യഹൂദരുടെ ഏറ്റവും പരിപാവനമായ പ്രായശ്ചിത്ത ദിനം; വെളുത്ത വസ്ത്രം ധരിച്ച് ഉപവസിക്കുന്ന ദിനം; അന്ന് അവധിദിനത്തിലെ ആലസ്യം മുതലെടുത്ത് ഇരച്ചെത്തിയ അറബ് സൈന്യം; ഇന്ന് മാഞ്ചസ്റ്ററിലെ സിനഗോഗ് ആക്രമണമുണ്ടായതും ഇതേ ദിനത്തില്‍; യോം കിപ്പൂരില്‍ വീണ്ടും ജൂത രക്തം ഒഴുകുമ്പോള്‍
യഹൂദരുടെ ഏറ്റവും പരിപാവനമായ പ്രായശ്ചിത്ത ദിനം
ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ യഹുദ ദേവാലയമായ സിനഗോഗിലുണ്ടായ ആക്രമണം ലോകത്തെ നടുക്കിയിരിക്കയാണ്. മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണമുണ്ടായത്.ഇത് കൃത്യമായ ഭീകരാക്രമണമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. രണ്ട് പേരെ അക്രമി കൊലപ്പെടുത്തി. നിരവധി പേര്‍ക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.
ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂര്‍ ദിനത്തിലെ ആക്രമണമായതിനാല്‍ ഭീകരാക്രമണമെന്ന സംശയത്തിലാണ് പൊലീസ്. സിനഗോഗുകളില്‍ സാധാരണയായി തിരക്കേറിയ സമയമാണ് യോം കിപ്പൂര്‍. സിനഗോഗില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ ആക്രമി ആദ്യം കാര്‍ ഓടിച്ച് കയറ്റിയതായും ശേഷം ആളുകളെ ആക്രമിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം യോം കിപ്പൂര്‍ ദിനത്തിലാണെന്ന് വാര്‍ത്തകള്‍ വന്നതോടെ, പഴയ യോം കിപ്പൂര്‍ യുദ്ധവും ഓര്‍മ്മകളില്‍ നിറയുകയാണ്.
എന്താണ് യോം കിപ്പൂര്‍ ദിനം?
ജൂതരുടെ പരിപാവനമായ ദിനമാണിത്. യോം കിപ്പൂര്‍ അഥവാ 'പ്രായശ്ചിത്ത ദിനം,' യഹൂദരുടെ ഏറ്റവും വിശുദ്ധമായ ദിവസമാണ്. ഈ ദിവസം യഹൂദര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുകയും ദൈവത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഇതിനായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദിവസത്തില്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ദിനമാണിത്. ഇത് റോഷ് ഹഷാന (യഹൂദ പുതുവത്സരം) ആരംഭിക്കുന്ന പത്ത് ദിവസത്തെ പശ്ചാത്താപ ദിനങ്ങളുടെ അവസാനമാണ്.
ഈ ദിവസങ്ങളില്‍ ആരോഗ്യമുള്ള മുതിര്‍ന്നവര്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. തുടര്‍ന്ന് അവര്‍ സിനഗോഗുകളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും, പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്യുന്നു.
സ്വന്തം തെറ്റുകളെക്കുറിച്ച് ആത്മാര്‍ത്ഥമായി അനുതപിക്കുകയും മറ്റുള്ളവരോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പുരാതന ആചാരമനുസരിച്ച്, ആഢംബരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന തുകല്‍ ഷൂസ് അവര്‍ ഒഴിവാക്കുന്നു. വെളുത്ത വസ്ത്രമാണ് ഈ ദിനത്തില്‍ യഹൂദര്‍ ധരിക്കുക. ശുദ്ധീകരണം, വിനയം എന്നിവയുടെ പ്രതീകമായാണിത്. ഹീബ്രു കലണ്ടറിലെ തിഷ്രി മാസത്തിലെ പത്താം ദിവസമാണ് ഇത്.ഇത് സാധാരണയായി സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളിലാണ് വരുന്നത്.ഒരു ജനതയെന്ന നിലയില്‍ യഹൂദരുടെ ബന്ധം ശക്തിപ്പെടുത്തുന്ന ആചാരമാണിത്. പക്ഷേ
1973-ലെ യോം കിപ്പുര്‍ ദിനം യഹൂദര്‍ ഒരിക്കലും മറക്കില്ല. ഒക്ടോബര്‍ 6 ആയിരുന്നു അന്ന്. റംസാന്‍ മാസത്തിലെ പത്താംനാളും അന്നായിരുന്നു. ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ദിനമായതിനാല്‍ കടകമ്പോളങ്ങള്‍ തുറക്കുകയോ വാഹനങ്ങള്‍ ഓടുകയോ ചെയ്യില്ല. ഇത് ശത്രുക്കള്‍ മുതലെടുത്തു. അങ്ങനെയാണ് ഇസ്രയേല്‍ ആക്രമിക്കപ്പെട്ടത്.
