ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞവരെ വീണ്ടും വിഎസ് എന്ന രണ്ടക്ഷരം അമ്പരപ്പിച്ചു; പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങി സഖാവിനെ മുഖ്യമന്ത്രിയാക്കിയവര്‍ തെരുവുകളില്‍ കാത്തു നിന്നു; തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളി വരെ എത്താന്‍ എടുത്തത് 16 മണിക്കൂര്‍; കണ്ണേ കരളേ വിഎസേ... ലാല്‍ സലാം..... റെഡ് സല്യൂട്ട്; വിഎസിന്റെ അന്ത്യയാത്രയും ചരിത്രം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയില്‍ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം എത്തിയത് 16 മണിക്കൂര്‍ എടുത്ത്. എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ ഒഴുകിയെത്തി ഒരു നോക്ക് കാണാന്‍ ക്യൂ നിന്നവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് മുഴുവന്‍ പേരേയും ആ മൃതദേഹം കാണിക്കാതെ അവിടെ പൊതു ദര്‍ശനം അവസാനിപ്പിച്ചവര്‍. രാത്രി വീട്ടിലേക്ക് ഒഴുകിയെത്തിയവരെ നിരാശരാക്കി പറഞ്ഞയച്ചവര്‍. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ക്യൂ നിന്നവരെ മുഴുവന്‍ ആ ഭൗതിക ശരീരം കാണിക്കാതെ കൃത്യസമയം പാലിച്ചവര്‍. ഇവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വിഎസിന്റെ ആലപ്പുഴയിലേക്കുള്ള യാത്ര വഴിയില്‍ പതിനായിരങ്ങള്‍ തടിച്ചു കൂടി. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കണ്ടു. എല്ലാ കണക്കൂകൂട്ടലും തെറ്റിച്ച് ആ ബസ് പതിയെ ഇഴഞ്ഞു നീങ്ങുകയാണ്. രാത്രി ഒന്‍പത് മണിക്ക് ആലപ്പുഴയില്‍ എത്തുമെന്ന് കണക്കു കൂട്ടിയവര്‍ക്ക് വീണ്ടും തെറ്റി. പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒന്ന് അറിയില്ലെന്ന് പറഞ്ഞ് വിഎസിന് രണ്ടു തവണ സീറ്റ് നിഷേധിക്കാന്‍ പദ്ധതിയിട്ടവര്‍. തെരിവിലേക്ക് ജനങ്ങളിറങ്ങി വിഎസിനെ മുഖ്യമന്ത്രിയാക്കി. പിന്നെയൊരിക്കല്‍ പ്രതിപക്ഷ നേതാവും. ജനമനസ്സുകളിലെ വിഎസിന്റെ സ്ഥാനം അറിയാതെ സംസ്‌കാര ചടങ്ങുകളില്‍ തീരുമാനം എടുത്ത സിപിഎമ്മെന്ന പാര്‍ട്ടിയെ വിഎസ് അച്യുതാനന്ദന്‍ വീണ്ടും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സമര സൂര്യന്‍ അവസാന യാത്രയിലും വിപ്ലവ നക്ഷത്രമാകുകയാണ്. ചുവന്ന കൊടിയുമായി കണ്ണേ... കരളേ വിഎസേ എന്ന മുദ്രാവാക്യവുമായി അവര്‍ ആ ബസിന് പിന്നാലെ ഓടുകയാണ്..... കേരളം ഇന്നു വരെ ആര്‍ക്കും നല്‍കാത്ത വിരോചിത യാത്ര അയപ്പ്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് താന്‍ എന്ന് തെളിയിക്കുകയാണ് മരണത്തിലും വിഎസ്.. ലാല്‍ സലാം... റെഡ് സല്യൂട്ട്.... ഈ വിളികളില്‍ മുഖരിതമായി വിഎസിന്റെ യാത്ര. ഇങ്ങനെ പോയാല്‍ ഇനിയും വിഎസ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്താന്‍ മണിക്കൂറുകള്‍ എടുക്കും. എല്ലാം വേഗത്തില്‍ ചെയ്ത് മടങ്ങാന്‍ ഒരുങ്ങിയ സഖാക്കളായ നേതാക്കള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥ.
