എങ്ങനിരിക്കണ്? ഗണേഷ് കുമാര്‍ സാര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലെ...; പൊന്‍കുന്നം കൊടുങ്ങൂര്‍ റോഡില്‍ പതിനെട്ടാം മൈല്‍ പെട്രോള്‍ പമ്പിന് മുന്‍വശം അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയുന്ന കെഎസ്ആര്‍ടിസി ബസ്; സ്വകാര്യ ബസില്‍ നിന്നും വഴിയോരത്ത് ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ പങ്കുവച്ച് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

വീഡിയോ പങ്കുവച്ച് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

Update: 2024-12-29 08:04 GMT

കോട്ടയം: അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവും കാരണം കേരളത്തിലെ നിരത്തുകളില്‍ വഴിയാത്രക്കാരുടേതടക്കം ജീവന്‍ പൊലിയുന്നത് തുടരുമ്പോഴും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവില്‍ പൊന്‍കുന്നം കൊടുങ്ങൂര്‍ റോഡില്‍ പതിനെട്ടാം മൈല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് സ്വകാര്യ ബസിനെ ഇടതുവശത്തുകൂടി അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയുന്ന കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ്സ് യാത്രക്കാരിയെ പതിനെട്ടാം മൈല്‍ ബസ് സ്‌റ്റോപ്പില്‍ ഇറക്കാനായി നിര്‍ത്തിയപ്പോഴാണ് ഇടതുവശത്തുകൂടി കെ.എസ്.ആര്‍.ടി.സി. ബസ്സ് അതിവേഗം മറികടന്നു പോയത്. സ്വകാര്യ ബസില്‍ നിന്നും വഴിയോരത്തേക്ക് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോട്ടയം പൊന്‍കുന്നത്തിനടുത്ത് പതിനെട്ടാം മൈലില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30-നാണ് സംഭവം.

മാര്‍ത്തോമ്മ പള്ളിയുടെ സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്തായി സ്വകാര്യ ബസ് നിര്‍ത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ഇടതുവശത്തുകൂടി മറികടന്നത്. പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്്.

മത്സരയോട്ടത്തിനിടെ സ്റ്റോപ്പില്‍ നിര്‍ത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടതുവശത്തുകൂടെ മറികടന്നു പോകുകയായിരുന്നു. അപകടകരമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി കടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബസ്സില്‍ നിന്ന് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.


 



ദേശീയപാതയില്‍ ബസുകളുടെ സ്ഥിരമായ മത്സരയോട്ടം ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ അമിതവേഗവും അപകടം വിളിച്ചുവരുത്തുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ ഈ ദൃശ്യങ്ങള്‍ കാണുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. മന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നത് വരെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് കമന്റുകളില്‍ പറയുന്നു. അതേ സമയം മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഈ കെഎസ്ആര്‍ടിസി ബസ് ഏതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.


 



അപകടകരമായ ഓവര്‍ടേക്കിംഗിന് എതിരെ നിരന്തരം മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത് വരുമ്പോഴും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരടക്കം നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News