വിശുദ്ധ ദിനത്തിലെ യുദ്ധം
48-ല്‍ പിറന്നുവീണ ഉടനെ ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിച്ചത്. അന്ന് അവര്‍ തോറ്റമ്പി. തുടര്‍ന്ന് 1967 -ല്‍ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. പക്ഷേ വെറും 6 ദിവസം കൊണ്ട് 10 രാഷ്ട്രങ്ങളുടെ പിന്തുണയുള്ള അറബ് സഖ്യ സൈന്യത്തെ ഇസ്രയേല്‍ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ആ ചരിത്ര വിജയം. ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും ആറു ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാന്‍ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, ഫലസ്തീന്റെയും, ജോര്‍ദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു! പിന്നെ ലാന്‍ഡ് ഫോര്‍ പീസ് എന്ന ഫോര്‍മുല അനുസരിച്ച് ഇസ്രയേല്‍ അവ വിട്ടുകൊടുക്കയായിരുന്നു.
ഇങ്ങനെ തുടര്‍ച്ചയായ തോല്‍വികളില്‍നിന്ന് പകരം വീട്ടാനും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുമായി ഈജിപ്തിലെ പ്രസിഡന്റ് അന്‍വര്‍ സാദാത്തും സിറിയയിലെ പ്രസിഡന്റ് ഹാഫിസ് അല്‍ അസ്സദും (ബഷാര്‍ അല്‍ അസ്സദിന്റെ പിതാവ്) ആസൂത്രണം ചെയ്തതായിരുന്നു 1973ലെ യുദ്ധം. ജൂതരുടെ പരിപാവനമായ യോം കിപ്പൂര്‍ ദിനമായ ഒക്ടോബര്‍ 6 ആയിരുന്നു അവര്‍ തിരഞ്ഞെടുത്ത ദിനം.
അന്നുച്ചതിരിഞ്ഞ് നാലാം അറബ്-ഇസ്രയേല്‍ യുദ്ധം തുടങ്ങി. വടക്കുനിന്ന് സിറിയയും തെക്കുനിന്ന് ഈജിപ്തും ഇസ്രയേലിനെ ആക്രമിച്ചു. 1967-ലെ ആറുദിന യുദ്ധത്തില്‍ (മൂന്നാം അറബ് യുദ്ധം) ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷന്‍ ബദര്‍ എന്നായിരുന്നു ആ സൈനികനടപടിക്കു പേര്. സൂയസ് കനാല്‍ കടന്ന് ഈജിപ്തിന്റെ സൈന്യം സീനായി മുനമ്പിലെത്തി. സിറിയന്‍ സേന ഗോലാന്‍ കുന്നുകളില്‍ കടന്നുകയറി. അറബികളുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് ഈ വിധത്തില്‍ തിരിച്ചടിയേല്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു.
