ബസ് തടഞ്ഞുനിര്‍ത്തി ഐഡി പരിശോധിച്ചു; പാകിസ്ഥാനില്‍ ഒമ്പത് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു; പിന്നില്‍ ബലൂച്ച് ലിബറേഷന്‍ ആര്‍മ്മിയെന്ന് റിപ്പോര്‍ട്ട്
പിന്നില്‍ ബലൂച്ച് ലിബറേഷന്‍ ആര്‍മ്മിയെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഒമ്പത് ബസ് യാത്രക്കാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ രണ്ട് ബസുകള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടത് പാക് ഇന്റലിജന്റ്‌സ് ഏജെന്റുമാരെന്ന് റിപ്പോര്‍ട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പഞ്ചാബിന്റെ മധ്യമേഖലയിലേക്ക് പോകുകയായിരുന്ന ബസാണ് ആക്രമണത്തിന് ഇരയായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്വറ്റയില്‍ നിന്ന് പഞ്ചാബിലേക്ക് പോകുകയായിരുന്ന രണ്ട് ബസുകള്‍ ലോറാലൈ-ഷോബ് ഹൈവേയില്‍ സുര്‍-ഡകായ്ക്ക് സമീപം ആയുധധാരികള്‍ തടഞ്ഞു. തോക്കുധാരികള്‍ വാഹനങ്ങളില്‍ കയറി യാത്രക്കാരുടെ സിഎന്‍ഐസി പരിശോധിച്ചു.
പഞ്ചാബ് നിവാസികളെന്ന് തിരിച്ചറിഞ്ഞവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ പിന്നീട് റോഡരികില്‍ നിന്ന് കണ്ടെടുത്തതായി ജില്ലാ ഭരണാധികാരി സാദത്ത് ഹുസൈന്‍ സ്ഥിരീകരിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.