ആരുടെയും കണ്ണ് നിറഞ്ഞ് പോകും ഈ കുരുന്നുകളെ കണ്ടാൽ; കൂട്ടുകാരന് പിക്നിക്കിന് പോകാൻ പണവുമായി കുട്ടികൾ; കണ്ണ് നിറഞ്ഞ കൂട്ടുകാരനെ ചേർത്ത് പിടിച്ച് സഹപാഠികൾ; വൈറലായി വീഡിയോ
കുഞ്ഞുങ്ങളുടെ സ്നേഹവും കരുതലും നമ്മളെ അത്ഭുതപ്പെടുത്തിയ നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കാണുന്നവരിൽ പ്രചോദനം സൃഷ്ടിക്കുന്ന കുഞ്ഞുങ്ങളുടെ അനേകം വീഡിയോകൾ മുൻപും സാമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുമുണ്ട്. അത്തരത്തിൽ നേപ്പാളിലെ ഒരു സ്കൂളിൽ നടന്ന സംഭവവും വലിയ ശ്രദ്ധ നേടുകയാണ്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ക്ലാസ് ടീച്ചർ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് പിക്നിക് പോകുന്നതിന് വേണ്ടി ഫണ്ട് കണ്ടെത്തുന്ന മറ്റ് വിദ്യാർത്ഥികളാണ് വീഡിയോയിൽ ഉള്ളത്. Me Sangye എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അധ്യാപികയെയും വീഡിയോയിൽ കാണാം. പരസ്പരം സഹായിക്കുക എന്നതാണ് ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്ന് ഈ കുട്ടികളാണ് തന്നെ ഓർമ്മിപ്പിച്ചത് എന്നാണ് അധ്യാപിക പറയുന്നത്. ഈ കുഞ്ഞുമാലാഖമാർ തങ്ങളുടെ പരിശുദ്ധവും ഈ നിഷ്കളങ്കവുമായ പ്രവൃത്തി എന്നും തുടരട്ടെ എന്നും അധ്യാപിക പറയുന്നു.
ഹൃദയസ്പർശിയായ വീഡിയോയാണ് അധ്യാപിക പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയിൽ കുട്ടികൾ സഹപാഠിക്കായി പണം പിരിക്കുന്നതും അവസാനം അതെല്ലാം എടുത്ത് അധ്യാപികയുടെ അടുത്തേക്ക് വരുന്നതും കാണാം. പിന്നീട്, പിരിച്ച കാശ് കുട്ടികൾ ചേർന്ന് സഹപാഠിക്ക് നൽകുന്നു. അപ്പോഴേക്കും അവൻ കരഞ്ഞു പോകുന്നു. മറ്റ് കുട്ടികൾ അവനെ കെട്ടിപ്പിടിക്കുന്നതും അവന്റെ മിഴികൾ തുടച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ഈ സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞ് പോകും. വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ കുഞ്ഞുങ്ങൾ എത്ര വളർന്നാലും ഇതേ ഹൃദയമുള്ളവർ ആയിരിക്കട്ടെയുന്നും നിരവധിപ്പേർ ആശംസിച്ചു.