക്കുന്നുണ്ട്. ഫോക്സ് വാഗന്റെ ഇലക്ട്രിക് കാറുകള്‍ മാത്രം നിര്‍മ്മിക്കുന്ന പ്ലാന്റാണിത്. 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് കമ്പനി ജര്‍മ്മനിയിലെ പ്ലാന്റുകള്‍ അടച്ചു പൂട്ടുമെന്ന് പറയുന്നത്. ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍, വിദേശ രാജ്യങ്ങളിലെ കാറുകളില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവ പല യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കളെയും തകര്‍ച്ചയുടെ വക്കിലെത്തിച്ചതായി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആഗോളതലത്തില്‍ തന്നെ ഫോക്സ് വാഗന്‍ കാറുകളുടെ വില്പനയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടായിരിക്കുന്നത് 2 ശതമാനത്തിന്റെ കുറവാണ്. ആളുകള്‍ ഫോസില്‍ ഇന്ധനങ്ങളിലേക്ക് മടങ്ങാന്‍ തുടങ്ങിയതാണ് പ്രധാന കാരണം. ഇലക്ട്രിക് കാറുകളുടെ ആവശ്യക്കാര്‍ കുറഞ്ഞു വരുന്നതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു.

Tags:    

Similar News