'ദയവായി പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ; ഭാര്യയുടെ പീഡനം സഹിക്ക വയ്യ; കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുന്നു': 7 മിനിറ്റ് വീഡിയോ ഇട്ട് ആഗ്രയില്‍ ടെക്കി ജീവനൊടുക്കി; ആരോപണങ്ങള്‍ നിഷേധിച്ച് ഭാര്യ; മാനവിന്റെ ആത്മഹത്യയില്‍ അന്വേഷണം
ഭാര്യയുടെ പീഡനം ആരോപിച്ച് ടെക്കി ആത്മഹത്യ ചെയ്തു
ആഗ്ര: വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. ടിസിഎസില്‍( ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ജോലി ചെയ്യുന്ന ആഗ്ര സ്വദേശിയായ യുവ ടെക്കി മാനവ് ശര്‍മ്മ( 25) ഈയാഴ്ച ആദ്യം( ഫെബ്രുവരി 24) ജീവനൊടുക്കിയത് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. എന്താണ് പ്രശ്‌നം എന്നറിയാതെ അവര്‍ ആകെ ആശയക്കുഴപ്പത്തിലായി. മാനവിന്റെ മരണത്തിന് രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സഹോദരിക്ക് ഒരു വീഡിയോ കിട്ടി.
കഴുത്തില്‍ കയര്‍ കുരുക്കി കൊണ്ട് ഏഴുമിനിറ്റ് നീളുന്ന വീഡിയോയില്‍ വിവരിക്കുന്നത് മുഴുവന്‍ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളാണ്. തന്റെ ആത്മഹത്യക്ക് ഭാര്യയെ ആണ് മാനവ് ശര്‍മ്മ പഴിക്കുന്നത്. ' അധികൃതര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ. നിയമങ്ങള്‍ പുരുഷന്മാരെ സംരക്ഷിക്കണം. അതല്ലെങ്കില്‍, പഴി ചുമത്താനായി ഒരു പുരുഷനും അവശേഷിക്കാത്ത കാലം വരും. എന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ഇഷ്ടത്തിലായിരുന്നു. എനിക്ക് എന്തുചെയ്യാന്‍ കഴിയും. അതിന് ആര്‍ക്കും പ്രശ്‌നമില്ല', മാനവ് വീഡിയോയില്‍ പറഞ്ഞു. മാനവ് പോസ്റ്റുചെയ്ത വീഡിയോയില്‍ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. ഒപ്പം പുരുഷന്മാരുടെ പോരാട്ടങ്ങളെക്കുറിച്ച് അവബോധമുണ്ടാവണമെന്നും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കുറച്ചുനേരം നിശ്ശബ്ദനായിരുന്ന ശേഷം മാനവ് തുടര്‍ന്നു:' മരിക്കുന്നത് എനിക്കൊരു പ്രശ്‌നമല്ല. എനിക്ക് പോകണം. പക്ഷേ ദയവായി പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ. എല്ലാവരും ക്ഷമിക്കൂ. ദയവായി ആരെങ്കിലും പുരുഷന്മാരെ കുറിച്ച് സംസാരിക്കു. അവര്‍ വല്ലാതെ ഏകാന്തത അനുഭവിക്കുന്നു. ഞാന്‍ മരിക്കുന്നതോടെ എല്ലാം മെച്ചമാകും. തിനുമുമ്പു ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്'.
അതേസമയം, മാനവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഭാര്യ നികിത ബദല്‍ വീഡിയോ പുറത്തിറക്കി. ആരോപണങ്ങള്‍ നിഷേധിച്ച അവര്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ആരോപിച്ചു.
ഡിഫന്‍സ് കോളനിയിലെ താമസക്കാരനായ മാനവ് കുറച്ചുനാളുകളായി മുംബൈയിലാണ് ജോലി നാക്കുന്നത്. ഭാര്യ നികിതയും ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു വിവാഹം. കുറച്ചുനാള്‍ പ്രശ്‌നമില്ലാതെ പോയെങ്കിലും തുടര്‍ന്ന് പ്രശ്‌നങ്ങള്‍ തുടങ്ങി.
തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഭാര്യ പ്രശ്‌നമുണ്ടാക്കിയിരുന്നതെന്നാണ് മാനവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ഇക്കഴിഞ്ഞ 23ന് മാനവും ഭാര്യയും മുംബൈയില്‍ നിന്ന് മടങ്ങിയെത്തി. നികിത ആവശ്യപ്പെട്ടതുപ്രകാരം അവളെ വീട്ടില്‍കൊണ്ടുവിട്ടു. ഈ സമയം നികിതയുടെ ബന്ധുക്കള്‍ മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേന്നാണ് മാനവ് ജീവനൊടുക്കിയത്.
കഴിഞ്ഞദിവസം വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നികിത നിഷേധിച്ചു. മാനവ് മദ്യത്തിന് അടിമയായിരുന്നുവെന്നും നേരത്തേയും പലതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നികിത പറഞ്ഞു.അപ്പോഴൊക്കെ താനാണ് രക്ഷിച്ചതെന്നും പലപ്പോഴും തന്നെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവിന്റെ അമ്മയെ അറിയിച്ചപ്പോള്‍ ഇതെല്ലാം ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും തനിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു മറുപടിയെന്നും നികിത പറയുന്നു. ഭര്‍ത്താവിന്റെ സഹോദരിയെയും പ്രശ്‌നങ്ങള്‍ അറിയിച്ചെന്നും അവര്‍ വ്യക്തമാക്കി.
നികിതയ്ക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ' ഫെബ്രുവരി 24 നാണ് സംഭവം നടക്കുന്നത്. മാനവ് ശര്‍മ്മയുടെ മൃതദേഹം സൈനിക ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ ദിവസം പരാതിയൊന്നും കിട്ടിയില്ല. അയാളുടെ ഫോണില്‍ വീഡിയോ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് വന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഭാര്യ പറയുന്നു. ഞങ്ങള്‍ കേസ് അന്വേഷിച്ചുവരികയാണ്', മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമാനമായ കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ ബെംഗളൂരുവില്‍ ടെക്കിയായ അതുല്‍ സുഭാഷിന്റെ ആത്മഹത്യയും ഭാര്യയുടെ പീഡനം ആരോപിച്ചായിരുന്നു. 24 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ആരോപിച്ചിരുന്നു.