ദക്ഷിണ സുഡാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു; മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും: യാത്രക്കാരില്‍ ഒരാള്‍ക്ക് അത്ഭുത രക്ഷപ്പെടല്‍

ദക്ഷിണ സുഡാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു; മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും

Update: 2025-01-30 00:13 GMT

നയ്‌റോബി: ദക്ഷിണ സുഡാനിലെ യൂണിറ്റി സ്റ്റേറ്റില്‍ 21 പേര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നാണ് വിവരം. യാത്രക്കാരില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാന്റെ തലസ്ഥാനമായ ജുബയിലെ ഒരു എണ്ണപ്പാടത്തുനിന്ന് പറന്നുയുര്‍ന്നയുടന്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യുഎന്‍ റേഡിയോ മിറായ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നുവീണത്.

ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. 16 സുഡാന്‍ സ്വദേശികള്‍, രണ്ട് ചൈനക്കാര്‍ ഒരു ഇന്ത്യക്കാരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചൈനീസ് ഓയില്‍ കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനം തകര്‍ന്നത്. തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനിയറാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്‍ജിന്‍ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടര്‍ച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവില്‍ പോവുകയായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ജിപിഒസി ചാര്‍ട്ടര്‍ ചെയ്ത് 5എക്‌സ് ആര്‍ എച്ച് ബി വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാര്‍ അടക്കം 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏതാനും വര്‍ഷങ്ങളായി തെക്കന്‍ സുഡാനില്‍ നിരവധി വിമാന അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

2024 ഓഗസ്റ്റില്‍ കാര്‍ഗോ വിമാനം ലാന്‍ഡിംഗിനിടെ തീപിടിച്ച് ക്രൂ അംഗങ്ങള്‍ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. 2024 മാര്‍ച്ചില്‍ സൈന്യത്തിന്റെ കാര്‍ഗോ വിമാനം ഇവിടെ തകര്‍ന്നിരുന്നു. 2024 ഫെബ്രുവരിയില്‍ സ്വകാര്യ കമ്പനിയിലെ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്ത് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.

Tags:    

Similar News