ബഹറിനിലേക്കും കുവൈറ്റിലേക്കുമുള്ള എയര്‍ സര്‍വീസുകള്‍ ലാഭകരമല്ല; ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വെയ്‌സ്

Update: 2024-11-09 02:30 GMT

ലണ്ടന്‍: ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ പെടുന്ന ബഹറിനിലേക്കും കുവൈറ്റിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് പ്രശ്നത്തില്‍ ആയിരിക്കുകയാണ്. ഒരു നൂറ്റാണ്ടിലേറെയായി ഉറ്റബന്ധം സൂക്ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനം റദ്ദ് ചെയ്തത് മണ്ടത്തരമാണെന്ന അഭിപ്രായം ഉയര്‍ന്നു വരികയാണ്. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ തീരുമാനം, ബ്രിട്ടന്റെ നയതന്ത്ര ലക്ഷ്യങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുമെന്നും, മേഖലയിലെ ബ്രിട്ടീഷ് വാണിജ്യ താത്പര്യങ്ങള്‍ ഹനിക്കുമെന്നും, ഡേവിഡ് കാമറൂണിന് കീഴില്‍ പ്രതിരോധ സെക്രട്ടറി ആയിരുന്ന ഡോക്ടര്‍ ലിയാം ഫോക്സ് പറയുന്നു.

ഭൗമ രാഷ്ട്രീയത്തില്‍ ഗള്‍ഫ് മേഖലക്ക് അതീവ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുകയും ആ മേഖലയുമായി പുതിയ വ്യാപാര നീക്കങ്ങള്‍ ബ്രിട്ടന്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരത്തിലൊരു നീക്കം തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും മോശം സമയത്ത് എടുത്ത ഏറ്റവും മോശം തീരുമനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തി പ്രാപിക്കുന്ന നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ ടോറി നേതാവ് സര്‍ ഇയാന്‍ ഡന്‍കന്‍ സ്മിത്തും ആവശ്യപ്പെട്ടു. ബ്രിട്ടീഷ് എയര്‍വെയ്‌സ് ഒരു സ്വകാര്യ കമ്പനിയാണെന്നും, അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും സമ്മതിച്ച അദ്ദേഹം പക്ഷെ സര്‍ക്കാരിന് മികച്ചൊരു പരിഹാരം കണ്ടെത്താന്‍ കഴിയണമെന്നും പറഞ്ഞു.

ഈ രണ്ടു രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ലഭകരമല്ല എന്ന കാരണത്താലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് അത് റദ്ദാക്കുന്നത്. ഇതോടെ ഈ റൂട്ടിലെ വിമാനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടത്തിന് സാധ്യതയേറിയിരിക്കുകയാണ്.

Tags:    

Similar News