കേരളാ പോലീസിനായി രണ്ട് ഫെഡറേഷന്‍ കപ്പ്; കേരളത്തിന് സന്തോഷ് ട്രോഫി; സാഫ് ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍; ഇന്ത്യയെ ഫിഫാ റാങ്കില്‍ 99-ാം സ്ഥാനത്തെത്തിച്ച ക്യാപ്ടന്‍; പ്രതിരോധത്തിലെ അതിവിശ്വസ്തന് മരണത്തെ പുല്‍കേണ്ടി വന്നതും കളിക്കളം നല്‍കിയ സമ്മര്‍ദ്ദം; ഐഎം വിജയന് പത്മശ്രീ നല്‍കുന്നവര്‍ അറിയുക; ഇന്ത്യയുടെ 'സത്യേട്ടന്' ഇനിയും അതൊന്നും കിട്ടിയിട്ടില്ല
തിരുവനന്തപുരം: ഐഎം വിജയന്‍ എല്ലാ അര്‍ത്ഥത്തിലും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഫുട്‌ബോളറാണ്. അത് വൈകിയെങ്കിലും രാജ്യം നല്‍കി. പക്ഷേ ഐഎം വിജയനൊപ്പം അല്ലെങ്കില്‍ അതിനും അപ്പുറം ഇന്ത്യന്‍ ഫുട്‌ബോളില്‍ തിളങ്ങിയ മലയാളിയുണ്ട്. വിപി സത്യന്‍. മികച്ച ഫുട്‌ബോള്‍ താരമായും ക്യാപ്റ്റനായും കോച്ചായും ഇന്ത്യന്‍ ഫുട്ബോളിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയ ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതിരോധത്തിന്റെ വന്‍മതിലായിരുന്ന വി.പി.സത്യന്‍. ഈ സത്യന് ഇനിയും പുരസ്‌കാരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. ജീവിത സമസ്യകള്‍ക്കിടയില്‍ പെട്ട് സത്യന്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. സത്യനെ മലയാളിയ്ക്ക് മുമ്പില്‍ അവതരിപ്പിച്ച സിനിമയും സൂപ്പര്‍ ഹിറ്റായി. പക്ഷേ അര്‍ഹിച്ച അര്‍ജുന അവാര്‍ഡ് പോലും ഈ താരത്തിന് ഇനിയും കിട്ടിയിട്ടില്ല. മരണാനന്തര ബഹുമതിയായി പ്ത്മാപുരസ്‌കാരങ്ങള്‍ എംടിക്ക് അടക്കം ഇത്തവണ കിട്ടി. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കായിക പ്രേമികളും സത്യനും മരണാനന്തര ബഹുമതിയായി പത്മ കൊടുക്കേണ്ടതല്ലേ എന്ന ചോദ്യവുമായി എത്തുന്നത്. കേരളാ ഫുട്‌ബോളിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിലെ വഴികാട്ടിയായ 'ക്യാപ്ടന്‍' ആയിരുന്നു സത്യന്‍. ഐഎം വിജയനെ പോലെ ഫുട്‌ബോളിന് നിരവധി മുത്തുകളെ സമ്മാനിച്ച ക്യാപ്ടന്‍.
കേരളാ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് 1992 - 93 ല്‍ സന്തോഷ് ട്രോഫി നേടിയ ടീമിലും സത്യനായിരുന്നു നെടുംതൂണ്‍ ആയിരുന്നു. 1965 ഏപ്രില്‍ 29 ന് കണ്ണൂര്‍ ജില്ലയിലെ മേക്കുന്നില്‍ വട്ടപ്പറമ്പത്ത് ഗോപാലന്‍ നായരുടെയും നാരായണിയമ്മയുടെയും മകനായി ജനിച്ചു കോഴിക്കോട് പാലേരി കണ്ണൂരില്‍വച്ചാണ് സത്യനിലെ കളിക്കാരന്‍ ജനിക്കുന്നത്. അച്ഛന്‍ ഗോപാലന്‍നായര്‍ പൊലീസിലായിരുന്നു. അച്ഛന്റെ ജോലിമാറ്റത്തിനനുസരിച്ചാണ് സത്യന്‍ കണ്ണൂരിലെത്തിയത്. കണ്ണൂരിലെ എആര്‍ ക്യാംപിലെ പൊലീസ് മൈതാനത്തിലൂടെ കുഞ്ഞ് സത്യന്‍ പന്തുരുട്ടി. കണ്ണൂര്‍ ലക്കി സ്റ്റാറിലൂടെ മല്‍സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. 1979 മുതല്‍ 83 വരെ ലക്കിയില്‍ തുടര്‍ന്നു. പ്രതിരോധത്തിന്റെ ചുക്കാന്‍ പിടിച്ച സത്യനിലൂടെ കേരളത്തിലെ മികച്ച ക്ലബ്ബുകളുടെ നിരയിലേക്കു ലക്കി സ്റ്റാര്‍ ഉയര്‍ന്നു. കേരള കൗമുദി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ സത്യന്‍ കേരള ടീമിലേക്കെത്തി.
