ബംഗളുരുവിലെ സുഖ ചികിത്സയില്‍ മനസ്സു നിറഞ്ഞ് ചാള്‍സ് രാജാവും കാമിലയും; യോഗയും തെറാപ്പിയും അടങ്ങുന്ന ചികിത്സക്ക് ശേഷം ബ്രിട്ടനിലേക്ക് മടങ്ങും; ബെംഗളൂരു വിടുന്നത് മലയാളി ഡോക്ടര്‍ ഐസക് മത്തായിയുടെ സൗഖ്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി

ബംഗളുരുവിലെ സുഖ ചികിത്സയില്‍ മനസ്സു നിറഞ്ഞ് ചാള്‍സ് രാജാവും കാമിലയും

Update: 2024-10-30 12:15 GMT

ബെംഗളൂരു: തീര്‍ത്തും സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് രാജവ് ചാള്‍സ് മൂന്നാമനും പത്‌നി കാമില പാര്‍ക്കറും ഇന്നും മടങ്ങു. മൂന്ന് ദിവസമായി ബംഗളുരുവിലെ സുഖചികിത്സാ കേന്ദ്രത്തിലെ വാസത്തില്‍ മനസ്സു നിറഞ്ഞാകും ബ്രിട്ടീഷ് രാജാവും രാജ്ഞിയും മടങ്ങുക. ബംഗുളുരിലെ വൈറ്റ്ഫീല്‍ഡിലെ വെറ്റ്ഫീല്‍ഡിലെ സുഖചികിത്സാ കേന്ദ്രമായ സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ഈ മാസം 26നാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്.

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സമോവയില്‍ 21 മുതല്‍ 26 വരെ നടന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്മാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് 75കാരനായ ചാള്‍സ് മൂന്നാമന്‍ നേരെ ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. 77കാരിയായ കാമില ഒരാഴ്ച മുന്‍പ് സൗഖ്യയില്‍ എത്തിയിരുന്നു. മുന്‍പും സൗഖ്യയില്‍ എത്തിയിട്ടുള്ളവരാണ് ഇരുവരും.

ചാള്‍സ് മൂന്നാമന്‍ മുന്‍പും ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് രാജാവായ ശേഷമുള്ള ആദ്യ സന്ദര്‍ശനം ആയിരുന്നു ഇത്. സ്വകാര്യ സന്ദര്‍ശനമെന്ന രീതിയിലാണ് ഇരുവരും ഇവിടെ എത്തിയത്. ശനിയാഴ്ച രാത്രി എച്ച്എഎല്‍ വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റിലെത്തിയ ചാള്‍സ് സൗഖ്യയിലേക്ക് തിരിക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡ് യാര്‍ഡും സെന്‍ട്രല്‍ ഇന്റലിജന്‍സും കര്‍ണാടക പോലീസും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.


 



സൗഖ്യയിലെ ചികിത്സാ രീതികളില്‍ മനസ്സു നിറഞ്ഞാണ് ഇരുവരും മടങ്ങുന്നത്. അതിരാവിലെ യോഗ സെഷന്‍, പിന്നീട് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണത്തിന് മുന്‍പ് പുനരുജ്ജീവന ചികിത്സ എന്നിവ സൗഖ്യയിലെ സുഖചികിത്സയില്‍ ഉള്‍പ്പെടുത്തിയരുന്നു. അതിസുന്ദരമായ സ്പായുടെ അനുഭവവും ചാള്‍സും കാമിലയും അനുഭവിച്ചതായാണ് റിപ്പോര്‍ട്ട്.

ഘട്ടം ഘട്ടമായാണ് ചാള്‍സിനുള്ള ചികിത്സ പ്ലാന്‍ ചെയ്തിരുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമം, പിന്നീട് തെറാപ്പിയുടെ രണ്ടാംഘട്ടംവും തുടങ്ങി. മെഡിറ്റേഷന്‍ സെഷനോടെയാണ് തെറാപ്പി അവസാനിക്കുക. അത്താഴം പൂര്‍ത്തിയാക്കി രാത്രി ഒന്‍പതുമണിയോടെ ഉറക്കം. സൗഖ്യയിലെ കാംപസില്‍ ദീര്‍ഘമായ നടത്തവും ജൈവ കൃഷിയിടം, കന്നുകാലി തൊഴുത്ത് സന്ദര്‍ശിക്കലും ദമ്പതികള്‍ ആസ്വദിച്ചതായാണ് വിവരം.