ഇസ്രയേല്‍ തിരിച്ചടിക്കുന്നു
അതിര്‍ത്തികളിലെ പടയൊരുക്കം ഇസ്രയേല്‍ അറിഞ്ഞിരുന്നു. പക്ഷേ, പുണ്യമാസത്തില്‍ ഒരാക്രമണം കരുതിയിരുന്നില്ല. യോം കിപ്പൂറായതിനാല്‍ ഒട്ടേറെ പട്ടാളക്കാര്‍ അവധിയിലായിരുന്നു. പടപ്പുറപ്പാടിന് ഇസ്രയേലിന് സമയംവേണ്ടിവന്നു. ആ നേരം ഈജിപ്തും സിറിയയും മുതലാക്കി. ഗോള്‍ഡ മെയര്‍ ആയിരുന്നു അന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. ആദ്യത്തെ പകപ്പുനീങ്ങിയപ്പോള്‍ ഇസ്രയേല്‍ തിരിച്ചടിച്ചു. അപ്പോഴേക്കും ഈജിപ്തിന്റെയും സിറിയയുടെയും സംയുക്ത ആക്രമണം മൂന്നുദിനം പിന്നിട്ടിരുന്നു.
മുന്‍യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അവയിലെല്ലാം ഇസ്രയേല്‍ നേടിയ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ജനറല്‍ മുഷേ ഡയാനായിരുന്നു അന്ന്, ഇസ്രയേലിന്റെ പ്രതിരോധമന്ത്രി. രാജ്യത്തെ യുദ്ധസജ്ജമാക്കിയില്ലെന്ന പേരില്‍ അദ്ദേഹത്തിനു രൂക്ഷമായ വിമര്‍ശനങ്ങളെ നേരിടേണ്ടിവന്നു. യുദ്ധത്തിനു ശേഷം രാജിവയ്ക്കേണ്ടിവരികയും ചെയ്തു. പ്രധാനമന്ത്രി ഗോള്‍ഡ മെയറും കഠിനമായി വിമര്‍ശിക്കപ്പെട്ടു. അവരുടെ രാജിക്കും ആ യുദ്ധം കാരണമായി.
എങ്കിലും, ആദ്യ ദിവസങ്ങളിലെ പരിഭ്രാന്തിക്കുശേഷം ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചു. ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയുടെ 100 കിലോമീറ്റര്‍ അടുത്തുവരെ എത്തി. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌ക്കസിന്റെ 35 കിലോമീറ്റര്‍ അടുത്തുവരെയും എത്തി. യുഎന്‍ രക്ഷാസമിതി ഇടപെട്ടതിനെ തുടര്‍ന്നു പതിനെട്ടാം ദിവസമാണ് വെടിനിര്‍ത്തലുണ്ടായത്. പക്ഷേ ആന്ത്യന്തികമായി ഇവിടെയും ജയം ഇസ്രയേിന് തന്നെയായിരുന്നു. അന്ന് 2656 ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ഈജിപ്തിനും സിറിയയ്ക്കും നഷ്ടമായത് 18,000 പേരുടെ ജീവന്‍.
റംസാന്‍ യുദ്ധം
ഹെന്റി കിസിഞ്ജറായിരുന്നു നിക്സന്റെ ദേശരക്ഷാ ഉപദേഷ്ടാവ്. സമാധാനശ്രമങ്ങളുമായി കയ്റോയിലും ഡമാസ്‌കസിലും ടെല്‍ അവീവിലും കിസിഞ്ജര്‍ മാറിമാറിപ്പറന്നു. ആ 'ഷട്ടില്‍ ഡിപ്ലൊമസി'യുടെ ഫലമായിരുന്നു വെടിനിര്‍ത്തലെന്ന് നിരീക്ഷണങ്ങളുണ്ട്. ഇസ്രയേലിന്റെയും അറബ് രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളില്‍ പല തവണ പറന്നെത്തി അവരുടെ നേതാക്കളുമായി കിസ്സിഞ്ജര്‍ നടത്തിയ ചര്‍ച്ചകളാണ് ഷട്ടില്‍ ഡിപ്ളോമസി എന്നറിയപ്പെടാന്‍ തുടങ്ങിയത്. സീനായ് അര്‍്ദ്ധദ്വീപിന്റെ ബാക്കിയുള്ള ഭാഗംകൂടി ഈജിപ്തിനു തിരിച്ചുകിട്ടാന്‍ അതു വഴിയൊരുക്കി. അതേസമയം, സിറിയയുടെ ഗോലാന്‍ കുന്നുകളും ജോര്‍ദ്ദാനില്‍നിന്നു പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവയും ഇപ്പോഴും ഇസ്രയേലിന്റെ കൈയിലാണ്.