വി.പി സത്യന്‍, ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, കുരികേശ് മാത്യു തുടങ്ങിയവരോടൊപ്പം കേരള പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചതോടെ മുന്‍ ഡിജിപി എം.കെ.ജോസഫ് മുന്‍കയ്യെടുത്ത് രൂപീകരിച്ച കേരള പോലീസ് ടീമില്‍ അംഗമായി. 1988 ല്‍ കേരള പൊലീസ് ഡല്‍ഹിയില്‍ അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ ചാംപ്യന്‍മാരായപ്പോള്‍ നായകസ്ഥാനത്തു സത്യനായിരുന്നു. മികച്ച പ്രതിരോധ ഭടനായും ഹാഫ് ബാക്കായും നിര്‍ണായക ഘട്ടങ്ങളില്‍ കയറി ഗോളടിക്കുന്ന സ്‌ട്രൈക്കറായും തിളങ്ങിയ സത്യന്‍ പത്തു വര്‍ഷത്തോളം കേരള പൊലീസ് ജഴ്‌സി അണിഞ്ഞു. അവരെ ഫെഡറേഷന്‍ കപ്പ് ചാംപ്യന്‍ പദവിയിലേക്കു വരെ എത്തിച്ചു. ഡല്‍ഹി ബിഎസ്എഫിനെതിരായ ഫൈനലില്‍ നിര്‍ണായക ഗോളും സത്യന്റെ വകയായിരുന്നു.
സന്തോഷ്ട്രോഫിയില്‍ 7 വര്‍ഷമാണ് കേരളം ഫൈനലില്‍ തോറ്റത്. കോയമ്പത്തൂര്‍ നാഷനലില്‍ 1992ല്‍ ഗോവയെ മൂന്നു ഗോളിനു കേരളം തോല്‍പിച്ചു. 19 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്ക് സത്യന്റെ നേതൃത്വത്തില്‍ സന്തോഷ് ട്രോഫി കൊണ്ടുവന്നു. നായകനായ നാട്ടുകാരനു വലിയ സ്വീകരണമാണു മേക്കുന്നിലെ പൗരാവലി ഒരുക്കിയത്. അന്നു കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നു തുറന്ന വണ്ടിയിലാണു സത്യനെ നാട്ടുകാര്‍ സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചത്. കളിക്കളത്തില്‍ സഹകളിക്കാര്‍ക്ക് ഒരു വിശ്വാസമായിരുന്നു സത്യന്‍. പ്രതിരോധത്തിലെ തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസം. നെഹ്റു കപ്പില്‍ ഉള്‍പ്പെടെ 10 തവണ ക്യാപ്റ്റന്‍സ് ആം ബാന്‍ഡ് അണിഞ്ഞ സത്യന് 1993ല്‍ ഇന്ത്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. സന്തോഷ് ട്രോഫി വിജയത്തിനു പിന്നാലെ കൊല്‍ക്കത്തയില്‍നിന്നു വലിയ ഓഫറെത്തി; മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങിനു വേണ്ടി കളിക്കാന്‍. കരാര്‍ ഒപ്പു വച്ചെങ്കിലും കളിക്കാനായില്ല.