വിഎസിനെ കാണാന്‍ എത്തിയവരെ മുഴുവന്‍ ആ ശരീരം കാണാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും ഈ യാത്ര തിരുവനന്തപുരം കടക്കില്ലായിരുന്നു. കുറച്ച് വേഗം കൂട്ടിയാണ് രാത്രി പതിനൊന്ന് മണിക്ക് ശേഷം ഈ ബസ് നീങ്ങുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോഴും യാത്ര ഇഴഞ്ഞു നീങ്ങുന്നു. വിഎസ് എന്ന ശക്തിയെ ഒടുവില്‍ ദേശാഭിമാനിയും അംഗീകരിച്ചുവെന്നതാണ് വസ്തുത. ഈ വിലാപ യാത്രയെ കുറിച്ച് ദേശാഭിമാനം കുറിച്ചത് ഇങ്ങനെയാണ്- അവകാശ പോരാട്ടങ്ങളുടെ പടത്തലവന്‍ സഖാവ് വിഎസിനെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തെരുവീഥികളെ മുദ്രാവാക്യങ്ങള്‍കൊണ്ട് മുഖരിതമാക്കി കടന്നുപോകുമ്പോള്‍, മനുഷ്യചങ്ങലയെന്ന പോല്‍ കേരളം ഒന്നിച്ചൊന്നായി തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കുന്ന അത്യപൂര്‍വ്വ കാഴ്ചയ്ക്കായിരുന്നു കേരളം സാക്ഷിയായത്. മഴയത്തും നിലയ്ക്കാത്ത ആവേശം. അണമുറിയാത്ത ജനപ്രവാഹം അണിചേര്‍ന്നണിചേര്‍ന്ന് മനുഷ്യക്കടലായി... മുദ്രാവാക്യങ്ങള്‍ അലയൊലികളായി... അടങ്ങാത്ത ആവേശമായി... ഒരു പൂമരക്കാറ്റ് പെയ്തപോലെയാണ് വി എസിന്റെ അടുത്തേയ്ക്ക് ജനങ്ങള്‍ ഒഴുകിയെത്തിയത്. കുഞ്ഞുകുട്ടികള്‍, ചെറുപ്പക്കാര്‍, അമ്മമാര്‍, വയോജനങ്ങള്‍ എന്നിങ്ങനെ ആശുപത്രിക്കിടക്കയില്‍ നിന്ന് വി എസ്സിനെ അവസാനമായി കാണാനായി എത്തിയവര്‍ വരെയുണ്ട് കൂട്ടത്തില്‍. പ്രായഭേദമന്യേ തെരുവീഥികളില്‍ നെഞ്ചുപൊട്ടി വിഎസിനെ എതിരേല്‍ക്കുകയാണ് അവരെല്ലാം. ജനസഹസ്രങ്ങളാണ് മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിക്കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തിയവര്‍ വിശപ്പും ക്ഷീണവും മറന്ന് വീഥികളില്‍ കാത്തിരിക്കുകയാണ്-ദേശാഭിമാനി തന്നെ പറയുന്നു.
2.26ന് തിരുവനന്തപുരത്തെ ദര്‍ബാര്‍ഹാളില്‍ നിന്നുമാണ് വിഎസ്സിന്റെ വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. അവിടെ മുതല്‍ക്ക് ഒപ്പം തടിച്ചുകൂടിയ ജനസാ?ഗരം അണമുറിയാതെ യാത്രയിലുടനാളം പിന്തുടരുകയാണ്. ദേശീയപാതയിലൂടെ വിലാപയാത്ര കടന്നുപോകുമ്പോള്‍ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ജനം. രാത്രിയോടെ വിഎസിനെ ആലപ്പുഴയിലെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിലാപയാത്ര തുടങ്ങി പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും തലസ്ഥാനം കടക്കാന്‍ ജനങ്ങളുടെ സ്‌നേഹം അനുവദിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ 27 കേന്ദ്രങ്ങളിലാണ് വിഎസിനെ കാണാന്‍ അവസരമൊരുക്കിയത്. ഇരുകരകളിലും മനുഷ്യമതില്‍ തീര്‍ത്ത് ഒരു പുഴയായി വി എസിനൊപ്പം അവരും ഒഴുകുകയാണ്. പിഎംജിയും പ്ലാമൂടും പട്ടവും പിന്നിട്ട് കേശവദാസപുരത്ത് എത്തുമ്പോള്‍ കിലോമീറ്ററുകളോളം മനുഷ്യസഞ്ചയമായിരുന്നു. കാര്യവട്ടത്ത് എത്തുമ്പോള്‍ രാത്രി ഏഴു കഴിഞ്ഞു. സര്‍വകലാശാലാ ക്യാമ്പസിലെ വിദ്യാര്‍ഥികളും ജീവനക്കാരുമായി ആയിരത്തിലേറെ പേര്‍. കഴക്കൂട്ടവും ആറ്റിങ്ങലും മനുഷ്യക്കടലായി. ഓരോ കേന്ദ്രത്തിലും ഹൃദയസ്പര്‍ശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമര്‍പ്പിക്കാന്‍ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേര്‍ത്തുനിര്‍ത്തുകയാണ് കേരളം. പതിയെ ഇരുട്ടുമൂടിയിട്ടും മഴ പെയ്ത് തുടങ്ങിയിട്ടും വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയാറായില്ല. തലസ്ഥാന ന?ഗരത്തില്‍ നിന്ന് വി എസ്സിനെ പറിച്ചുമാറ്റാന്‍ കഴിയില്ല എന്ന് ആവര്‍ത്തിക്കുകയായിരുന്നു ഒരോ കേന്ദ്രവും.
സമയം രാത്രി ഏറെ വൈകിയും തലസ്ഥാനത്തിന്റെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ സ്‌നേഹവായ്പുകളും അന്ത്യാഭിവാദ്യങ്ങളും വി എസ്സിനെ തേടിയെത്തുകയാണ്. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്ന ആരെയും നിരാശപ്പെടുത്താതെയാണ് വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്. 12.40ഓടെയാണ് കൊല്ലം ജില്ലയില്‍ വിലാപയാത്രയ്ക്ക് പ്രവേശിക്കാനായത്. പാരിപ്പള്ളിയില്‍ ജനസഹസ്രങ്ങള്‍ വിഎസ്സിന് അന്ത്യാഭിവദ്യങ്ങള്‍ അര്‍പ്പിച്ചു. ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാ?ഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമൊരുക്കിയിട്ടുണ്ട്. പിന്നിട്ട വഴികളിലെല്ലാം സ്‌നേഹത്താല്‍ പൊതിഞ്ഞ് വി എസ്സിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് ജനങ്ങള്‍. അങ്ങനെ മഴയുത്തും അണയാത്ത അമരസ്മരണകളുടെ തീജ്വാലയാകുന്നു വിഎസ്...