ഒടുവില്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട്, ഒക്ടോബര്‍ 22-ന് വെടിനിര്‍ത്തലുണ്ടായി. ആ വെടിനിര്‍ത്തലിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് യുദ്ധത്തിലെ കക്ഷികള്‍ പരസ്പരം പഴിച്ചു. രണ്ടുദിവസത്തിനുശേഷം വീണ്ടും വെടിനിര്‍ത്തലുണ്ടായി. അത് അന്തിമമായിരുന്നു. അങ്ങനെ 1973 ഒക്ടോബര്‍ 26-ന് യുദ്ധം അവസാനിച്ചു. ചരിത്രത്തില്‍ ആ യുദ്ധം പലപേരുകളില്‍ അറിയപ്പെട്ടു. ഒക്ടോബര്‍ യുദ്ധമെന്നും യോം കിപ്പൂര്‍ യുദ്ധമെന്നും റംസാന്‍ യുദ്ധമെന്നും 1973-ലെ അറബ് യുദ്ധമെന്നും വിളിക്കപ്പെട്ടു.
ഇസ്രയേലിന് ഇരട്ടി ഭൂമി
പക്ഷേ യോം കിപ്പൂര്‍ യുദ്ധത്തില്‍ ഇസ്രയേലിന് ഇരട്ടി ഭൂമി ലഭിക്കുന്നതിലേക്ക് വഴി വച്ചു. ഒക്ടോബര്‍ യുദ്ധത്തിന് ശേഷം ശത്രുരാജ്യങ്ങളുമായി നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. യഹൂദര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ രാഷ്ട്രത്തിന്റെ വളര്‍ച്ച നോക്കി കാണാനായത് ഇതിനുശേഷമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
യുദ്ധസമയത്ത്, ഈജിപ്ഷ്യന്‍, സിറിയന്‍ സേനകള്‍ക്കെതിരെ താരതമേന്യ സൈനിക ബലം കുറവായിരുന്ന ഇസ്രയേല്‍ അതിശക്തമായ ചെറുത്തു നില്‍പ്പ് നടത്തി. സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ആക്രമണം സ്തംഭിച്ചു. ഗോലാന്‍ കുന്നുകളില്‍, നിന്ന് സിറിയന്‍ സൈന്യത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. സിറിയന്‍ പ്രദേശത്തേക്ക് പോലും ഇസ്രയേല്‍ മുന്നേറി. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് സൈന്യം ഇരച്ചുകയറി. അതേ സമയം, ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് 60 മൈല്‍ ഉള്ളിലേക്കും സൈന്യം എത്തിച്ചേര്‍ന്നു.
മധ്യപൂര്‍വദേശത്തെ പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള വാതില്‍ കിസ്സിഞ്ജറുടെ ഷട്ടില്‍ ഡിപ്ളോമസിയോടെ അമേരിക്കയുടെ മുന്നില്‍ തുറക്കപ്പെട്ടു. പിന്നീട് യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മധ്യസ്ഥതയില്‍ സാദാത്തും ഇസ്രയേല്‍ പ്രധാനമന്ത്രി മെനാഹം ബെഗിനും തമ്മില്‍ ചര്‍ച്ച നടന്നു. ഈജിപ്ത്-ഇസ്രയേല്‍ സമാധാന ഉടമ്പടിയില്‍ 1979ല്‍ അവര്‍ ഒപ്പുവച്ചതോടെ ഇസ്രയേലിനെ ഈജിപ്ത് ഒരു രാഷ്ട്രമായി അംഗീകരിക്കുകയും അതുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.
അതുവരെ ഒരു അറബ് രാജ്യവും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല. വൈകാതെ ജോര്‍ദന്‍ അടക്കമുള്ള രാജ്യങ്ങളും സമാധാന വഴിയില്‍ വന്നു. ഇസ്രയേല്‍ ആവട്ടെ ആര്‍ക്കും തോല്‍പ്പിക്കാനാവത്ത ഒരു ശക്തി എന്ന നിലയില്‍ വിലയിരുത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക്ശേഷം, ബ്രിട്ടനിലെ സിനഗോഗ് ആക്രമണത്തിലൂടെ, യോം കിപ്പുറില്‍ വീണ്ടും ചോര കിനിയുകയാണ്.