ചൈനയില്‍ നിന്ന് കാമുകിയെ കാണാന്‍ യുഎസില്‍ എത്തിയപ്പോള്‍ കൂടെ അപകടകാരിയായ ഫംഗസും കടത്തി; ഗവേഷകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കാമുകിയും പിടിയില്‍; അമേരിക്കയിലെ കൃഷിയിടങ്ങളെ നശിപ്പിക്കാനുള്ള ചൈനയുടെ ഭീകരായുധമെന്ന് എഫ്ബിഐ; വിളകളെ മാത്രമല്ല മനുഷ്യരെയും ബാധിക്കും; ചൈന പുതിയ യുദ്ധമുറ പയറ്റുന്നോ?

ചൈന പുതിയ യുദ്ധമുറ പയറ്റുന്നോ?

Update: 2025-06-04 10:34 GMT

വാഷിങ്ടണ്‍: ആധുനിക കാലത്ത് യുദ്ധമുറകള്‍ മാറുകയാണ്. കൃഷിയിടങ്ങളെ പോരാട്ടക്കളങ്ങളാക്കി മാറ്റുകയാണോ? യുഎസിലെ കാര്‍ഷിക മേഖലയില്‍ വന്‍ദുരന്തം സൃഷ്ടിച്ചേക്കാവുന്ന ജൈവ പകര്‍ച്ച രോഗാണുക്കളെ കടത്താന്‍ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാരെ പിടികൂടിയതോടെ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയും ആഗ്രോ ടെററിസത്തില്‍ നിന്ന് മുക്തമല്ല. അതിര്‍ത്തി പങ്കിടുന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും കുത്തിത്തിരിപ്പുകള്‍ കാരണം മുഖ്യ കാര്‍ഷിക സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവ ഭീഷണി നേരിടുന്നുണ്ട്.

അമേരിക്കയില്‍ സംഭവിച്ചത്

രണ്ട് ചൈനീസ് പൗരന്മാര്‍, ഒരു ശാസ്ത്രജ്ഞനും അയാളുടെ പെണ്‍സുഹൃത്തും കൂടി യുഎസിലെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കാന്‍ പാകത്തിനുള്ള അപകടകാരിയായ ഫംഗസ് കടത്തിയതിനാണ് പിടിക്കപ്പെട്ടത്. ഇതില്‍ യുവതി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്‌നമായാണ് ട്രംപ് ഭരണകൂടം ഈ ഫംഗസ് കടത്തലിനെ കാണുന്നത്. സുന്‍യോങ് യിയു എന്ന ചൈനീസ് ഗവേഷകനാണ് ഫംഗസ് കടത്താന്‍ ശ്രമിച്ചത്. തന്റെ കൂട്ടുകാരി യുന്‍ക്വിങ് ജിയാന്‍ ജോലി ചെയ്യുന്ന മിഷിഗണ്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്താന്‍ വേണ്ടിയാണ് ഫംഗസ് കടത്തിയതെന്നാണ് സുങ് യോങ് ലിയുവിന്റെ ന്യായീകരണം. യുന്‍ക്വിങ് ജിയാന് പാതജനെ കുറിച്ചുള്ള ഗവേഷണത്തിന് ചൈനീസ് സര്‍ക്കാരിന്റെ ഫണ്ട് കിട്ടുന്നുണ്ടെന്ന് യുഎസ് അധികൃതര്‍ ആരോപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയതു.

'ഫ്യുസേറിയം ഗ്രമിനീറം' എന്ന ഫംഗസാണ് ചൈനീസ് ഗവേഷകന്‍ കടത്താന്‍ ശ്രമിച്ചത്. ഈ ഫംഗസിനെ ശക്തിയേറിയ ആഗ്രോ ടെററിസം ആയുധമായാണ് അമേരിക്ക ക്ലാസിഫൈ ചെയ്തരിക്കുന്നത്. ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നീ വിളകളെ തുടച്ചുനീക്കുന്നതിനൊപ്പം മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. കരള്‍ തകരാറിനും പ്രത്യുത്പാദന അവയവങ്ങളുടെ തകരാറിനും ഇത് കാരണമാകാം. ഓരോ വര്‍ഷവും, ലോകത്തെമ്പാടും ബില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടം വരുത്തുന്നതിന് പിന്നിലും ഈ ഫംഗസാണെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി.

