നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സി ആര്‍ ആര്‍ ടി-ആന്റിബയോട്ടിക് തുടങ്ങിയ ചികില്‍സയും തുടരും; ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം; രക്തസമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ; അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Update: 2025-07-01 07:18 GMT

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യ നിലയുടെ ഗുരുതരാവസ്ഥ കൃത്യമായി വിശദീകരിക്കുന്നതാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘവും വിഎസിനെ പരിശോധിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്.

തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് എന്നും നില ഗുരുതരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. വെറ്റിലേറ്ററിലാണ് ചികില്‍സയെന്നും പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് സ്‌പെഷ്യലിസ്റ്റുകള്‍ അച്യുതാനന്ദനെ പരിശോധിച്ചു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്. ഈ മെഡിക്കല്‍ സംഘം വിഎസിന് നല്‍കുന്ന ചികില്‍സ വിലയിരുത്തി. ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സി ആര്‍ ആര്‍ ടി-ആന്റിബയോട്ടിക് തുടങ്ങിയ ചികില്‍സയും തുടരാനാണ് ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്താനാണ് തീരുമാനം.

ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. ഡയാലിസിസ് അടക്കം തുടരുമെന്നാണ് സൂചന.

എസ്യുടി ആശുപത്രിയില്‍ നിന്നുള്ള സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഏഴ് സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘം വി എസിനെ പരിശോധിക്കുകയും ചികിത്സ വിലയിരുത്തുകയും ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് സംഘം എസ്യുടിയില്‍ എത്തിയതെന്ന് മെഡിക്കല്‍ ബുളളറ്റിനും പറയുന്നു.

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വി എസിന് 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.



Tags:    

Similar News