ഫ്ലോറിഡയെ വിറപ്പിച്ച് 'ഹെലൻ' ചുഴലിക്കാറ്റ് കര തൊട്ടു; മണിക്കൂറിൽ 209 കിലോ മീറ്റർ വേഗം; സ്കൂളുകൾക്ക് അവധി നൽകി; വീടുകളിൽ വൈദ്യുതിബന്ധം നഷ്ടമായി; അതീവ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
ഫ്ലോറിഡ: അമേരിക്കയെ വിറപ്പിച്ച് വീണ്ടും ഒരു ചുഴലിക്കാറ്റ്. ഫ്ലോറിഡയിൽ 'ഹെലൻ' ചുഴലിക്കാറ്റ് കര തൊട്ടു. ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിലെ പ്രാദേശിക സമയം രാത്രി 11 മണിക്കാണ് 209 കിലോ മീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശിയത്. ഇതോടെ യുഎസിലെ നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്‍സി) ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.
ജനങ്ങൾക്ക് മാറിതാമസിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും.ഇത് പാലിക്കണമെന്നും അല്ലെങ്കിൽ ജീവൻ തന്നെ അപകടപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഫ്ലോറിഡയിലെ അധികൃതർ വ്യക്തമാക്കി. ഇതിനിടെ ടാമ്പയിലെ ഹൈവേയിൽ കാറിനു മേൽ സൈൻ ബോർഡ് പതിച്ച് ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബിഗ് ബെൻഡ് തീരത്തുള്ള എല്ലാവരും ഇപ്പോൾ അപകട മേഖലയിൽ ആണെന്നും ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്. വീടുകൾ തകരാനും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കാനും ജലനിരപ്പ് വളരെ വേഗത്തിൽ ഉയരാനും സാധ്യത ഉണ്ടെന്നാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
അതുപ്പോലെ വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യത ഉള്ളതിനാൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. അതുപ്പോലെ എട്ട് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം നഷ്ടമാവുകയും ചെയ്തു. ഫ്ലോറിഡയിലുള്ള 8,32,000 പേരെ ഇതിനോടകം മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ, അലബാമ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കാത്തിരിക്കാൻ ഇനി സമയം ഇല്ലെന്ന് ഫ്ലോറിഡയിലെ മേയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതാ നിർദേശങ്ങൾ പുലർത്തണമെന്ന് മേയർ ജോൺ ഡെയ്‌ലി ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.