പിറ്റേ വര്‍ഷം കേരള പൊലീസില്‍ത്തന്നെ തിരിച്ചെത്തിയ സത്യന് കൊല്‍ക്കത്ത മോഹന്‍ബഗാന്റെ ഓഫറെത്തി. ഫെഡറേഷന്‍ കപ്പില്‍ ബഗാന്റെ വിജയത്തില്‍ ശ്രദ്ധേയമായ പങ്ക് സത്യന്റേതായിരുന്നു. ഒളിംപിക് ക്യാപ്റ്റന്‍ പി.കെ. ബാനര്‍ജിയുടെ ശിക്ഷണത്തില്‍ ആ ഫുട്‌ബോളര്‍ ഇന്ത്യന്‍ ടീമിലേക്കു നടന്നുകയറി. 1985ല്‍ തിരുവനന്തപുരത്ത് നെഹ്‌റു കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ കളര്‍ അണിഞ്ഞു തുടങ്ങിയ അദ്ദേഹം 80 തവണയാണ് രാജ്യാന്തര തലത്തില്‍ ബൂട്ട് കെട്ടി ഇറങ്ങിയത്. മലേഷ്യയില്‍ നടന്ന മെര്‍ദെക്കാ ഫുട്‌ബോളില്‍ ഇന്ത്യയെ സെമിഫൈനലിലെത്തിച്ച ലോങ്‌റേഞ്ചര്‍ ഗോള്‍ ആ ബൂട്ടില്‍നിന്നായിരുന്നു. സാഫ് ഗെയിംസിലും (1987), ധാക്ക പ്രസിഡന്റ്‌സ് ഗോള്‍ഡ് കപ്പിലും (1988) ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ അദ്ദേഹം, ലോകകപ്പ് യോഗ്യതാ റൗണ്ടിലും 1991ല്‍ പാക്കിസ്ഥാനില്‍ നടന്ന സാര്‍ക്ക് ഗോള്‍ഡ് കപ്പിലും കൊളംബോ, ധാക്ക, സാഫ് ഗെയിംസുകളിലും ഖത്തര്‍ ഇന്‍ഡിപെന്‍ഡന്‍സ് കപ്പിലും നായകനായി. നാലു സാഫ് ഗെയിംസില്‍ പങ്കെടുത്ത ഏക ഇന്ത്യക്കാരനായി അദ്ദേഹം. 1995ലെ സാഫ് ഗെയിംസില്‍ ഇന്ത്യ ഗോള്‍ഡ് മെഡല്‍ നേടിയത് വി. പി സത്യന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹം ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യയുടെ ഫിഫ റാങ്ക് 99 ആയിരുന്നു.
കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി 15 വര്‍ഷത്തോളം ഫുട്ബോള്‍ കളിച്ചു, ക്യാപ്റ്റനായി, പ്രശസ്തമായ ക്ലബ്ബുകളുടെ ഭാഗമായി അതിനുവേണ്ടി പൊലീസിലെ ജോലി ഉപേക്ഷിച്ചു, എന്നിട്ട് എന്തു നേടിയെന്ന ചോദ്യം പലപ്പോഴായി സത്യനു മുന്നിലെത്തി. കേരള പൊലീസിലുണ്ടായിരുന്നെങ്കില്‍ ഡപ്യൂട്ടി കമന്‍ഡാന്റ് റാങ്കിലെങ്കിലും സത്യന്‍ എത്തുമായിരുന്നു. അക്കാര്യത്തിലും നിര്‍ഭാഗ്യം സത്യനൊപ്പം നിന്നു. 1992 ല്‍ കേരളം കോയമ്പത്തൂരില്‍ സന്തോഷ് ട്രോഫി നേടിയപ്പോള്‍ കളിക്കാര്‍ക്കു പ്രമോഷന്‍ ലഭിച്ചിരുന്നില്ല. 1993 ല്‍ കൊച്ചിയില്‍ വിജയിച്ചപ്പോള്‍ സിഐ റാങ്കിലായിരുന്ന സത്യന് അസി. കമന്‍ഡാന്റായി പ്രമോഷന്‍ ലഭിക്കേണ്ടതായിരുന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം പൊലീസിലെ നക്ഷത്രങ്ങള്‍ വേണ്ടെന്നുവച്ചു മോഹന്‍ബഗാനിലേക്ക് പോയത്. പക്ഷേ, കളിയില്‍നിന്നു സത്യന്‍ ഒന്നും സമ്പാദിച്ചിട്ടില്ല; മുപ്പത്തഞ്ചാം വയസ്സില്‍ നേടിയ ഒരു ബാങ്ക് ജോലി ഒഴികെ. ഒരുമിച്ചു കളി തുടങ്ങിയവരൊക്കെ കളം വിട്ടിട്ടും കരുത്തു ചോരാത്ത കാലുകളുമായി സത്യന്‍ കളം നിറഞ്ഞു. 2000 ല്‍ തിരൂരില്‍ നടന്ന ഒരു അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിനിടയ്ക്കാണ് സത്യന്‍ കളി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതായി പ്രഖ്യാപിച്ചത്.
