ഇടക്കാല സര്‍ക്കാര്‍ രാജിവെക്കണം; സര്‍ക്കാര്‍ ന്യൂനപക്ഷ ഹിന്ദു സമുദായത്തെ അടിച്ചമര്‍ത്തുന്നു; ബംഗ്ലാദേശില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അവാമി ലീഗ്

ഇടക്കാല സര്‍ക്കാര്‍ രാജിവെക്കണം;

Update: 2025-01-29 12:10 GMT

ധാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങി അവാമി ലീഗ്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ന്യൂനപക്ഷ ഹിന്ദു സമുദായത്തെ അടിച്ചമര്‍ത്തുകയാണ് എന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീഴുകയായിരുന്നു.

ഇടക്കാല സര്‍ക്കാരിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്താനും സമരവും ഉപരോധ പരിപാടികളും നടപ്പാക്കാനും ഫെബ്രുവരി 1 മുതല്‍ പാര്‍ടി തെരുവിലിറങ്ങുമെന്ന് അവാമി ലീഗ് ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 6നും 10 നും രാജ്യവ്യാപകമായി പ്രതിഷേധ മാര്‍ച്ചുകളും റാലികളും പാര്‍ടി സംഘടിപ്പിക്കും.

ഫെബ്രുവരി 16 ന് രാജ്യവ്യാപകമായി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 18 ന് രാവിലെ മുതല്‍ വൈകുനേരം വരെ പണിമുടക്ക് നടത്തുമെന്നും കുറിപ്പില്‍ പറഞ്ഞു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് പാര്‍ടി നേതാക്കള്‍ക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണല്‍ ചുമത്തിയ കൊലപാതക കേസുകളും മറ്റ് കുറ്റങ്ങളും പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാര്‍ഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശില്‍ പൊട്ടിപുറപ്പെടുകയും പിന്നീട് പ്രക്ഷോഭത്തില്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്മുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതല്‍ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ല്‍ ഹസീന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇത് വന്‍ വിദ്യാര്‍ഥി രോഷത്തിനിടയാക്കി. എന്നാല്‍ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. എന്നാല്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതില്‍ കനത്ത തിരിച്ചടിയാണ് ഹസീന നേരിട്ടത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജ്യം വിടേണ്ടി വന്നു. തുടര്‍ന്ന് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.

Tags:    

Similar News