കാമുകിയെ കാണാന്‍ വന്നപ്പോള്‍ ഫംഗസും കടത്തി

ചൈനീസ് ഗവേഷകനായ സുങ് യോങ് ലിയു(34) തന്റെ പെണ്‍സുഹൃത്തായ യുന്‍ക്വിങ് ജിയാനെ(33) കാണാന്‍ 2024 ജൂലൈയില്‍ യുഎസില്‍ എത്തിയപ്പോഴാണ് ഫംഗസ് കടത്തിയത്. പെണ്‍സുഹൃത്ത് ജോലി ചെയ്യുന്ന മിഷിഗണ്‍ സര്‍വകലാശാല ലാബില്‍ ഗവേഷണം നടത്താന്‍ വേണ്ടിയാണ് പാതജന്‍ കടത്തിയതെന്ന് ലിയു സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ഇലക്ട്രോണിക് ആശയവിനിമയത്തില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചു. ഗൂഢാലോചന, അനധികൃത കടത്ത്, വിസ തട്ടിപ്പ്, തെറ്റായ സത്യവാങ്മൂലം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള യുന്‍ക്വിങ് ജിയാന്റെ ബന്ധവും ഇരുവര്‍ക്കും വിനയായി. പൊതുസുരക്ഷയ്്ക്ക് വലിയ ഭീഷണിയാണ് ഇരുവരുടെയും പ്രവൃത്തിയെന്ന് എഫ്ബിഐ പറയുന്നു. അരേിക്കന്‍ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി യുഎസിലെ ഭക്ഷ്യവിതരണ ശൃംഖലയെ താറുമാറാക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന സംഭവമാണിതെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.


യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാകും

ഫംഗസ് കടത്തിനെ കുറിച്ച് എഫ്്ബിഐയും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും സംയുക്തമായാണ് അന്വേഷിക്കുന്നത്. യുഎസില്‍ ജോലി ചെയ്യുന്ന ചൈനീസ് ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും വിസ റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് യുഎസ്-ചൈന ബന്ധം വഷളാക്കി പുതിയ സംഭവം ഉണ്ടാകുന്നത്.

എന്താണ് ബയോളജിക്കല്‍ പാതജനുകള്‍?

മനുഷ്യരും, മൃഗങ്ങളും, ചെടികളും അടക്കമുള്ള ജീവജാലങ്ങള്‍ക്ക് രോഗമോ ഹാനിയോ ഉണ്ടാക്കാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളാണ് ബയോളജിക്കല്‍ പാതജനുകള്‍

എന്താണ് 'ഫ്യുസേറിയം ഗ്രമിനീറം'?

ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നീ വിളകളെ ബാധിക്കുന്ന അപകടകരകാരിയായ ഫംഗസാണ് ഫ്യുസേറിയം ഗ്രമിനീറം. ഫ്യുസേറിയം ഹെഡ് ബ്ലൈറ്റ് അഥവാ സ്‌കാബ് എന്ന രോഗമാണ് ഈ ഫംഗസ് ഉണ്ടാക്കുന്നത്. വിളകളുടെ ഗുണനിലവാരത്തെയും വിളവിനെയും സാരമായി തകരാറിലാക്കും.

ഈ ഫംഗസ് വിഷവസ്തുക്കളായ ഡിയോക്‌സിനിവാലെനോള്‍, സെറാലെനോണ്‍ എന്നിവ ഉത്പാദിപ്പിക്കും. ഇവ വിളകള്‍ക്ക് ദോഷമാണ്. വിളകളെയും ഭക്ഷ്യവിതരണത്തെയും താറുമാറാക്കുന്നത് കൊണ്ട് തന്നെ കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയായാണ് 'ഫ്യുസേറിയം ഗ്രമിനീറത്തെ കണക്കാക്കുന്നത്.

എന്താണ് അഗ്രോ ടെററിസം?

കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടാക്കാനായി മനപൂര്‍വം രോഗകാരികളായ അണുക്കളെയും ഫംഗസുകളെയും സൃഷ്ടിച്ചുവിടുന്ന ഭീകരപ്രവര്‍ത്തനമാണിത്. വിളകള്‍, കന്നുകാലികള്‍, ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയെ ലക്ഷ്യം വയ്്ക്കുന്ന ജൈവ ഭീകരതയാണിത്. പാതജനുകള്‍ പടര്‍ന്നാല്‍ ഭക്ഷ്യക്ഷാമത്തിന് പുറമേ വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാകും.

1984 ല്‍ ഓറിഗണിലെ ഒരു മത കള്‍ട്ട് പ്രസ്ഥാനം പ്രാദേശിക തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ട് സാലഡ് ബാറുകളില്‍ സാല്‍മോണല്ല ബാക്ടീരിയ കടത്തി വിട്ട് വിഷലിപ്തമാക്കിയത് ആഗ്രോ ടെററിസത്തിന്റെ ഉദാഹരണമാണ്. അന്ന് 750 ഓളം പേര്‍ ആശുപത്രിയിലായിരുന്നു.

Tags:    

Similar News