ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന വിദേശികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ടാഗുകളുമായി ബ്രിട്ടന്‍; കുടിയേറ്റക്കാരെ ഉന്നം വെച്ച് പുതിയ നിയമം
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന വിദേശികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ടാഗുകളുമായി ബ്രിട്ടന്‍
ലണ്ടന്‍: ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ നടപടികള്‍ പ്രാബല്യത്തില്‍ വരുത്തുകയാണ്/ ഇതനുസരിച്ച്, നാടുകടത്താന്‍ കഴിയാത്ത, വിദേശ കുറ്റവാളികളെ ഇലക്ട്രോണിക് ടാഗിന്റെ നിരീക്ഷണത്തിലാക്കും. മാത്രമല്ല,, ഇവര്‍ക്ക് രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തും. ഇപ്പോള്‍ ജനപ്രതിനിധി സഭയുടെ പരിഗണനയിലുള്ള ബോര്‍ഡര്‍ സെക്യൂരിറ്റി, അസൈലം ആന്‍ഡ് ഇമിഗ്രേഷന്‍ ബില്ലില്‍ സര്‍ക്കാര്‍ തന്നെയാണ് ഈ ഭേദഗതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവരോ, പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതുന്നവരോ ആയ, എന്നാല്‍, മനുഷ്യാവകാശ നിയമങ്ങളുടെ കുരുക്കില്‍ പെട്ട് സ്വന്തം രാജ്യത്തേക്ക് നാടുകടത്താന്‍ കഴിയാത്ത കുടിയേറ്റക്കാരെ ഉന്നം വെച്ചാണ് ഈ പുതിയ നിയമം. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് വരുന്ന സെപ്റ്റംബറില്‍ നാടുകടത്തല്‍ പ്രതീക്ഷിച്ചിരിക്കുന്ന 18,069 വിദേശ ക്രിമിനലുകളാണ് ബ്രിട്ടനിലുള്ളത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം 2,952 വിദേശ ക്രിമിനലുകളെ നാടുകടത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
തടവ് ശിക്ഷ അനുഭവിച്ച ഏതൊരു വിദേശ ക്രിമിനലിനെയും നാടുകടത്താം. 12 മാസമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് അവര്‍ ഉള്ളിടത്തു തന്നെ നാടുകടത്തല്‍ ഉത്തരവ് നല്‍കാനാകും. എന്നാല്‍, ചില ക്രിമിനലുകള്‍, യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി നാടുകടത്തലില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. തിരികെ നാട്ടില്‍ ചെല്ലുന്നത് ജീവന്‍- അപകടമാണെന്ന വാദമാണ് ഇക്കൂട്ടര്‍ പ്രധാനമായും ഉയര്‍ത്താറുള്ളത്. ഇതിനൊരു പ്രതിവിധി കൂടിയാണ് പുതിയ നിര്‍ദ്ദേശം.