ഡേറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ പ്രണയത്തിലായി; ഉറക്കമില്ലെന്ന കാമുകിയുടെ വെളിപ്പെടുത്തൽ; ഡോക്ടറായ കാമുകനോട് അനസ്തേഷ്യ നൽകാനും ആവശ്യം; 6 മണിക്കൂറിൽ കാമുകൻ അനസ്തേഷ്യ നൽകിയത് 20 തവണ; പ്രൊപ്പോഫോൾ അളവ് കൂടി യുവതി മരിച്ചു; കാമുകന് തടവ് ശിക്ഷ
ലെഷാൻ: ഉറക്കമില്ലാത്തതിനാൽ തുടർച്ചയായി നിരവധി തവണ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കാമുകനായ ഡോക്ടർക്കെതിരെ കേസ്. ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം അനസ്തേഷ്യയാണ് യുവതിക്ക് നൽകിയത്.ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണത്രേ തുടർച്ചയായി അനസ്തേഷ്യ നൽകിയത്. എന്നാൽ, യുവതിയുടെ മരണത്തോടെ കുടുങ്ങിയിക്കുകയാണ് ഡോക്ടർ. ഇയാൾക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇയാളുടെ കാമുകിയായ ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. എന്നാൽ ക്യൂവിൻ്റെ മെഡിക്കൽ യോഗ്യതയും പ്രായോഗിക പരിചയവും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഒരു ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോം വഴി 2022 ലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. തുടർന്ന് യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച് ഡോക്ടർ കൂടിയായ കാമുകനോട് തുറന്ന് പറയുകയായിരുന്നു. ഉറക്കക്കുറവ് പരിഹരിക്കുന്നതിനായി തനിക്ക് അനസ്തേഷ്യ നൽകണമെന്നും യുവതി കാമുകനോട് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ചെറിയ സമയത്തിനുള്ളിൽ നിരവധി തവണ തുടർച്ചയായി മരുന്ന് നൽകിയതാണ് മരണത്തിന് കാരണമായത്.
കഴിഞ്ഞ മാർച്ച് ഏഴിനാണ് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 6 -ന്, രാത്രി 11 മണി മുതൽ പിറ്റേന്ന് രാവിലെ 5 മണി വരെ ആറ് മണിക്കൂറിൽ ക്യു ഏകദേശം 1,300 മില്ലിഗ്രാം പ്രൊപ്പോഫോൾ അനസ്തേഷ്യ മരുന്ന് 20 ലധികം തവണകളായി ചെന്നിന്റെ ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിൻ്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി.
ശരീരത്തിൽ കുത്തിവെച്ചത് കൂടാതെ മാർച്ച് ഏഴിന് രാവിലെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ക്യു കാമുകിക്ക് സ്വന്തമായി ഉപയോഗിക്കാനായി 100 മില്ലിഗ്രാം പ്രൊപ്പോഫോൾ കൂടി നൽകി. പിന്നീട് മുറിയിൽ തിരിച്ചെത്തിയ ക്യൂ മരിച്ച നിലയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത് .
ക്യു ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയും സംഭവിച്ച കാര്യങ്ങൾ പോലീസിനോട് ഏറ്റുപറയുകയും ചെയ്തു. കൂടാതെ ഇയാൾ ചെന്നിൻ്റെ ബന്ധുക്കൾക്ക് 400,000 യുവാൻ (US$55,000) നഷ്ടപരിഹാരം നൽകുകയും ചെയ്തതായാണ് റിപ്പോർട്ട്. നവംബർ 1-ന്, സിചുവാൻ പ്രവിശ്യയിലെ കോടതി ക്യൂവിനെ അശ്രദ്ധമായ നരഹത്യയ്ക്ക് രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ചു.