വെറ്റ്ഫീല്‍ഡിലെ സമേതനഹള്ളിയില്‍ താമസിക്കുന്ന മലയാളി കൂടിയായ ഡോ. ഐസക് മത്തായി നൂറനാല്‍ ആണ് സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറും. കഴിഞ്ഞ 15 വര്‍ഷമായി ചാള്‍സ് മൂന്നാമന്റെ ആരോഗ്യ കാര്യങ്ങളില്‍ ഇദ്ദേഹം ഉപദേശം നല്‍കിവരുന്നുണ്ട്. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ എന്നീ പരമ്പരാഗത ചികിത്സാ രീതികളും ഇവയ്ക്ക് പുറമേ, റിഫ്‌ലക്‌സോളജി, അക്യുപ്രഷര്‍, അക്യുപങ്ചര്‍, ഡയറ്റെറ്റിക്‌സ് തുടങ്ങിയ 30 കോംപ്ലിമെന്ററി തെറാപ്പികളും ഉള്‍പ്പെട്ടതാണ് ഇവിടുത്തെ ചികിത്സാ രീതി.


 



മുന്‍പ് ഒന്‍പതു തവണ സൗഖ്യയില്‍ എത്തിയിട്ടുള്ള ചാള്‍സ് മൂന്നാമന്‍ മൂന്നു തവണ ദീപാവലി ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. അന്ന് ആരോഗ്യം ചുറുചുറുക്കോടെ നിലനിര്‍ത്താനുള്ള ചികിത്സയ്ക്കും മറ്റുമാണ് വിധേയനായിരുന്നത്. 2019 നവംബറില്‍ ചാള്‍സ് തന്റെ 71-ാം ജന്മദിനം ആഘോഷിച്ചതും ബെംഗളൂരുവില്‍ വെച്ചാണ്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മൂത്തമകനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി സ്ഥാനാരോഹണം ചെയ്തത്. 2022ലായിരുന്നു സ്ഥാനാരോഹണ ചടങ്ങായ ഓപ്പറേഷന്‍ സ്പ്രിങ് ടൈഡ് നടന്നത്. ബ്രിട്ടീഷ് രാജപദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയായ വ്യക്തിയാണ് ചാള്‍സ്.

നര്‍ത്തകി മല്ലിക സാരാഭായി, നോബല്‍ സമ്മാന ജേതാവായ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, ഓസ്‌കാര്‍ ജേതാവായ ഹോളിവുഡ് നടി എമ്മ തോംസണ്‍, ഡച്ചസ് ഓഫ് യോര്‍ക്ക് സാറാ ഫെര്‍ഗൂസണ്‍, മിഡില്‍ ഈസ്റ്റിലെയും യൂറോപ്പിലെയും രാജകുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുമായി സഖ്യയില്‍ എത്തിയിട്ടുണ്ട്. യോഗ ഹാള്‍, ലൈബ്രറി, നീന്തല്‍ക്കുളം തുടങ്ങിയ സൗകര്യങ്ങളുള്ള 25 മുറികള്‍ ഇവിടെ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.


 



ആയുര്‍വേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയാണ് സൗഖ്യയിലേത്. അക്യുപങ്ചര്‍, റിഫ്ലെക്സോളജി, വിവിധ മസാജുകള്‍, ശാരീരിക ദോഷങ്ങളെ സന്തുലിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ചികിത്സയായ പഞ്ചകര്‍മ്മ പോലുള്ള ഡീടോക്സ് ചികിത്സകള്‍ ഉള്‍പ്പെടുന്ന ചില പ്രോഗ്രാമുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന അധിക ചികിത്സകളില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News