വാളയാര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു; ഒരുനടപടിയും പാടില്ലെന്ന് കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്; മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത് തങ്ങളെ കൂടി സിബിഐ പ്രതി ചേര്‍ത്തതിന് എതിരെ
വാളയാര്‍ കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
കൊച്ചി: വാളയാര്‍ കേസില്‍ ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരുനടപടിയും പാടില്ലെന്ന് കോടതി പറഞ്ഞു. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ് നല്‍കി. ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. തങ്ങളെ കൂടി പ്രതി ചേര്‍ത്ത സി ബി ഐ നടപടിക്കെതിരെയാണ് മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്.
സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി മാറ്റുകയായിരുന്നു. കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.
കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മയെയും, ഇളയ പെണ്‍കുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസില്‍ പ്രതി ചേര്‍ത്തതായി സി ബി ഐ വിചാരണ കോടതിയെ അറിയിച്ചത്. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സി ബി ഐ കണ്ടെത്തല്‍. ആകെയുള്ള 9 കേസുകളില്‍ 6 എണ്ണത്തില്‍ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ത്തതായി സി ബി ഐ കോടതിയെ അറിയിച്ചു. 3 കേസുകളില്‍ പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടരുകയാണ്.
മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സി ബി ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സി ബി ഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 13 ഉം 9 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സി ബി ഐ അന്വേഷണം.