തൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് 'പത്താമുദയത്തിന്'; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്‍
തിരുവനന്തപുരം: പ്രായ ഭേദമില്ലാതെ തിരുവനന്തപുരം ഒന്നടങ്കം വിഎസ് അച്യുതാനന്ദനെ കാണാന്‍ ഒഴുകിയെത്തി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലായിരുന്നു അവസാനമായി വിഎസിനെ പാര്‍ട്ടി എത്തിച്ചത്. പിന്നെ അര്‍ദ്ധ രാത്രി തമ്പുരാന്‍ വീട്ടിലെ അവസാന യാത്രയും. ഇതിനിടെ വിഎസിന് ഒരു 'സൗഭാഗ്യം' നിഷേധിച്ചു. സിപിഎമ്മിന്റെ സംസ്ഥാന സമിതി ഓഫീസില്‍ വിഎസിന് എത്താനായില്ല. മുമ്പ് എകെജി പഠന ഗവേഷണ കേന്ദ്രമായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സമിതി ഓഫീസ്. നേതൃയോഗവും പാര്‍ട്ടി ചര്‍ച്ചകളും ഇഠതു മുന്നണി യോഗവുമെല്ലാം പുതിയ ആസ്ഥാനത്തേക്ക് മാറ്റി. അത്യാധുനിക സംവിധാനമുള്ള ഈ ഓഫിസന്റെ പേര് എകെജി സെന്ററെന്നാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഈ മാറ്റത്തിന്റെ തുടക്കക്കാരന്‍. അന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തറക്കല്ലിടലിന് പോലും വിഎസിന് എത്താനായില്ല.
പണി പൂര്‍ത്തിയാക്കി സിപിഎം പ്രവര്‍ത്തന കേന്ദ്രം അങ്ങോട്ട് മാറിയപ്പോഴും പാര്‍ട്ടിയെ കേരളത്തില്‍ കെട്ടിപെടുത്ത തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വന്തം പ്രതിനിധി എത്തിയില്ല. അസുഖമായിരുന്നു അന്നും ആ വിട്ടു നില്‍ക്കലിന് കാരണം. 102-ാം വയസ്സില്‍ പോരാട്ടം നിര്‍ത്തി വിഎസ് മടങ്ങി. വിഎസിനെ അവസാനമായി പുതിയ സിപിഎം ഓഫീസിലേക്ക് കൊണ്ടു പോകുമെന്ന് കരുതിയ സഖാക്കളുണ്ട്. പക്ഷേ നേതൃത്വത്തിന്റെ തീരുമാനം ആ പുതിയ കെട്ടിടം വേണ്ടെന്നായിരുന്നു. അങ്ങനെ താല്‍ ജീവിച്ചിരിക്കെ പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ വിഎസ് മടങ്ങുകയാണ്. വിപ്ലവ സൂര്യന്റെ കരുത്ത് സഖാക്കളുടെ മനസ്സില്‍ ചോരാതെ നില്‍ക്കുമെന്ന കാഴ്ചകളാണ് എല്ലായിടത്തും കാണുന്നത്. 'അവസാന കമ്യൂണിസ്റ്റും' യാത്രയായി എന്ന് വിലപിക്കുന്ന ജനലക്ഷങ്ങള്‍ക്ക് ഇതൊരു തീരാ നഷ്ടമാണ്. ചെന്നൈയില്‍ നിന്നും സിപിഎം സംസ്ഥാന സമിതി ഓഫീസില്‍ എത്താതെ മടങ്ങിയ കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ തിരുവനന്തപുരത്തുണ്ടായിട്ടും വിഎസിനും എത്താനാകുന്നില്ല. എകെജി പഠന ഗവേഷണ കേന്ദ്രമെന്ന പഴയ സംസ്ഥാന സമിതി ഓഫീസിന്റെ പരിമിതികളില്‍ വിഎസ് കിടക്കുമ്പോഴും മുഴങ്ങിയ 'ഇല്ലാ.. ഇല്ലാ... മരിക്കില്ല' എന്ന മുദ്രാവാക്യം പുതിയ എകെജി സെന്ററിലും കേട്ടുവെന്ന യാദൃശ്ചികതയുമുണ്ട്. ഇതിന് കാരണം പഴയതിന് മുന്നില്‍ പുതിയ കെട്ടിടം വന്നതു കൊണ്ട് മാത്രമാണ്. മേടമാസത്തിലെ ശുഭ ദിനമായ പത്താമുദയത്തിനായിരുന്നു എകെജി സെന്ററിലേക്ക് സിപിഎം പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്. ആ തീയതിയിലെ വിശ്വാസ ചര്‍ച്ചകളെ സിപിഎം തള്ളുകയും ചെയ്തു. ആ കെട്ടിടത്തിലേക്കാണ് കേരളത്തിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ ആള്‍രൂപത്തിന് പ്രവേശനം അസാധ്യമായത് എന്നതും യാതൃശ്ചികതയായി.
ഒരു നൂറ്റാണ്ടിന്റെ പോരാട്ട ജീവിതമാണ് നിശ്ചലമായി. മുന്‍ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചത് 102 വയസ്സായിരുന്നു. തിങ്കള്‍ പകല്‍ 3.20ന് പട്ടം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂണ്‍ 23മുതല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കള്‍ രാവിലെ മുതല്‍ രക്തസമ്മര്‍ദത്തില്‍ മാറ്റംവന്നു. പകല്‍ പന്ത്രണ്ടരയോടെ ആന്തരിക രക്തസ്രാവമുണ്ടായി. വി എസ് ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. മര്‍ദനങ്ങള്‍ക്കുമുന്നില്‍ പതറാത്ത പോരാളിയുടെ വേര്‍പാട് എം വി ഗോവിന്ദനാണ് മാധ്യമങ്ങളെ അറിയിച്ചത്. വി എസ് ദീര്‍ഘകാലം പ്രവര്‍ത്തിച്ച എ കെ ജി പഠനഗവേഷണ കേന്ദ്രത്തില്‍ സന്ധ്യയോടെ മൃതദേഹം എത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രക്തപതാക പുതപ്പിച്ചു. തുടര്‍ന്ന് രാത്രി വൈകി വി എസ് താമസിച്ചിരുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടിലേക്ക് കൊണ്ടുപോയി. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമത്തിലായിരുന്നു വി എസ്. ഭാര്യ: കെ വസുമതി. മക്കള്‍: വി എ അരുണ്‍കുമാര്‍, ഡോ. വി ആശ. മരുമക്കള്‍: രജനി ബാലചന്ദ്രന്‍, ഡോ. തങ്കരാജ്.
2006മുതല്‍ 2011വരെ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി. 1980മുതല്‍ 1991വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാണ്. 1923ഒക്ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടില്‍ അയ്യന്‍ ശങ്കരന്റെയും അക്കമ്മ എന്ന കാര്‍ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് ജനനം. വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ ഒമ്പത് മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കവടിയാറിലെ വീട്ടില്‍ നിന്ന് ഭൗതിക ശരീരം രാവിലെ ദര്‍ബാര്‍ ഹാളിലെത്തിക്കും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.
പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്.