ഭവന വായ്പ എടുത്ത കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചുകിട്ടിയത് പ്രളയത്തില്‍ ദ്രവിച്ച അസല്‍ ആധാരം; ആറുവര്‍ഷമായിട്ടും വിഷയം മറച്ചുവച്ചു; എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനാസ്ഥയ്ക്ക് എതിരെ യുവാവ് നിയമനടപടിക്ക്

എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനാസ്ഥയ്ക്ക് എതിരെ യുവാവ് നിയമനടപടിക്ക്

Update: 2024-09-19 12:36 GMT

കണ്ണൂര്‍: എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 2016 ഒക്ടോബറില്‍ ഭവന വായ്പ എടുത്ത കണ്ണൂര്‍ സ്വദേശിയായ യുവാവിന് 2024 ജൂലൈയില്‍ വായ്പ പൂര്‍ണമായും തിരിച്ചടച്ചപ്പോള്‍ ലഭിച്ചത് 2018ലെ പ്രളയത്തില്‍ പൂര്‍ണമായും ഉപയോഗശൂന്യമായ ഒറിജിനല്‍ ആധാരം.

വിഷയത്തില്‍, എറണാകുളത്തെ ഹെഡ് ഓഫീസിലേക്ക് വിളിച്ചപ്പോള്‍ കിട്ടിയത് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയായിരുന്നു. ആധാരം ഉപയോഗശൂന്യമായ വിവരം ആറ് വര്‍ഷമായിട്ടും അറിയിക്കാത്തതിന് എല്‍.ഐ.സി എച്ച്.എഫ്.എല്‍ കണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ക്കും എറണാകുളത്തെ ഹെഡ് ഓഫീസിനും വിശ്വസനീയമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് കണ്ണൂര്‍ സ്വദേശിയുടെ പരാതി.

ഇതുപോലെ എല്‍.ഐ.സി എച്ച്.എഫ്.എല്ലില്‍ നിന്നും ഹൗസിംഗ് ലോണ്‍ എടുത്ത നൂറുകണക്കിന് ഇടപാടുകാരുട ഒറിജിനല്‍ ആധാരം പ്രളയത്തില്‍ ദ്രവിച്ച നിലയിലാവും എന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ലോണ്‍ ക്ലോസ് ചെയ്യുന്ന സമയത്തായിരിക്കും യഥാര്‍ഥ സ്ഥിതി വ്യക്തമാവുക. ലോണെടുത്തവര്‍ അടിയന്തരമായി എല്‍.ഐ.സി എച്ച്.എഫ്.എല്ലില്‍ ബന്ധപ്പെട്ട് തങ്ങളുടെ രേഖകളുടെ അവസ്ഥ പരിശോധിക്കണമെന്നാണ് യുവാവിന്റെ അഭ്യര്‍ഥന.

എല്‍.ഐ.സി എച്ച് എഫ്. എല്ലിന്റെ കെടുകാര്യസ്ഥത കാരണം ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായ രീതിയില്‍ തിരിച്ചു കിട്ടിയതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.

Tags:    

Similar News