'ലീവെടുക്ക്, നമുക്ക് ഒരിടത്തുവരെ പോകാം; സഹായിക്കാം, പണം തരാം, പക്ഷേ പറയുന്നതു പോലെ നില്‍ക്കണം': വഴങ്ങാതെ വന്നപ്പോള്‍ ഓഫീസിന്റെ നിലകള്‍ കയറ്റിയിറക്കി ബുദ്ധിമുട്ടിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന് എതിരെ താല്‍ക്കാലിക ജീവനക്കാരി; പരാതിയില്‍ കേസ്

കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന് എതിരെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി

Update: 2024-10-30 16:11 GMT

കൊല്ലം: താല്‍ക്കാലികെ ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ പൊലീസ് കേസെടുത്തു. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനാണ് ജീവനക്കാരി ചെയര്‍മാനെ സമീപിച്ചത്.

സി.പി.എം കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് രാജു. 2023 ആഗസ്റ്റ് മുതല്‍ പലതവണ ചെയര്‍മാന്റെ ചേംബറില്‍ വിളിച്ചുവരുത്തി അശ്ലീല സംഭാഷണം നടത്തിയെന്നാണ് പരാതി. ആറ് ദിവസം മുന്‍പ് ജീവനക്കാരി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജീവനക്കാരിയുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ നോട്ടീസ് കൊടുക്കാന്‍ ചേംബറില്‍ ചെന്നപ്പോള്‍ താന്‍ സഹായിക്കാം, പണം തരാം, പക്ഷേ പറയുന്നതു പോലെ നില്‍ക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ലീവെടുക്ക്, നമുക്ക് ഒരിടത്തുവരെ പോകാമെന്നും പറഞ്ഞു. വഴങ്ങാതായതോടെ, മുനിസിപ്പാലിറ്റി ഓഫീസിന്റെ നിലകള്‍ നിരന്തരം കയറിയിറങ്ങേണ്ട തരത്തില്‍ വൈരാഗ്യബുദ്ധിയോടെ അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ചുവെന്നാണ് പരാതി. പരാതി വാസ്തവ വിരുദ്ധമെന്നും പരാതിക്ക് പിന്നില്‍ വേറെ ആളുകളുണ്ടെന്നും അവസരം വരുമ്പോള്‍ തുറന്നുപറയും കോട്ടയില്‍ രാജു പ്രതികരിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 74, 78, 79 വകുപ്പുകളും പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

സി.പി.എം അനുഭാവിയായ ജീവനക്കാരി രണ്ടാഴ്ച മുമ്പാണ് പാര്‍ട്ടി കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പില്ലെന്നു പറഞ്ഞ് തള്ളിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, താന്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് കാട്ടി നഗരസഭയിലെ ഒരു ഉദ്യോഗസ്ഥ നേരത്തെ നല്‍കിയ പരാതിയില്‍ താത്കാലിക ജീവനക്കാരിക്കെതിരെയും ഇന്നലെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

Tags:    

Similar News