സത്യന്‍ എന്ന കോച്ച് -കം - ക്യാപ്റ്റന്റെ കീഴില്‍ ചെന്നൈ ഇന്ത്യന്‍ ബാങ്ക് ആ കിരീടം നേടി. പതിവു പ്രാക്ടീസുകള്‍ക്കു ശേഷവും ഗ്രൗണ്ടില്‍നിന്നു കയറാതെ അധിക പരിശീലനം നടത്തി, പവര്‍പ്ലേയ്ക്കു സന്നദ്ധനാവുന്ന പ്രഫഷനലായിരുന്നു അദ്ദേഹം; അക്കാരണത്താല്‍ത്തന്നെ പരുക്കുകളുടെ ഇഷ്ടതോഴനും. ഇടതുകാലിനു പരുക്കേറ്റപ്പോഴും സ്റ്റീല്‍ റോഡിട്ട് കളി തുടര്‍ന്ന സത്യന്‍ പില്‍ക്കാലത്ത് ചെന്നൈയില്‍ ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗം സ്വീകരിച്ച് അവരുടെ പരിശീലകനായി ഉയര്‍ന്നു. അക്കാലത്ത്, 2002 ല്‍ സ്റ്റീഫന്‍ കോണ്‍സ്റ്റയിന്റെ കൂടെ തെക്കന്‍ കൊറിയയില്‍ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകന്‍ എന്ന ദൗത്യവും നിര്‍വഹിച്ചു. എങ്കിലും ചില നിര്‍ഭാഗ്യങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നു. ജി.വി.രാജാ അവാര്‍ഡടക്കമുള്ള പല ബഹുമതികളും ലഭിക്കുകയും ഇന്ത്യന്‍ ഫുട്‌ബോള്‍ നായകപദവി നല്‍കി ആദരിക്കുകയും ചെയ്തപ്പോഴും രണ്ടു പതിറ്റാണ്ട് പന്തു കളിച്ച, സി ലൈസന്‍സ് നേടിയ കോച്ച്കൂടിയായ ആ മലയാളി ഒരുതവണ പോലും അര്‍ജുന അവാര്‍ഡിനു പരിഗണിക്കപ്പെട്ടില്ല. ടീമുകള്‍ വിജയം വരിക്കുമ്പോഴും കളിക്കാര്‍ ആദരിക്കപ്പെടാത്ത പരിഭവം സത്യന്‍ മറച്ചുവച്ചില്ല. വിദേശ പര്യടനത്തിനു മുന്‍പ് ഒരു ജോടി ഷൂ വാങ്ങാന്‍ പോലും ഫുട്ബോള്‍ ഫെഡറേഷന്‍ പണം നല്‍കിയിട്ടില്ലെന്ന വേദന സത്യന്‍ അപൂര്‍വം ചില സുഹൃത്തുക്കളുമായി പങ്കുവച്ചു.
കളിക്കളത്തിലെ ഉശിരും വീര്യവും പുറത്ത് സത്യന്റെ തുണയ്‌ക്കെത്തിയില്ല. കണിശമായ അച്ചടക്കത്തില്‍ കളിക്കളങ്ങളെ കയ്യടക്കിയ സത്യന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പതറി. കായികരംഗം നല്‍കിയ അവഗണനയില്‍ മനം നൊന്ത് വിഷാദരോഗത്തിലൂടെ മരണത്തിലേക്കു നടന്നടുത്തു. ഒരുതരം സെല്‍ഫ് ഗോള്‍. 2006 ജൂലായ് 18ന് 41-ാം വയസ്സില്‍ ചെന്നൈയിലെ പല്ലാവരം റെയില്‍വെസ്റ്റേഷനില്‍വെച്ചാണ് വി.പി. സത്യന്റെ ജീവിതയാത്രയ്ക്ക് മരണം ചുവപ്പുകൊടി കാണിച്ചത്. ജീവിതം അവസാനിപ്പിക്കുന്നതിനു മുന്‍പ്, ഫുട്ബോള്‍ താരം വി.പി. സത്യന്‍ ഭാര്യയ്ക്ക് എഴുതിയ കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെയാണ്. 'ഈ കടുംകൈ ചെയ്യുന്നതില്‍ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. നിയമനം കോഴിക്കോട് പട്ടണത്തിലായതിനാല്‍ ഭര്‍ത്താവിന്റെ ഇഷ്ടവിനോദംകൂടിയായ ഫുട്‌ബോളിനു തന്നെ എന്തെങ്കിലും സംഭാവന അര്‍പ്പിക്കാന്‍ കഴിയുമോ എന്നതായിരുന്നു അവരുടെ നോട്ടം. അങ്ങനെയാണ് കോഴിക്കോട് കേന്ദ്രമായി കൊച്ചുകുട്ടികള്‍ക്കായി സത്യന്‍ സോക്കര്‍ സ്‌കൂള്‍ തുടങ്ങിയത്.