16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്‍കി വോട്ടു വര്‍ധിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി; അഞ്ച് ലക്ഷം വോട്ടുകളെങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടല്‍

16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്‍കി വോട്ടു വര്‍ധിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി

Update: 2025-07-18 05:38 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ഇതാദ്യമായി 16 ഉം 17 ഉം വയസ്സുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ലേബര്‍ പാര്‍ട്ടി. ഇതുവഴി കുറഞ്ഞത് അഞ്ച് ലക്ഷം വോട്ടുകളെങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്. ജനാധിപത്യത്തെ നവീകരിക്കാനുള്ള ശ്രമമാണിതെന്നാണ് പദ്ധതി വെളിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. സ്‌കോട്ട്‌ലാന്‍ഡിലെയും വെയ്ല്‍സിലെയും പോലെ, വോട്ടര്‍ അടിത്തറ കൂടുതല്‍ വിപുലമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഇത് ഒരു ഗൂഢോദ്ദേശമാണെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. യുവാക്കള്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടിയോട് അനുഭാവമുള്ളവരാണ് കൂടുതലുള്ളത്. അതുകൊണ്ടു തന്നെ ലേബര്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള അടവാണ് ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ സര്‍വ്വേ ഫലവും ഈ നീഗമനം ശരിവയ്ക്കുന്നു.

സര്‍വ്വേഫലം അനുസരിച്ച്, വോട്ടിംഗ് പ്രായം താഴ്ത്തുക വഴി പുതിയതായി വോട്ടിംഗ് അവകാശം ലഭിക്കുന്നവരില്‍ 33 ശതമാനത്തോളം പേര്‍ സ്റ്റാര്‍മറിന്റെ പാര്‍ട്ടിയേയാണ് പിന്തുണയ്ക്കുന്നത്. 20 ശതമാനം പേര്‍ റിഫോം യു കെയെ പിന്തുണയ്ക്കുമ്പോള്‍ 10 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. ഈ പ്രായപരിധിയില്‍ പെടുന്ന 15 ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. അതായത്, അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ 5 ലക്ഷത്തോളം വോട്ടുകള്‍ ഇതുവഴി ലേബര്‍ പാര്‍ട്ടിക്ക് ഉറപ്പാക്കാന്‍ കഴിയും എന്ന് അര്‍ത്ഥം.

Tags:    

Similar News